Begin typing your search above and press return to search.
'കടക്കെണി കൊണ്ട് മുന്നോട്ടുപോകാനാകാത്ത സ്ഥിതിയില്ല'
ഇപ്പോള്‍ വലിയ ചര്‍ച്ചയാവുന്ന വിഷയമാണല്ലോ, കേരളത്തിന്റെ കടഭാരവും സാമ്പത്തിക പ്രതിസന്ധിയും. എത്രമാത്രം രൂക്ഷമാണിത്?
യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി എന്നല്ല പറയേണ്ടത്. ലോകം തന്നെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടമാണ്. ലോകത്തെ 60 രാജ്യങ്ങളിലെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ വലിയ തോതിലുണ്ടെന്നാണ് പറയുന്നത്.
കേരളത്തേക്കാളും രൂക്ഷമായ പ്രതിസന്ധിയിലാണ് ഇന്ത്യയെന്ന് ഞാന്‍ പറയും. 39.4 ലക്ഷം കോടിയില്‍ അധികമാണ് കേന്ദ്ര ബജറ്റ്. അതിന്റെ 40 ശതമാനം (16.5 ലക്ഷം കോടി രൂപ) വായ്പയാണ്. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ കടമുണ്ടെങ്കിലും അത് ബജറ്റിന്റെ 20-25 ശതമാനമാണ്. ഇന്ത്യാ ഗവണ്‍മെന്റ് 40 ശതമാനത്തില്‍ അധികം കടമെടുപ്പിലാണെന്ന കാര്യം കേരളത്തില്‍ പലപ്പോഴും ചര്‍ച്ച ചെയ്യുന്നില്ല.
ഇന്ത്യ തന്നെ നല്ലൊരു പ്രതിസന്ധിയിലാണ്. അതിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് കൊടുക്കേണ്ട വിഹിതം കുറയ്ക്കുന്നു. കേരളത്തിന് ഇപ്പോള്‍ ബുദ്ധിമുട്ടുണ്ട്. കേന്ദ്ര നയത്തിന്റെ കാരണമായി നല്ല ബുദ്ധിമുട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. പത്താം ധനകാര്യ കമ്മിഷന്റെ സമയത്ത് 100 രൂപ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുമ്പോള്‍ അതില്‍ നിന്ന് 3.95 രൂപ കേരളത്തിന് കിട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 1.92 രൂപയേ കിട്ടുന്നുള്ളൂ.
രാജ്യത്തെ ആകെ ചെലവില്‍ 64 ശതമാനവും സംസ്ഥാന സര്‍ക്കാരുകളാണ് ചെലവഴിക്കേണ്ടത്. എന്നാല്‍ ആകെ വരുമാനത്തിന്റെ 34 ശതമാനം മാത്രമേ സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്നുള്ളൂ. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഇവിടെയുണ്ട്. എന്നാല്‍ ഇവിടെ എല്ലാം തകരാനൊന്നും പോകുന്നില്ല. നല്ല ബുദ്ധിമുട്ടുണ്ട്. അത് മറികടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
വളരെ ഗുരുതരമായ അവസ്ഥയിലാണ് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തന്നെ പോകുന്നത്. ആ അവസ്ഥയില്‍ ഏറ്റവും അധികം വരുമാനം കുറയ്ക്കപ്പെടുന്നത് സംസ്ഥാനങ്ങളുടെതാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഇതിനെതിരായ ഒരു പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. ഇത് ഒരു മിസ് മാനേജ്‌മെന്റിന്റെ പ്രശ്‌നമല്ല. അമിത ചെലവിന്റെയും പ്രശ്‌നമല്ല. മറിച്ച്, നമുക്ക് തരാനുണ്ടായിരുന്ന അവകാശം കേന്ദ്രത്തിന്റെ കൈയിലേക്ക് പോയി, എന്നിട്ടും തരുന്നില്ല. ഇതാണ് പ്രശ്‌നം.
കടമെടുത്ത തുക ശമ്പളത്തിനും പെന്‍ഷനുമായി പോകുന്നു, അല്ലാതെ മൂലധന നിക്ഷേപം നടക്കുന്നില്ല എന്നൊരു ആക്ഷേപമുണ്ടല്ലോ?
