മിഷോംങ്ങിൽ വിറച്ച മദിരാശിപ്പട്ടണം; ചെന്നൈയുടെ വ്യാവസായിക ഭാവി തുലാസിൽ

ചെന്നൈ നഗരത്തെ വിറപ്പിച്ച് വീശിയടിച്ച മിഷോംങ് ചുഴലിക്കാറ്റ് ബാക്കിവച്ചത് സമാനതകളില്ലാത്ത ദുരിതങ്ങള്‍. ശക്തമായ കാറ്റിനും കനത്ത മഴയ്ക്കുമൊപ്പം എത്തിയ ചുഴലിക്കാറ്റ് വ്യാപകമായ നാശനഷ്ടമാണുണ്ടാക്കിയത്. ജനജീവിതം തികച്ചും ദുസ്സഹമാക്കി. അടിസ്ഥാന സൗകര്യങ്ങളെല്ലാം തന്നെ കനത്ത നാശത്തിനിരയായി. വീടുകള്‍ തകര്‍ന്നു, വൈദ്യുതി മുടങ്ങി, ജലവിതരണം തടസ്സപ്പെട്ടു, റോഡുകള്‍ നശിച്ചു. ചെന്നൈയില്‍ ജനങ്ങളുടെ നിത്യ ജീവിതം കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്. ജനങ്ങളുടെ സുരക്ഷയും ക്ഷേമവും തന്നെയായിരുന്നു അധികാരികളുടെ പ്രധാന ആശങ്ക.

അതിനാല്‍ അപകടസാധ്യത കുറയ്ക്കാന്‍ നിരവധി താമസക്കാരെ ഇവിടങ്ങളില്‍ നിന്ന് ഒഴിപ്പിച്ചുിരുന്നു. ഇതിന്റെ ഭാഗമായി താല്‍കകാലിക ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചു. എന്നാല്‍ ഉറ്റവരും വീടുകളും ഉള്‍പ്പെടെ നഷ്ടപ്പെട്ടത്തിന്റെ ആഘാതത്തിലാണ് ജനങ്ങള്‍. നിരവിധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഓട്ടനേകം ആളുകള്‍ക്ക് ഇന്ന് താമസിക്കാന്‍ ഇടമില്ല. ശാരീരികമായി മാത്രമല്ല, വൈകാരികമായും മിഷോംങ് ചുഴലിക്കാറ്റ് ജനങ്ങളെ ബാധിച്ചു. നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ഓട്ടേറെ ട്രെയിനുകള്‍ നിര്‍ത്തലാക്കുകയും ചെയ്തു.

വ്യവസായങ്ങള്‍ക്കും കനത്ത ആഘാതം

ദക്ഷിണേന്ത്യയുടെ വ്യവസായ നഗരങ്ങളിലൊന്നാണ് തമിഴ്നാടിന്റെ തലസ്ഥാന നഗരിയായ ചെന്നൈ. നഗരത്തിലെ പ്രശസ്തമായ വ്യവസായ എസ്റ്റേറ്റായ സിഡ്കോയിലും ചുഴലിക്കാറ്റ് വ്യാപക നാശനഷ്ടമുണ്ടാക്കി. കനത്ത മഴയിലും ചുഴലിക്കാറ്റിലും സിഡ്കോയില്‍ മുട്ടോളം വെള്ളം കയറുകയും വിലകൂടിയ യന്ത്രങ്ങളും ഉപകരണങ്ങളും നശിക്കുകയും ചെയ്തു. ഇതോടെ സിഡ്കോ എസ്റ്റേറ്റിലെ ഫാക്ടറികളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. വെള്ളമിറങ്ങിയാല്‍ മാത്രമേ അവ പ്രവര്‍ത്തിക്കുകയുള്ളൂ. അമ്പത്തൂര്‍ വ്യവസായ എസ്റ്റേറ്റ് പ്രസിഡന്റിന് കേന്ദ്ര സര്‍ക്കാര്‍ പിന്തുണ ഉറപ്പാക്കി. ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളിലൊന്ന് നിര്‍മ്മാണ വ്യവസായമാണ്. പല ഫാക്ടറികളുടെയും പ്രവര്‍ത്തനം നിലച്ചു. പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്.

ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്സ് വ്യവസായങ്ങള്‍, ഗതാഗത, ലോജിസ്റ്റിക് മേഖല എന്നിവിടങ്ങളിലും മിഷോംങ് ചുഴലിക്കാറ്റിന്റെ ആഘാതമുണ്ടായി. റോഡുകളും തുറമുഖങ്ങളും ഉള്‍പ്പെടെയുള്ള പ്രധാന ഗതാഗത മാര്‍ഗങ്ങള്‍ തടസ്സപ്പെട്ടു. കൂടാതെ അസംസ്‌കൃത വസ്തുക്കളുടെയും ഫിനിഷ്ഡ് ഉല്‍പ്പന്നങ്ങളുടെയും വിതരണത്തില്‍ കാലതാമസം നേരിട്ടു. ഇത് ബിസിനസുകളെ കൂടുതല്‍ ബാധിക്കും.

പല ബിസിനസ്,​ വ്യവസായ സ്ഥാപനങ്ങളും ചെന്നൈയിലെ ഭാവിയിൽ ആശങ്കാകുലരാണ്. തുടർച്ചയായുള്ള പ്രകൃതിക്ഷോഭങ്ങളിൽ നഗരം അപ്പാടെ സ്തംഭിക്കുന്നതാണ് മുഖ്യതിരിച്ചടി. പുതിയ വ്യവസായ സ്ഥാപനങ്ങളെ ആകർഷിക്കുക എന്നത് മാത്രമല്ല,​ നിലവിലെ വ്യവസായങ്ങൾ കൂടൊഴിയാതെ നോക്കുകയെന്ന വെല്ലുവിളി കൂടിയാണ് ഇപ്പോൾ ചെന്നൈയുടെയും തമിഴ്നാട് സർക്കാരിന്റെയും മുന്നിലുള്ളത്.

കൃഷിയിലും കനത്ത ആഘാതം

തമിഴ്നാടിന്റെ തെക്കന്‍ പ്രദേശങ്ങളായ തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവടങ്ങിളെല്ലാം രണ്ട് ദിവസത്തിനുള്ളില്‍ 97 സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്. തൂത്തുക്കുടിയിലെ പ്രശസ്തമായ ഉപ്പുപാടങ്ങളും ചുഴലിക്കാറ്റിനെ തുടര്‍ന്ന് നശിച്ചു. കൃഷിനാശവും കന്നുകാലി സമ്പത്തും നശിച്ചതോടെ കര്‍ഷകരും ചുഴലിക്കാറ്റിന്റെ ഇരകളായി മാറി. കോഴിവളര്‍ത്തലും വെള്ളപ്പൊക്കത്തില്‍ പ്രതിസന്ധിയിലായി.

ജീവിതം തിരിച്ചുപിടിക്കാന്‍ ജനങ്ങളും സംസ്ഥാന സര്‍ക്കാരും അക്ഷീണം പ്രവര്‍ത്തിക്കുകയാണ്. റേഷന്‍ കാര്‍ഡ് ഉണ്ടെങ്കില്‍ 6000 രൂപ നഷ്ടപരിഹാരം ലഭിക്കും.നിലവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനും ഈ നാശനഷ്ടങ്ങളില്‍ നിന്ന് കരകയറുന്നതിനുള്ള ദൗത്യവുമായി വിവിധ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. മാത്രമല്ല കേരള സര്‍ക്കാരില്‍ നിന്ന് തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. ചരക്കുകളെത്തിച്ചും സാമ്പത്തിക സഹായത്തിലൂടെയും കേന്ദ്രവും തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കി.

(Story written by Ananya Ganesh)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it