ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 18, 2020

ചട്ടം ലംഘിച്ചു, ഗൂഗ്ള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് പേടിഎം ആപ്പ് പുറത്ത്

ഇ കോമേഴ്‌സ് പേയ്‌മെന്റ്, ഡിജിറ്റല്‍ വാലറ്റ് രംഗത്തെ പ്രമുഖ ഇന്ത്യന്‍ ആപ്പായ പേടിഎം ഗൂഗ്ള്‍ പ്ലേ സറ്റോറില്‍ നിന്ന് പുറത്തായി. ചൂതാട്ടം സംബന്ധിച്ച നിയമങ്ങളുടെ ലംഘനത്തെ തുടര്‍ന്നാണ് ഗൂഗ്ള്‍ ഈ നടപടി സ്വീകരിച്ചതെന്നാണ് സൂചന. പേടിഎം, പേടിഎം ഫസ്റ്റ് ഗെയിംസ് ആപ്പുകളാണ് പ്ലേസ്റ്റോറില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. പേടിഎം ഫോര്‍ ബിസിനസ്, പേടിഎം മാള്‍, പേടിഎം മണി എന്നിവയെല്ലാം പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

സംഭവത്തെ കുറിച്ച് പേടിഎം അധികൃതരുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ആപ്പിള്‍ ആപ് സ്റ്റോറില്‍ ആപ്ലിക്കേഷന്‍ ഇപ്പോഴും ലഭ്യമാണ്. ഗൂഗ്ള്‍ പുറത്തുവിട്ട ബ്ലോഗിലാണ് ഇന്ത്യയില്‍ ദശലക്ഷക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന പേടിഎം പിന്‍വലിക്കാനുള്ള കാരണത്തെ കുറിച്ച് സൂചനയുള്ളത്. ഓണ്‍ലൈന്‍ കസിനോകളോ നിയമവിരുദ്ധമായ ചൂതാട്ടമോ അനുവദിക്കില്ലെന്നത് ഗൂഗഌന്റെ നയമാണ്. ഇത്തരം കാര്യങ്ങളില്‍ പങ്കുചേരുന്നതിനും പണം കൈമാറ്റത്തിനും ഉപഭോക്താക്കളെ പരോക്ഷമായി സഹായിക്കുന്ന ആപ്ലിേേക്കഷനുകളെയും അനുവദിക്കില്ലെന്ന് ഗൂഗ്ള്‍ വൈസ് പ്രസിഡന്റ് (പ്രോഡക്റ്റ്, ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി & പ്രൈവസി) സൂസന്നെ ഫ്രെ ബ്ലോഗില്‍ പറയുന്നു.

”ഉപഭോക്താക്കള്‍ക്കുണ്ടാകാനിടയുള്ള അപകടങ്ങള്‍ ഒഴിവാക്കാനാണ് ഈ നയങ്ങള്‍. ചട്ടം ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഡെവലപ്പറെ അക്കാര്യം അറിയിച്ചിരുന്നു. നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടും വരെ ആപ്പ് പ്ലേസ്റ്റോറിലുണ്ടാവില്ല” ഫ്രെ ചൂണ്ടിക്കാട്ടുന്നു.

ഇടപാടുകാരുടെ പണം സുരക്ഷിതം: പേടിഎം

ഡിജിറ്റല്‍ വാലറ്റായ പേടിഎമ്മിലുള്ള ഇടപാടുകാരുടെ പണം സുരക്ഷിതമാണെന്ന് കമ്പനി അധികൃതരുടെ ട്വീറ്റ്. നിയമവിധേയമല്ലാത്ത ചൂതാട്ടത്തിന്റെ പേരില്‍ പേടിഎം ആപ്പിനെ ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ നിന്ന് പുറത്താക്കിയിരുന്നു.

ഇന്ത്യയുടെ പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റായ പേടിഎമ്മിന് പ്രതിമാസം അഞ്ച് കോടിയിലേറെ സജീവ ഇടപാടുകാരാണ് ഉള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു.
പേടിഎം ഫസ്റ്റ് ഗെയിംസ് ആപ്പുകളാണ് പ്ലേസ്റ്റോറില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. പേടിഎം ഫോര്‍ ബിസിനസ്, പേടിഎം മാള്‍, പേടിഎം മണി എന്നിവയെല്ലാം പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

