ഇന്ന് നിങ്ങള്‍ അറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 09,2021

ലോകത്തെ ഏറ്റവും വലിയ ഓഹരിവിപണി പട്ടികയില്‍ ഏഴാം സ്ഥാനത്ത് ഇന്ത്യ


ലോകത്തിലെ ഏറ്റവും വലിയ ഓഹരി വിപണികളുടെ പട്ടികയില്‍ സ്ഥാനം ഉയര്‍ത്തി ഇന്ത്യ. വിപണിയിലെ മൂലധനം അടിസ്ഥാനപ്പെടുത്തി പരിശോധിക്കുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ പത്താമത്തെ ഓഹരിയില്‍ നിന്ന് ഏഴാമതായി ഇന്ത്യ മാറും. ഇന്ത്യന്‍ സൂചികകള്‍ നടത്തിവരുന്ന വന്‍ മുന്നേറ്റം ഇന്ത്യയുടെ സാമ്പത്തിക പ്രതിച്ഛായ പാടെ മാറ്റുകയാണ്. നിലവില്‍ 2.7 ലക്ഷം കോടി ഡോളര്‍ മൂല്യമുണ്ട് ഇന്ത്യന്‍ ഓഹരി വിപണിക്ക്. വെള്ളിയാഴ്ച്ച ബിഎസ്ഇ സെന്‍സെക്സ് സൂചിക ചരിത്രത്തില്‍ ആദ്യമായി 51,000 മാര്‍ക്ക് പിന്നിട്ടത് ലോകം കണ്ടു. എന്‍എസ്ഇ നിഫ്റ്റി സൂചികയാകട്ടെ, വെള്ളിയാഴ്ച്ച 15,000 പോയിന്റെന്ന നാഴികക്കല്ലും മറികടന്നു. ഈ വര്‍ഷം മാത്രം ബെഞ്ച്മാര്‍ക്ക് നിഫ്റ്റി സൂചിക 6.9 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ പന്തയം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍
ഓണ്‍ലൈന്‍ പന്തയം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പൊലീസ് മേധാവി നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നും നിയമവകുപ്പിന്റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നിയമം കൊണ്ടുവരുന്നതിന് എത്ര സമയമെടുക്കുമെന്ന് നാളെ അറിയിക്കാന്‍ കോടതി നിയമ സെക്രട്ടറിയോട് നിര്‍ദേശിച്ചു. ഓണ്‍ ലൈന്‍ പന്തയം സാമുഹിക വിപത്താണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് പോളി വടക്കന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.

സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 480 രൂപ കൂടി

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. മൂന്നുദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവില ചൊവാഴ്ച രാവിലെ വര്‍ധിച്ചു. പവന് 480 രൂപയാണ് കൂടിയത്. ഗ്രാമിന് 4465 രൂപയും പവന് 35,720 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്. 35,240 രൂപയായിരുന്നു തിങ്കളാഴ്ച പവന്റെ വില. ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തരവിപണികളിലും പ്രതിഫലിച്ചത്. സ്പോട്ട് സ്വര്‍ണ വില ഔണ്‍സിന് 0.6ശതമാനം ഉയര്‍ന്ന് 1,840.79 ഡോളര്‍ നിലവാരത്തിലെത്തി. വെള്ളി വിലയിലും വര്‍ധനവുണ്ടായി. രാവിലെ ഔണ്‍സിന് 1836 ഡോളറിലെത്തി വില. വെള്ളി വില 27.36 ഡോളറിലായി. കഴിഞ്ഞ വര്‍ഷം ആഗോള വെള്ളി ഉല്‍പാദനം ആറു ശതമാനം കുറവായിരുന്നു.