സര്‍ക്കാരുകള്‍ കടമെടുക്കുമ്പോള്‍ ഒരു വാണിജ്യസ്ഥാപനം കടമെടുക്കുമ്പോലെ അല്ല കാണേണ്ടത്. മൂലധന നിക്ഷേപം വേണമെന്നാണല്ലോ. കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂലധന നിക്ഷേപമെന്നത് മാനുഷിക വിഭവമാണ്. അതിലേക്കായി നമ്മള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപിക്കുന്നത് വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമാണ്. മാനുഷിക വിഭവം കൊണ്ട് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്ന ആദ്യസ്ഥാനങ്ങളില്‍ ആണല്ലോ നമ്മള്‍. നമുക്ക് അതിന് സാധ്യമായത് ഈ നിക്ഷേപം കൊണ്ടാണല്ലോ.
കടക്കെണി കൊണ്ട് മുന്നോട്ടുപോകാനാകാത്ത സ്ഥിതിയില്ല. അക്കാര്യത്തില്‍ ഒരാശങ്കയും വേണ്ട. ബജറ്റിന്റെ 40 ശതമാനം കടമെടുക്കുന്ന കേന്ദ്രത്തിനേക്കാളും എത്രയോ മികച്ചതാണ് 25 ശതമാനത്തില്‍ താഴെ മാത്രം കടമെടുക്കുന്ന കേരളത്തിന്റെ അവസ്ഥ. ഒരു മേഖലയിലും പണം കൊടുക്കാതിരിക്കുന്ന പ്രശ്‌നമില്ല. പക്ഷേ, ബുദ്ധിമുട്ടുണ്ടെന്ന കാര്യം ജനങ്ങളോട് പറയാതിരിക്കുന്നില്ല. ഇവിടുന്ന് പിടിച്ച നികുതി അടക്കം തരാനുള്ളത് തന്നാല്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയുണ്ടാവും. എങ്കിലും ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ജനങ്ങള്‍ക്കുണ്ടാവുന്ന തരത്തില്‍ കാര്യങ്ങള്‍ പോകുന്നില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
കടം കൊണ്ട് മാത്രമാണോ കേരളം മുന്നോട്ടുപോകുന്നത്, എന്നൊരു ആക്ഷേപം കൂടിയുണ്ട്?
കടം കൊണ്ട് മാത്രമൊന്നുമല്ല കാര്യങ്ങള്‍ പോവുന്നത്. കടം തിരിച്ചടയ്ക്കാന്‍ പറ്റാത്ത പ്രശ്‌നവുമില്ല. തിരിച്ചടയ്ക്കാനുള്ള കപ്പാസിറ്റി നോക്കിയാണല്ലോ കടം കിട്ടുന്നത്. ഇന്ത്യയുടെ സംസ്ഥാനങ്ങളുടെ കടത്തിന്റെ ഭാരമെടുത്താല്‍ അതിന്റെ ശരാശരിയില്‍ കൂടുതലല്ല കേരളം. ഇന്ത്യയുടെ ആഭ്യന്തര വരുമാനത്തിന്റെ 69 ശതമാനം കടമുണ്ട് കേന്ദ്രത്തിന്. കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 36 ശതമാനമുണ്ട് സംസ്ഥാനത്തിന്റെ കടം. ഇതില്‍ ഏതാണ് കൂടുതലെന്ന് നോക്കിയാല്‍ മതി. കോവിഡല്ലായിരുന്നെങ്കില്‍ ഇത് 30 ശതമാനത്തില്‍ താഴെ നിന്നേനെ. ആ സമയത്ത് 3-4 ശതമാനം കടം കൂടിയിട്ടുണ്ട്. അത് ചെയ്തത് ഒരു ആവശ്യകതയുടെ പുറത്തായിരുന്നു.
പ്രതിസന്ധിയെ മറികടക്കാന്‍ അസാധാരണ നീക്കം നടത്തണമല്ലോ? എങ്ങനെയാണ് സംസ്ഥാനം ഇതു മറികടക്കാന്‍ പോകുന്നത്?
