ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 05, 2021

വായ്പാ അവലോകനം നടന്നു; റിപ്പോ നിരക്കില്‍ മാറ്റമില്ല

ഈ സാമ്പത്തിക വര്‍ഷത്തെ അവസാനത്തേതും ബജറ്റിന് ശേഷമുള്ള ആദ്യത്തേതുമായ വായ്പാ അവലോകന യോഗത്തില്‍ പ്രതീക്ഷിച്ചത് പോലെ തന്നെ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് നാലു ശതമാനത്തില്‍ തുടരും. നിലവിലുള്ള നിരക്ക് തുടരുന്നതിനാണ് എം.പി.സി. യോഗത്തില്‍ അംഗങ്ങളില്‍ മുഴുവന്‍ പേരും വോട്ടു ചെയ്തത്. റിവേഴ്സ് റിപ്പോ 3.35 ശതമാനം. സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായതും വിലക്കയറ്റ നിരക്കില്‍ നേരിയ കുറവുണ്ടായതും പരിഗണിച്ചാണ് നിരക്കുകളില്‍ നാലാംതവണയും മാറ്റം വരുത്തേണ്ടെന്ന് വായ്പാവലോകന സമിതി തീരുമാനത്തിലെത്തിയത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 10.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ പണപ്പെരുപ്പം 5.2 ശതമാനത്തിലെത്തിയതും അനുകൂലഘടകമായി ആര്‍.ബി.ഐ. വിലയിരുത്തി.

സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപകര്‍ക്ക് ഇനി നേരിട്ട് നിക്ഷേപം നടത്താം

ഘടനാപരമായ പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രാഥമികവും ദ്വിതീയവുമായ സര്‍ക്കാര്‍ സെക്യൂരിറ്റീസ് വിപണികളിലേക്ക് റീറ്റെയില്‍ നിക്ഷേപകര്‍ക്ക് ഓണ്‍ലൈന്‍ പ്രവേശനം അനുവദിക്കുമെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. ഇത്തരത്തില്‍ ചെറുകിട നിക്ഷേപകര്‍ക്കും സര്‍ക്കാര്‍ സെക്യൂരിറ്റികളിലും കടപ്പത്രങ്ങളിലും ഇനി നേരിട്ട് നിക്ഷേപിക്കാം. അതിനുള്ള സൗകര്യമൊരുക്കാനുള്ള നയമാണ് പ്രഖ്യാപിക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. നിക്ഷേപകന് കമ്പനി കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്നതുപോലെ തന്നെ ഇഷ്യു സമയത്തും അതിനുപുറമെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍വഴിയും ഇടപാട് നടത്താനുള്ള വഴിയാണ് ഒരുങ്ങുക. നിക്ഷേപിക്കാനുള്ള പ്ലാറ്റ്‌ഫോം 'റീറ്റെയ്ല്‍ ഡയറക്ട്' എന്ന പേരിലായിരിക്കും നിക്ഷേപ മാര്‍ഗവും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും അറിയപ്പെടുക. പുതിയ നയം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ആര്‍ബിഐ ഉടനെ പുറത്തിറക്കും.

62,000 കോടി രൂപയുടെ വായ്പ എഴുതി തള്ളി ആര്‍ബിഐ

വജ്രവ്യാപാരിയായ മെഹുല്‍ ചോക്‌സിയുടെ വായ്പയുള്‍പ്പെടെ മാര്‍ച്ച് 2020 വരെ രാജ്യത്തെ വിവിധ ബാങ്കുകള്‍ എഴുതിത്തള്ളിയത് 62,000 കോടി രൂപയുടെ വായ്പ. 100 പേരാണ് എഴുതിത്തള്ളിയ വായ്പാ പട്ടികയിലുള്ളത്. വിവരാവകാശ പ്രവര്‍ത്തകനായ ബിശ്വനാഥ് ഗോസ്വാമിയുടെ അപേക്ഷയിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആണ് മറുപടി നല്‍കിയത്. 2020 മാര്‍ച്ച് 31 വരെ ബാങ്കുകള്‍ 61,949 കോടി രൂപ വായ്പകള്‍ എഴുതിത്തള്ളിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്.

വിന്‍സം ഡയമണ്‍സിന്റെ 3098 കോടി, ബസുമതി അരി ഉത്പാദകരായ ആര്‍ഇഐ അഗ്രോയുടെ 2789 കോടി, കെമിക്കല്‍ കമ്പനിയായ കുഡോസ് കെമിയുടെ 1,979 കോടി, നിര്‍മ്മാണ കമ്പനിയായ സൂം ഡെവലപ്പേഴ്‌സിന്റെ 1927 കോടി, കപ്പല്‍നിര്‍മ്മാണ കമ്പനിയായ എബിജി ഷിപ്പ്യാര്‍ഡിന്റെ 1875 കോടി, വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ 1,3314 കോടി രൂപ എന്നിങ്ങനെയാണ് വായ്പ എഴുതിത്തള്ളിയിരിക്കുന്നത്.