വാക്സിന്‍ വിതരണത്തിനായി മൈനസ് 80 ഡിഗ്രി ഫ്രീസറുമായി ഗോദ്റെജ് ആന്റ് ബോയ്സ്

ലോകത്തിനു വേണ്ടി ഇന്ത്യയില്‍ നിര്‍മിച്ച 80 ഡിഗ്രി സെന്റീഗ്രേഡിനു താഴെയുള്ള അള്‍ട്രാ ലോ ടെമ്പറേച്ചര്‍ ഫ്രീസറുകള്‍ അവതരിപ്പിച്ചു കൊണ്ട് ഗോദ്റെജ് ആന്റ് ബോയ്സ് തങ്ങളുടെ ഉല്‍പന്ന നിര വിപുലീകരിച്ചു. നിലവില്‍ ഇന്ത്യയുടെ കോവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചിരിക്കുന്ന ഇത് ഭാവിയിലെ വാക്സിനുകള്‍ക്കും ഉപയുക്തമാണ്. നിലവില്‍ വാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങളിലേക്കുള്ള അവസാന ഘട്ടത്തിലെ പിന്തുണ നല്‍കാന്‍ ഗോദ്റെജ് ആന്റ് ബോയ്സ് സഹകരിച്ചു പ്രവര്‍ത്തിച്ചു വരികയാണ്.

സൈബര്‍ പോരാലികളെ വിന്യസിക്കുമെന്ന് കേന്ദ്രം

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ സൈബര്‍ വോളന്റിയര്‍മാരെ വിന്യസിക്കുന്നതായി ദേശീയ റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ സൈബര്‍ ക്രൈം സെല്ലിന്റേതാണ് വിവാദ നീക്കം. പ്രായപൂര്‍ത്തിയാകാത്തവരുടെ അശ്ലീല വീഡിയോകള്‍, ബലാത്സംഗം, ഭീകരവാദം എന്നിവയുള്‍പ്പെടെയുള്ള നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ കണ്ടെത്താനും സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യാനും സന്നദ്ധ പ്രവര്‍ത്തകരായ പൗരന്മാര്‍ക്ക് സാധിക്കും. തുടക്കത്തില്‍ ജമ്മു കശ്മീരിലും ത്രിപുരയിലും പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതി പിന്നീട് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് വിവരം.

ഏറ്റവും പ്രചാരമുള്ള യുപിഐ ആയി ഫോണ്‍പേ

വാള്‍മാര്‍ട്ടിന്റെ പിന്തുണയുള്ള ഫോണ്‍പേ ഒരിക്കല്‍ക്കൂടി ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള യുപിഐ ആപ്പായി മാറി. ജനുവരിയില്‍ 968.72 ദശലക്ഷം ഇടപാടുകള്‍ക്കാണ് ഫോണ്‍പേ സാക്ഷ്യം വഹിച്ചത്. 1.91 ലക്ഷം കോടി രൂപ ഫോണ്‍പേ വഴി കൈമാറ്റം ചെയ്യപ്പെട്ടു. യുപിഐ വിപണിയിലെ മൊത്തം ഇടപാടുകളില്‍ 42 ശതമാനവും ഫോണ്‍പേയിലാണ് നടക്കുന്നതെന്ന് നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) കണക്കുകള്‍ പറയുന്നു.


ആറു ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ വിപണി താഴേക്ക്. നേരിയ ഇടിവാണ് സെന്‍സെക്സിലും നിഫ്റ്റ്റിയിലും ഇന്നുണ്ടായത്. സെന്‍സെക്സ് 19.69 പോയ്ന്റ് താഴ്ന്ന് 51,329.08 പോയ്ന്റിലും നിഫ്റ്റി 6.50 പോയ്ന്റ് ഇടിഞ്ഞ് 15109.30 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. 1279 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1634 ഓഹരികളുടെ വിലയിടിഞ്ഞു. 184 ഓഹരികളുടെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല. ഊര്‍ജം, ഇന്‍ഫ്രാ ഓഹരികളൊഴികെ ബാക്കിയെല്ലാം നിരാശപ്പെടുത്തി. ഐഒസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബജാജ് ഓട്ടോ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ എസ്ബിഐ ലൈഫ്് ഇന്‍ഷുറന്‍സ്, ഏഷ്യന്‍ പെയ്ന്റ്സ്, എച്ച്ഡിഎഫ്സി ലൈഫ്, ഒഎന്‍ജിസി, ടൈറ്റന്‍ കമ്പനി തുടങ്ങിയവ നേട്ടമുണ്ടാക്കി.










Related Articles
Next Story
Videos
Share it