നാടുവാഴികളുടെ കാലം മുതല്‍ ഭരണം മുന്നോട്ടുപോകുന്നത് നികുതി വരുമാനത്തിലാണ്. അത് കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ന്യായമായി കിട്ടണമെന്നുള്ള ചര്‍ച്ച നടക്കുന്നുണ്ട്. കേന്ദ്രം അതു ചെയ്‌തേ പറ്റൂ. മറ്റൊരു കാര്യം, നികുതി ശരിക്ക് പിരിക്കണം. ജിഎസ്ടി നടപ്പിലായതിനു ശേഷം എല്ലാ സംസ്ഥാനങ്ങള്‍ക്കും ചോര്‍ച്ചയുണ്ട്. പുതിയ നിയമം ആയതുകൊണ്ടു തന്നെ ധാരാളം പഴുതുകളുണ്ട്. പുതിയ സാഹചര്യത്തെ നേരിടാന്‍ നികുതി വകുപ്പിനെ തന്നെ ടാക്‌സ് പേയര്‍ സര്‍വീസ്, ഓഡിറ്റിംഗ്, ഇന്റലിജന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ എന്നിങ്ങനെ മൂന്ന് പ്രധാനപ്പെട്ട വിഭാഗമായി തിരിച്ചു. വ്യാപാരികള്‍ ജനങ്ങളില്‍ നിന്ന് വാങ്ങിക്കുന്ന നികുതിയെല്ലാം കൃത്യമായി സര്‍ക്കാരിലേക്ക് അടയ്ക്കണം. ചിലപ്പോള്‍ വാങ്ങുന്നതെല്ലാം അടയ്ക്കുന്നില്ല. കുറച്ചുപേരാണെങ്കില്‍ വാങ്ങിക്കാതിരിക്കുന്നു. നികുതി കുറച്ചുകൂടി കൃത്യമായി പിരിക്കുകയാണെങ്കില്‍ മുന്നോട്ടുപോകാനാവും. ഒപ്പം ആളുകളിലേക്ക് കൂടുതല്‍ പണം എത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ആകര്‍ഷകമല്ലാത്ത കൃഷി മാറ്റി, വരുമാനമുണ്ടാവുന്ന കൃഷിയിലേക്ക് ആളുകള്‍ മാറണം. ലോകത്തെമ്പാടും പോയി ജോലി ചെയ്യുന്ന ചെറുപ്പക്കാരുണ്ട്, അവര്‍ക്കിവിടെ തന്നെ ജോലി ചെയ്യാവുന്ന തരത്തിലുള്ള അവസ്ഥയുണ്ടാകണം. കൃഷി, വ്യവസായം, ടൂറിസം ഇതിലൊക്കെ മാറ്റം കാണാനുണ്ട്. അടിസ്ഥാനസൗകര്യവികസത്തിനുള്ള മാറ്റം ഇതിലൊക്കെ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാധാരണക്കാരുടെ കൈയില്‍ പണമെത്തുമ്പോഴാണല്ലോ വിപണി ഉണരുന്നത്. അതിനായി എന്തൊക്കെ ചെയ്യുന്നുണ്ട്?
സാധാരണക്കാരുടെ കൈയില്‍ ഏറ്റവും കൂടുതല്‍ പണമെത്തുന്ന തരത്തിലുള്ള പദ്ധതികളുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ 'ഫ്രീബീസ്' പാടില്ലെന്നാണ് ആര്‍ബിഐ പറയുന്നത്. 57 ലക്ഷം പേര്‍ക്കാണ് മാസം 1600 രൂപ വെച്ച് സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൊടുക്കുന്നത്. കോവിഡിന്റെ സമയത്ത് 20,000 കോടി രൂപയുടെ രണ്ട് പാക്കേജ് നടപ്പിലാക്കി. സൗജന്യമായ ഭക്ഷ്യക്കിറ്റ് കൂടാതെ, 1000, 2000 വെച്ച് വേറെയും പണം കൊടുത്തു. ഈ സമീപനം തന്നെയാണ് സര്‍ക്കാര്‍ തുടരുന്നത്.