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സൗദി അറേബ്യ

കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സൗദി അറേബ്യ. അടുത്ത പത്ത് ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി സൗദി അറേബ്യയിലെ സിനിമാശാലകള്‍, ഇന്‍ഡോര്‍ വിനോദ കേന്ദ്രങ്ങള്‍, സ്വതന്ത്ര ഇന്‍ഡോര്‍ ഗെയിംസ് വേദികള്‍ അല്ലെങ്കില്‍ റെസ്റ്റോറന്റുകളിലോ ഷോപ്പിംഗ് സെന്ററുകളിലോ ഉള്ളവ, ജിമ്മുകള്‍, കായിക കേന്ദ്രങ്ങള്‍ എന്നിവ 10 ദിവസത്തേക്ക് അടയ്ക്കുമെന്ന് ബന്ധപ്പെട്ട മന്ത്രാലയം അറിയിച്ചു.

പാചകവാതകം; പുതുക്കിയ നിരക്ക് ഇന്നു മുതല്‍

പാചക വാതക വില ഉയര്‍ത്തിയത് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. എണ്ണ കമ്പനികള്‍ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഇത്തവണ എല്‍പിജി സിലിണ്ടര്‍ വില യൂണിറ്റിന് 25 രൂപയാണ് വര്‍ധനവ്. വാണിജ്യ സിലിണ്ടറിന്റെ വില യൂണിറ്റിന് 184 രൂപ വര്‍ധിപ്പിച്ചു. പാചക വാതക സിലിണ്ടറിന്റെ പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

പാസ്‌പോര്‍ട്ട് ലഭിക്കാന്‍ സോഷ്യല്‍മീഡിയ പരിശോധന വന്നേക്കും

പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ പൊലീസ് വേരിഫിക്കേഷന്‍ കൂടാതെ സോഷ്യല്‍ മീഡിയ വേരിഫിക്കേഷന്‍ കൂടി വേണമെന്ന് റിപ്പോര്‍ട്ടുകള്‍. പുതിയ നിയമം രാജ്യത്താകമാനം നടപ്പാക്കിയിട്ടില്ല. ഇന്ത്യയില്‍ ആദ്യമായി ഇത് നടപ്പാക്കാന്‍ ഒരുങ്ങുന്നത് ഉത്തരാഖണ്ഡ് സംസ്ഥാനമാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയുകയാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്. ഉത്തരാഖണ്ഡ് ഡി ജി പി അശോക് കുമാര്‍ വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവിടങ്ങളിലെ ഇടപെടലുകളും അവിടെ പോസ്റ്റ് ചെയ്യുന്ന കുറിപ്പുകളാകും നിരീക്ഷിക്കുക എന്നാണ് പ്രാഥമിക വിവരം.

വീണ്ടും 35000 രൂപയിലേക്ക് താഴ്ന്ന് സ്വര്‍ണം

കേരളത്തില്‍ അടുത്ത കാലത്തെ ഏറ്റവും വലിയ വിലക്കുറവിലേക്ക് സ്വര്‍ണം. ബജറ്റിനുശേഷം തുടര്‍ച്ചയായ വിലക്കുറവ് പ്രകടമാക്കിയ റീറ്റെയ്ല്‍ വിപണിയില്‍ ഇന്ന് പവന് 480 രൂപ കുറഞ്ഞ് 35000 രൂപയായി. ഒരു ഗ്രാമിന് 4375 രൂപയുമായി. പുതുവര്‍ഷത്തിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വര്‍ണ വിലയാണ് ഇത്. മാസങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. ഫെബ്രുവരി ഒന്നിനായിരുന്നു സ്വര്‍ണത്തിന് കഴിഞ്ഞ കുറച്ചു കാലത്തെ ഏറ്റവും വലിയ വിലക്കുറവ് രേഖപ്പെടുത്തിയത്. പവന് 36800 രൂപയായിരുന്നു അത്.

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടം തുടര്‍ന്ന് ഓഹരി വിപണി

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വിപണിയില്‍ മുന്നേറ്റം ഉണ്ടായിരിക്കുന്നത്. സെന്‍സെക്സ് 117.34 പോയ്ന്റ് ഉയര്‍ന്ന് 50731.63 പോയ്ന്റിലും നിഫ്റ്റി 28.60 പോയ്ന്റ് ഉയര്‍ന്ന് 14924.30 പോയ്ന്റിലും ക്ലോസ് ചെയ്തു. 1281 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1637 ഓഹരികള്‍ക്ക് വിപണിയില്‍ കാലിടറി. 146 ഓഹരികളുടെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് നാലു ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും നിലനിര്‍ത്തിയത് വിപണിക്ക് പ്രതീക്ഷയായി.

കേരള കമ്പനികളുടെ പ്രകടനം

ഓഹരി സൂചിക വീണ്ടുമുയര്‍ന്നെങ്കിലും കേരള കമ്പനികളെ സംബന്ധിച്ചിടത്തോളം അത്ര മികച്ചതായിരുന്നില്ല ഇന്ന്്. ഏഴ് കേരള ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. പാറ്റ്സ്പിന്‍ (4.98 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (4.65 ശതമാനം), എഫ്എസിടി (3.72 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (2.62 ശതമാനം), കിറ്റെക്സ് (0.70 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.56 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് (0.05 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കമ്പനികള്‍.









Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it