ആപ്പിള്‍ ആപ് സ്റ്റോറില്‍ ആപ്ലിക്കേഷന്‍ ഇപ്പോഴും ലഭ്യമാണ്. ഗൂഗ്ള്‍ പുറത്തുവിട്ട ബ്ലോഗിലാണ് ഇന്ത്യയില്‍ ദശലക്ഷക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന പേടിഎം പിന്‍വലിക്കാനുള്ള കാരണത്തെ കുറിച്ച് സൂചനയുള്ളത്. ഓണ്‍ലൈന്‍ കസിനോകളോ നിയമവിരുദ്ധമായ ചൂതാട്ടമോ അനുവദിക്കില്ലെന്നത് ഗൂഗഌന്റെ നയമാണ്. ഇത്തരം കാര്യങ്ങളില്‍ പങ്കുചേരുന്നതിനും പണം കൈമാറ്റത്തിനും ഉപഭോക്താക്കളെ പരോക്ഷമായി സഹായിക്കുന്ന ആപ്ലിേേക്കഷനുകളെയും അനുവദിക്കില്ലെന്ന് ഗൂഗ്ള്‍ വൈസ് പ്രസിഡന്റ് (പ്രോഡക്റ്റ്, ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി & പ്രൈവസി) സൂസന്നെ ഫ്രെ ബ്ലോഗില്‍ പറയുന്നു.

”ഉപഭോക്താക്കള്‍ക്കുണ്ടാകാനിടയുള്ള അപകടങ്ങള്‍ ഒഴിവാക്കാനാണ് ഈ നയങ്ങള്‍. ചട്ടം ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഡെവലപ്പറെ അക്കാര്യം അറിയിച്ചിരുന്നു. നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടും വരെ ആപ്പ് പ്ലേസ്റ്റോറിലുണ്ടാവില്ല” ഫ്രെ ചൂണ്ടിക്കാട്ടുന്നു.

ഇസാഫും കല്യാണ്‍ ജൂവലേഴ്‌സും അടക്കം 80 ഇന്ത്യന്‍ കമ്പനികള്‍ ഐപിഒയ്ക്ക് ഒരുങ്ങുന്നു

2020-21 സാമ്പത്തികവര്‍ഷം 50,000 കോടി രൂപയ്ക്ക് മുകളില്‍ സമാഹരിക്കാന്‍ കുറഞ്ഞത് 80 ഇന്ത്യന്‍ കമ്പനികളാണ് ഐപിഒയ്ക്ക് ഒരുങ്ങുന്നത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള ഇസാഫ് സ്‌മോള്‍ ഫിനാന്‍സ്, കല്യാണ്‍ ജുവലേഴ്‌സുമുണ്ട്.

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ നിന്ന് ലഭ്യമായ ഡാറ്റ പ്രകാരം 80ലേറെ കമ്പനികള്‍ ഇതിനായ സെക്യൂരിറ്റീസ് & എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയെ സമീപിച്ചിട്ടുണ്ടെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ലോക സമ്പദ് വ്യവസ്ഥ തിരിച്ചുവരാന്‍ അഞ്ചുവര്‍ഷമെടുക്കും’

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് ലോക സമ്പദ് വ്യവസ്ഥ തിരിച്ചുകയറാന്‍ അഞ്ചുവര്‍ഷമെടുക്കുമെന്ന് ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് കാര്‍മന്‍ റൈന്‍ഹാര്‍ട്ട്.

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രങ്ങളില്‍ ഇളവ് വരുമ്പോള്‍ ചിലപ്പോള്‍ ചില രംഗങ്ങളില്‍ അതിവേഗമുള്ള ചില തിരിച്ചുവരവുകള്‍ പ്രകടമാകുമെങ്കിലും സമ്പദ് വ്യവസ്ഥ പൂര്‍ണതോതില്‍ തിരിച്ചുവരാന്‍ അഞ്ചുവര്‍ഷമെടുക്കുമെന്ന് മാഡ്രിഡില്‍ നടന്ന കോണ്‍ഫറന്‍സില്‍ റൈന്‍ഹാര്‍ട്ട് വ്യക്തമാക്കി.

കോവിഡ് മൂലമുള്ള സാമ്പത്തിക മാന്ദ്യം ചില രാജ്യങ്ങളില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കും. ദരിദ്ര രാജ്യങ്ങളിലും സമ്പന്ന രാജ്യങ്ങളിലും കോവിഡ് സൃഷ്ടിക്കുന്ന പ്രത്യാഘാതം വിഭിന്നമായിരിക്കുമെന്് റൈന്‍ഹാര്‍ട്ട് വ്യക്തമാക്കി.