കേരളത്തിലേക്ക് വരുന്ന പ്രവാസിപ്പണത്തില്‍ കുറവ് കാണുന്നുണ്ടല്ലോ. അത് നമ്മളെ എത്രമാത്രം ബാധിക്കും?
പെട്രോളിയത്തിന്റെ വില കുറഞ്ഞു, സാമ്പത്തിക പ്രതിസന്ധി വന്നു, ഇതെല്ലാമാണ് പ്രവാസികളുടെ പണത്തില്‍ കുറവുവരാനുള്ള കാരണം. നമ്മുടെ ആളുകള്‍ ഇപ്പോള്‍ വലിയ തോതില്‍ പോകുന്നത് യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊക്കെയാണ്. ഗള്‍ഫ് പ്രവാസം പോലെ, അവിടുന്ന് സമ്പാദിച്ച് ഇവിടെ വന്ന് ഇവിടെ നിക്ഷേപിക്കുന്ന രീതിയല്ല. മറിച്ച്, അവിടെ പോയി അവിടെ സമ്പാദിച്ച് അവിടെ പൗരത്വമെടുത്ത് അവിടെ തന്നെ നിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ നാട് മൊത്തം ഒരു വൃദ്ധസദനമായി മാറുന്ന അപകടം കൂടി വരുന്നുണ്ട്.
പ്രവാസികളുടെ കാര്യത്തില്‍ വലിയൊരു കുറവ് വരുന്നില്ലെങ്കില്‍ കൂടി, ടെക്‌നോളജി അടിസ്ഥാനമായി പുതിയ ജോലി രീതികള്‍ വരുന്നത് ബാധിക്കുന്നുണ്ട്. പഴയ തൊഴിലുകള്‍ കുറഞ്ഞ്, പുതിയ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടിവരികയാണ്. ഈ മാറ്റം നന്നായി ഉള്‍ക്കൊള്ളാനാവണം.
വരാനിരിക്കുന്നു, ഭക്ഷ്യ ദൗര്‍ലഭ്യം
''നമ്മളാരും ചര്‍ച്ചചെയ്യാതെ പോകുന്നൊരു കാര്യമുണ്ട്- വരാന്‍ പോകുന്ന ഭക്ഷ്യ ദൗര്‍ലഭ്യം. ഇന്ത്യയുടെ ഗോതമ്പ്, അരി ഉല്‍പ്പാദനത്തില്‍ വലിയ കുറവു വരുന്നുണ്ട്. നെല്‍കൃഷിയുടെ ഭൂവിസ്തൃതിയില്‍ 50 ശതമാനം വരെ കുറവുണ്ടെന്നാണ് പറയുന്നത്. ഡല്‍ഹിയില്‍ ഗോതമ്പ് റേഷന്‍ കുറച്ചിട്ട്, പകരം അരി കൊടുക്കാമെന്നാണ് പറയുന്നത്. ഇവിടെ അരിയുടെ അളവ് കുറയുന്നു.
എത്ര പണം ഉണ്ടെങ്കിലും ഭക്ഷ്യവസ്തുക്കള്‍ ഇല്ലെങ്കില്‍ വലിയ അപകടമുണ്ടാവും. ഇപ്പോള്‍ ഇത് പറയുന്നത്, മുന്‍കൂട്ടി കണ്ട് ചില കാര്യങ്ങള്‍ ചെയ്യേണ്ട സമയം കഴിഞ്ഞു എന്നതുകൊണ്ടാണ്. ഡല്‍ഹി, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂഗര്‍ഭജലം നൂറ് അടി വരെ താഴോട്ട് പോയെന്നാണ് കണ്ടെത്തല്‍. ആ മേഖലയിലൊക്കെ പുതിയ പ്രശ്‌നങ്ങള്‍ വരികയാണ്. എന്നാല്‍ സാമ്പത്തിക പ്രശ്‌നം, തൊഴില്‍ പ്രശ്‌നം എന്നിവയുടെ കൂടെ ഭക്ഷ്യ പ്രശ്‌നം വേണ്ടത്ര ചര്‍ച്ച ചെയ്യുന്നില്ല.''
Next Story
Videos