ധനം ബി.എസ്.എഫ്.ഐ സമ്മിറ്റിന് സമാപനം; പുരസ്കാര പ്രഭയോടെ

ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളില്‍ നിക്ഷേപകന്‍ എന്ത് നിലപാടെടുക്കണമെന്ന് ചര്‍ച്ച ചെയ്തും ബാങ്കിംഗ്, ഇന്‍ഷുറന്‍സ് മേഖലകളിലെ സാധ്യതകളെ വിശകലനം ചെയ്തും ധനം ബി.എസ്.എഫ്.ഐ സമ്മിറ്റിന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ അവാര്‍ഡ് നൈറ്റിന്റെ പ്രഭയില്‍ സമാപനം. പ്രമുഖ പ്രഭാഷകരുടെ ഉള്‍ക്കാഴ്ച നിറഞ്ഞ പ്രഭാഷണങ്ങളും പരിചയ സമ്പന്നരായ വ്യവസായികളുടെ വിജയ തന്ത്രങ്ങളും യുവ സംരംഭകര്‍ക്ക് വിജയ വഴിയിലേക്കുള്ള മാര്‍ഗദര്‍ശനമായി. അവാര്‍ഡ് നൈറ്റില്‍ ഫെഡറല്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ.വി.എസ് മണിയന്‍ മുഖ്യപ്രഭാഷണം നടത്തി. ടെക് ലോകത്തെ അല്‍ഭുത ബാലനായ ഡോ.സ്വയം സോധ വിശിഷ്ടാതിഥിയായി. ധനം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മരിയ എബ്രഹാം സ്വാഗതം പറഞ്ഞു. കൊച്ചി മെട്രോ എം.ഡി ലോക്‌നാഥ് ബഹ്‌റ, ധനം ചീഫ് എഡിറ്റര്‍ കുര്യന്‍ എബ്രഹാം, ധനം ബിസിനസ് മീഡിയ വൈസ് ചെയര്‍മാന്‍ വിജയ് എബ്രഹാം, വര്‍മ്മ ആന്റ് വര്‍മ്മ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവർ സംസാരിച്ചു. ധനം ബിസിനസ് മീഡിയ ഈവന്റ്‌സ് ഡയരക്ടര്‍ അനൂപ് എബ്രഹാം നന്ദി പറഞ്ഞു. ജൂറി അംഗം എബ്രഹാം തര്യന്‍ അവാര്‍ഡ് നിര്‍ണയത്തെ കുറിച്ച് വിശദീകരിച്ചു.

മികവിന് അംഗീകാരം

ധനം ബിസിനസ് മീഡിയയുടെ വിവിധ അവാര്‍ഡുകള്‍ ചടങ്ങില്‍ സമ്മാനിച്ചു. ജനറല്‍ ഇന്‍ഷുറന്‍സ് വിഭാഗത്തിലുള്ള പുരസ്കാരം ബജാജ് അലയന്‍സിന് വേണ്ടി കെ.വി ദീപുവും സഹപ്രവര്‍ത്തകരും ഏറ്റുവാങ്ങി. ലൈഫ് ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ ശ്രീറാം ലൈഫ് ഇന്‍ഷുറന്‍സിന് വേണ്ടി സീനീയര്‍ വൈസ് പ്രസിഡന്റ് ഹരീഷ് എസ്.എസ്. എൽ.ഐ.സിക്ക് വേണ്ടി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ബിന്ദു റോബര്‍ട്ട്, എന്‍.ബി.എഫ്.സി വിഭാഗത്തില്‍ ഇന്റല്‍ മണി ചെയര്‍മാന്‍ മോഹനന്‍ ഗോപാലകൃഷ്ണന്‍, മുത്തൂറ്റ് ഫിനാന്‍സിന് വേണ്ടി എക്‌സിക്യൂട്ടിവ് ഡയരക്ടറും സി.ഇ.ഒയുമായ കെ.ആര്‍.ബിജിമോന്‍, ബാങ്ക് ഓഫ് ദ ഇയര്‍ അവാര്‍ഡ് ബാങ്ക് ഓഫ് മഹാരാഷ്ട്ര സോണല്‍ മാനേജര്‍ ഷിബു ജേക്കബ്, കൊട്ടക്ക് മഹീന്ദ്ര ബാങ്കിന് വേണ്ടി റീജണല്‍ ഹെഡ് വിജയ് ശിവറാം മേനോന്‍ എന്നിവര്‍ ഏറ്റുവാങ്ങി

വിജ്ഞാനം പകര്‍ന്ന് പ്രഭാഷണങ്ങള്‍

വിവിധ മേഖലകളില്‍ പ്രശസ്തരായവരാണ് സമ്മിറ്റില്‍ പ്രഭാഷകരായി എത്തിയത്. ഇ,എസ്.ജി (Environmental Social and Governance) റേറ്റിംഗ് വളരെ അടുത്ത് തന്നെ സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധമാകുന്ന അവസ്ഥ ഉണ്ടാകുമെന്ന് ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാനും മുന്‍ ആര്‍.ബി.ഐ സി.ജി.എമ്മും ആയ പി.ആര്‍ രവി മോഹന്‍ പറഞ്ഞു.