കോവിഡില്‍ രാജ്യത്ത് ജോലി നഷ്ടമായത് 66 ലക്ഷം പ്രൊഫഷണലുകള്‍ക്ക്

കോവിഡ് 19 മഹാമാരി പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മേയ്-ഓഗസ്റ്റ് കാലയളവില്‍ രാജ്യത്ത് വൈറ്റ് കോളര്‍ ജോലി നഷ്ടമായത് 66 ലക്ഷം പേര്‍ക്ക്. എന്‍ജിനീയര്‍മാരും ഡോക്റ്റര്‍മാരും അധ്യാപകരും എക്കൗണ്ടന്‍രുമാരും, വിശകലന വിദഗ്ധരും അടക്കം തൊഴില്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നും ദി സെന്റര്‍ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

എല്ലാ മേഖലകളിലും തൊഴില്‍ നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് വൈറ്റ് കോളര്‍ ജോലികള്‍ക്കാണെന്നതാണ് പ്രത്യേകത. എന്നാല്‍ സെല്‍ഫ് എംപ്ലോയ്ഡ് പ്രൊഫഷണല്‍ സംരംഭകര്‍ക്ക് വലിയ ആഘാതം സൃഷ്ടിക്കപ്പെട്ടില്ല.

ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം പഴയ കണക്കിലേക്കുയരുന്നു

വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചശേഷം യാത്ര ചെയ്തത് 91 ലക്ഷം ആഭ്യന്തര യാത്രക്കാര്‍. യാത്രക്കാരുടെ എണ്ണം കോവിഡിന് മുമ്പുള്ള കണക്കിലേക്ക് നീങ്ങുകയാണെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. സെപ്റ്റംബർ 17ന് മൊത്തം യാത്രക്കാരുടെ എണ്ണം 1,16,398 ആയിരുന്നുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. 17ന് രാജ്യമൊട്ടാകെ 2759 വിമാന സർവീസുകൾ നടന്നുവെന്നും മന്ത്രാലയം അറിയിച്ചു.
മേയ് 25ന് വിമാന സർവീസുകൾ പുനരാരംഭിച്ച ശേഷം 91 ലക്ഷത്തിലധികം ആഭ്യന്തര യാത്രക്കാർ ഇതിനകം യാത്ര ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

എംപിമാരുടെയും പാർലമെന്റ് അംഗങ്ങളുടെയും ശമ്പളം 30 ശതമാനം വെട്ടികുറയ്ക്കും

പാർലമെന്റ് അംഗങ്ങളുടേയും മന്ത്രിമാരുടേയും ശമ്പളവും അലവൻസുകളും 30 ശതമാനം വെട്ടിക്കുറയ്ക്കുന്നത് ശുപാർശ ചെയ്തുകൊണ്ടുള്ള ബില്ലുകൾ രാജ്യസഭ പാസാക്കി. ചൊവ്വാഴ്ചയാണ് ബിൽ ലോക്സഭയും പാസാക്കിയത്. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ഒരു വർഷത്തേക്കുള്ള ശമ്പളമാകും വെട്ടിക്കുറയ്ക്കുക.

നവംബറോടെ റഷ്യൻ നിർമിത കോവിഡ് വാക്സിൻ ഇന്ത്യയിലെത്തിയേക്കും

നവംബറോടെ റഷ്യൻ നിർമിത കോവിഡ് വാക്സിൻ ഇന്ത്യയിലെത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനായി ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ആണ് റഷ്യൻ നിക്ഷേപ സ്ഥാപനവുമായി കരാറിലെത്തിയത്. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടു(ആർഡിഐഎഫ്)മായാണ് 10 കോടി വാക്സിൻ നിർമിക്കാൻ ധാരണയായത്. അവസാന പരീക്ഷണഘട്ടത്തിലുള്ള സ്പുട്നിക്-വിയാകും രാജ്യത്ത് ലഭ്യമാക്കുക. ഇന്ത്യയിലെ വിജയകരമായ പരീക്ഷണങ്ങൾക്കും അനുമതിക്കും ശേഷമാകും വിപണിയിലേക്കെത്തിക്കുക.

ഐ.പി.എല്‍: ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഡിജിറ്റൽ പങ്കാളിയായി അമൃതാഞ്ജന്‍

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഡിജിറ്റൽ പങ്കാളികളായി
അമൃതാജ്ഞൻ. പെയിൻ റിലീഫ് ഡിജിറ്റൽ പാർട്ണർ എന്നതാണ് സ്ഥാനം. ശനിയാഴ്ച യു.എ.ഇ.യിൽ ആരംഭിക്കുന്ന ഐ.പി.എൽ. 13-ാം സീസണിലേക്കാണ് പങ്കാളിത്തം ഒപ്പുവച്ചത്. കമ്പനിയുടെ ചരിത്രത്തിലെ ആദ്യ ഐപിഎൽ പങ്കാളിത്തമാണ് ഇത്. ആദ്യ പങ്കാളിത്തം തന്നെ ക്രിക്കറ്റ് പോർക്കളത്തിലെ ഉജ്ജ്വല പ്രതിഭകളായ ചെന്നൈ സൂപ്പർ കിംഗ്സുമായി ചേർന്നാകുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് അമൃതാഞ്ജൻ ഹെൽത്ത് കെയർ ചെയർമാനും എം.ഡി.യുമായ എസ്. ശംഭുപ്രസാദ് പറഞ്ഞു.