പരമ്പരാഗത ബാങ്കിംഗ് രീതികള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാറിയതെങ്ങനെയെന്ന് റിസര്‍വ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജെ.കെ ഡാഷ് വിശദീകരിച്ചു, സാങ്കേതിക വിദ്യ വളര്‍ന്നതോടെ ബാങ്കിംഗിന് ബാങ്കുകള്‍ ആവശ്യമല്ലാതാകുമെന്നാണ് ബില്‍ ഗേറ്റ്‌സിന്റെ പ്രവചനം. സാമ്പത്തിക സേവനങ്ങള്‍ ഫിന്‍ടെക്കുകള്‍ക്ക് വഴിമാറുമെന്നും ചിലര്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ക്ഷമയ്ക്കാണ് പ്രാധാന്യമെന്ന് പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് വിദഗ്ധനായ പ്രശാന്ത് ജെയിന്‍ വ്യക്തമാക്കി, സെന്‍സെക്‌സ് കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ 800 മടങ്ങാണ് വര്‍ധിച്ചത്. 100 പോയിന്റുകളില്‍ നിന്ന് 80,000 പോയന്റുകളിലാണ് സെന്‍സെക്‌സ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. നാലഞ്ച് വര്‍ഷത്തിനിടയില്‍ സെന്‍സെക്‌സ് ലക്ഷമെന്ന മാന്ത്രിക അക്കത്തിലെത്തും. രൂപയുടെ മൂല്യം വര്‍ധിക്കുന്നതുമായി ഇതിനെ ബന്ധപ്പെടുത്താവുന്നതാണ്.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്ന റീട്ടെയ്ല്‍ നിക്ഷേപകരില്‍ ഭൂരിഭാഗവും 40 വയസില്‍ താഴെയുള്ളവരാണെന്ന് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് ഹെഡ് രോഹിത് മന്ദോത്ര. ഓഹരി നിക്ഷേപം ജനകീയമാകാനും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും സാധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ധനം ബിസിനസ് മീഡിയ ബിഎഫ്എസ്‌ഐ സമ്മിറ്റില്‍ ഇന്ത്യന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റില്‍ റീട്ടെയ്ല്‍ നിക്ഷേപകരുടെ റോള്‍ എന്ന വിഷയത്തിലാണ് അദ്ദേഹം സംസാരിച്ചത്,

ഇക്വിറ്റി നിക്ഷേപത്തില്‍ അപകട സാധ്യതയുള്ളതായി പറയാറുണ്ടെങ്കിലും അത്തരത്തിലൊരു റിസ്‌കുള്ളതായി കരുതുന്നില്ലെന്ന് പ്രമുഖ വാല്യു ഇന്‍വെസ്റ്ററും ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനും സി.ഇ.ഒയുമായ പൊറിഞ്ചു വെളിയത്ത്. പറഞ്ഞു. ഒരു കമ്പനിയുടെ ഉടമസ്ഥാവകാശം വാങ്ങുകയാണെന്ന് മനസിലാക്കി ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപങ്ങള്‍ നടത്തുന്നതിലാണ് ഇക്വിറ്റി നിക്ഷേപത്തിന്റെ കാതല്‍. വിപണിയിലെ ചെറിയ അസ്വാരസ്യങ്ങള്‍ കണക്കിലെടുക്കാതെ ദീര്‍ഘകാലത്തേക്ക് വാല്യൂ ഇന്‍വെസ്റ്റ്‌മെന്റ് നടത്തുകയാണ് വേണ്ടത്. സമ്മിറ്റില്‍ ധനം ബിസിനസ് മീഡിയ റിസര്‍ച്ച് വിഭാഗം മേധാവി സഞ്ജയ് ഏബ്രഹാമുമായി നടത്തിയ സംവാദത്തില്‍ അദ്ദേഹം വ്യക്തമാക്കി.

Related Articles
Next Story
Videos
Share it