4167 പേര്‍ക്ക് കൂടി കോവിഡ്, ആകെ മരണം 500 കടന്നു

സംസ്ഥാനത്ത് ഇന്ന് മാത്രം 4167 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം- 926, കോഴിക്കോട്- 404, കൊല്ലം- 355, എറണാകുളം- 348, കണ്ണൂർ- 330, തൃശൂർ- 326, മലപ്പുറം- 297, ആലപ്പുഴ- 274, പാലക്കാട്- 268, കോട്ടയം- 225, കാസർഗോഡ്- 145, പത്തനംതിട്ട- 101, ഇടുക്കി- 100, വയനാട്- 68 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് കോവിഡ് പോസിറ്റീവ് ആയത്.

വാരാന്ത്യത്തിലും ഇടിവോടെ ഓഹരി സൂചികകള്‍

ബാങ്കിംഗ് ഓഹരികളിലെ വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ ആഴ്ചയിലെ അവസാന വ്യാപാരദിനത്തില്‍ നഷ്ടം രേഖപ്പെടുത്തി ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 134 പോയ്ന്റ്, അഥവാ 0.34 ശതമാനം ഇടിഞ്ഞ് 38,846ല്‍ ക്ലോസ് ചെയ്തു. എച്ച് ഡി എഫ് സി ബാങ്കിന്റെ ഓഹരി വില രണ്ടുശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്.

നിഫ്റ്റി 11 പോയ്ന്റ്, 0.10 ശതമാനം താഴ്ന്ന് 11,505ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി ഫാര്‍മ സൂചിക അഞ്ചുശതമാനത്തോളം ഉയര്‍ന്നു.

കോവിഡ് വ്യാപനം നിയന്ത്രാതീതമായി തുടരുന്നതിനാല്‍ ആഗോളസൂചികകളും കാര്യമായ നേട്ടത്തിലായിരുന്നില്ല. ക്രൂഡ് ഓയ്ല്‍ വില നാലാംദിവസവും ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് കേരള കമ്പനികള്‍ക്ക് വിപണിയില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 11 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 16 കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. നേട്ടമുണ്ടാക്കിയ ഓഹരികളില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മുന്നിലുണ്ട്. 9.05 രൂപ ഉയര്‍ന്ന് (6.63 ശതമാനം) ഓഹരി വില 145.60 രൂപയിലാണ് ക്ലോസ് ചെയ്തത്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില 2.40 രൂപ ഉയര്‍ന്ന് (6.23 ശതമാനം) 40.95 രൂപയിലും ഇന്‍ഡിട്രേഡിന്റേത് 1.60 രൂപ ഉയര്‍ന്ന് (6.08 ശതമാനം) 27.90 രൂപയിലും കെഎസ്ഇയുടേത് 99.50 രൂപ ഉയര്‍ന്ന് (5 ശതമാനം) 2089.60 രൂപയിലും എത്തി.

പാറ്റ്‌സ്പിന്‍ ഇന്ത്യ (2.33 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (2.18 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (1.11 ശതമാനം), മണപ്പുറം ഫിനാന്‍സ് (0.90 ശതമാനം), നിറ്റ ജലാറ്റിന്‍ (0.63 ശതമാനം), സിഎസ്ബി ബാങ്ക് (0.31 ശതമാനം), കേരള ആയുര്‍വേദ (0.27 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള ഓഹരികള്‍.

നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍ ഈസ്‌റ്റേണ്‍ ട്രെഡ്‌സ് 4.92 ശതമാനം ഇടിവോടെ മുന്നിലാണ്. 2.15 രൂപ ഇടിവോടെ 41.55 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. എവിറ്റിയുടെ ഓഹരി വില 2.05 രൂപ ഇടിഞ്ഞ് (4.16 ശതമാനം) 47.20 രൂപയിലും ധനലക്ഷ്മി ബാങ്കിന്റേത് 45 പൈസ ഇടിഞ്ഞ് (3.22 ശതമാനം) 13.51 രൂപയിലുമെത്തി.
ഹാരിസണ്‍സ് മലയാളം (2.94 ശതമാനം), അപ്പോളോ ടയേഴ്‌സ് (2.90 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (2.28 ശതമാനം), കിറ്റെക്‌സ് (2.17 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.68 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.60 ശതമാനം), ഫെഡറല്‍ ബാങ്ക് (1.52 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.42 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.39 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (1.11 ശതമാനം), എഫ്എസിടി (0.86 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.61 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (0.42 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ കേരള ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it