ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 25, 2020

സര്‍ക്കാരിനെതിരെയുള്ള 20,000 കോടിരൂപയുടെ നികുതി കേസില്‍ വോഡഫോണ്‍ ഗ്രൂപ്പിന് ജയമെന്ന് റിപ്പോര്‍ട്ട്

സര്‍ക്കാരിനെതിരെയുള്ള നികുതി തര്‍ക്ക കേസില്‍ വോഡഫോണിന് ജയമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. 20,000 കോടി രൂപയുടെ മുന്‍കാല നികുതി തര്‍ക്കത്തിനാണ് വോഡഫോണ്‍ ഗ്രൂപ്പ് പിഎല്‍സിന് അനുകൂല വിധി വന്നതെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വോഡഫോണിന്മേല്‍ നികുതി ബാധ്യത ചുമത്തുന്നതും പലിശയും പിഴയും ഇന്ത്യയും നെതര്‍ലാന്റും തമ്മിലുള്ള നിക്ഷേപ ഉടമ്പടി കരാര്‍ ലംഘിക്കുന്നതാണെന്നും ഹേഗിലെ ഒരു അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രിബ്യൂണല്‍ വിധിച്ചു. ഈ അവസരത്തില്‍ വോഡഫോണില്‍ നിന്ന് കുടിശ്ശിക തേടുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും നിയമപരമായ ചെലവുകള്‍ക്ക് ഭാഗിക നഷ്ടപരിഹാരമായി കമ്പനിക്ക് 4.3 ദശലക്ഷം പൗണ്ട് (5.47 മില്യണ്‍ ഡോളര്‍) നല്‍കണമെന്നും ട്രിബ്യൂണല്‍ വിധി ന്യായം അറിയിച്ചിട്ടുള്ളതായാണ് വ്യക്തമാകുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വോഡഫോണ്‍ കമ്പനിയോ ധനമന്ത്രാലയമോ ഔദ്യോഗിക പ്രതികരണങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നിയമം ലംഘിച്ചു; 47,272 കോടി വകമാറ്റി ചെലവിട്ടു

കേന്ദ്ര സര്‍ക്കാര്‍ ചരക്കു സേവന നികുതി(ജി.എസ്.ടി.) നിയമം ലംഘിച്ചതായി സി.എ.ജി. റിപ്പോര്‍ട്ട്. നഷ്ടപരിഹാരത്തുകയായി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ടിയിരുന്ന നഷ്ടപരിഹാരത്തുകയ്ക്കുള്ള ഫണ്ട് മറ്റുആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതായാണ് സി.എ.ജിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമയിട്ടുള്ളത്. പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ച റിപ്പോര്‍ട്ടിലാണ് സിഎജിയുടെ ഈ സുപ്രധാനമായ നിഗമനം. 2017-18 , 2018-19 സാമ്പത്തിക വര്‍ഷമാണ് സര്‍ക്കാര്‍ നിയമം ലംഘിച്ചത്. സി.എഫ്.ഐയില്‍ (കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയില്‍) 47,272 കോടി രൂപ നിലനിര്‍ത്തുകയും പിന്നീട് ഈ തുക മറ്റാവശ്യങ്ങള്‍ക്കായി ഈ കാലയളവില്‍ വിനിയോഗിക്കുകയുമായിരുന്നു.

എന്നാല്‍ കേന്ദ്രത്തിന്റെ വീഴ്ചയല്ല മറിച്ച് കോമ്പന്‍സേഷന്‍ ഫണ്ടില്‍ തുകയില്ലാത്തതാണ് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കാന്‍ വൈകുന്നത് എന്നുമായിരുന്നു ലോക്സഭയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസ്താവന. അതേസമയം കോമ്പന്‍സേഷന്‍ ഫണ്ടിലേയ്ക്ക് പണം എത്താത്തത് കേന്ദ്രസര്‍ക്കാരിന്റെ തന്നെ വീഴ്ച കൊണ്ടാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സിഎജി.

തൊഴില്‍ മുഖ്യ ലക്ഷ്യമിട്ടാകും മൂന്നാം ഉത്തേജന പദ്ധതിയെന്ന് റിപ്പോര്‍ട്ട്

നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നാം പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ജനങ്ങളില്‍ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലുമാകും ഈ ഘട്ടത്തിലെ പ്രഖ്യാപനത്തില്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് സൂചന. നേരത്തെയുള്ള പ്രഖ്യാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പണം നേരിട്ട് വിപണിയില്‍ എത്തിക്കുന്നതിനാകും മുന്‍ഗണന. ആദ്യഘട്ടത്തില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജും രണ്ടാംഘട്ടത്തില്‍ ആത്മനിര്‍ഭര്‍ പദ്ധതിയുമായിരുന്നു പ്രധാന ആകര്‍ഷണങ്ങള്‍. നഗരങ്ങളില്‍ ജോലി സാധ്യത ഉറപ്പാക്കുന്നതിന് 35000 കോടി രൂപയുടെ പ്രഖ്യാപനമുണ്ടാകും. മാത്രമല്ല, ഈ വര്‍ഷം പൂര്‍ത്തിയാക്കുന്ന 25 വന്‍കിട പദ്ധതികളും പ്രഖ്യാപിച്ചേക്കും. അടിസ്ഥാന സൗകര്യമേഖലയില്‍ കൂടുതല്‍ വികസനം ഒരുക്കുകയാകും ചെയ്യുക. ഒപ്പം ഗ്രാമീണ തൊഴില്‍ മേഖലയ്ക്ക് ശക്തി പകരുന്ന പദ്ധതികള്‍ തുടരും. കാര്‍ഷിക പദ്ധതികളും പ്രഖ്യാപിച്ചേക്കമെന്നും മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ഷക ബില്‍; ദേശീയ തലത്തില്‍ പ്രതിഷേധം ശക്തം

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെ എതിര്‍ത്ത് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പുരോഗമിക്കുന്നു. ഭാരതീയ കിസാന്‍ യൂണിയനും മറ്റ് കര്‍ഷക സംഘടനകളുമാണ് ഭാരത് ബന്ദ് ആഹ്വാനം ചെയ്തിരുന്നത്. ദേശീയ തലത്തില്‍ ലക്ഷകണക്കിനു കര്‍ഷകര്‍ ബന്ദില്‍ അണിനിരന്നു. കോവിഡ് ഭീതിക്കിടയിലും രാജ്യമെമ്പാടും കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ റാലികളും സംഘടിക്കുന്നുണ്ട്. ബന്ദിന്റെ ഭാഗമായി ഡല്‍ഹി അമൃത്‌സര്‍ ദേശീയപാത കര്‍ഷകര്‍ ഉപരോധിച്ചു. പലയിടത്തും പ്രതിഷേധക്കാര്‍ ട്രെയിന്‍ സര്‍വീസ് തടഞ്ഞതായും ദേശീയ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. റെയില്‍വെ 20 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ഹരിയാനയിലും പഞ്ചാബിലും പ്രതിഷേധം കനത്തു. പഞ്ചാബില്‍ 1,500 ലേറെ കര്‍ഷകര്‍ റെയില്‍വെ ട്രാക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഭാരത് ബന്ദിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതായി രാഹുല്‍ഗാന്ധിയും അറിയിച്ചിട്ടുണ്ട്.

ജിയോയെ മറികടന്ന് 4ജിയില്‍ എയര്‍ടെല്‍

കൊടുമ്പിരി കൊണ്ട 4ജി മല്‍സരത്തില്‍ എയര്‍ടെല്‍ മുന്നിലെത്തി. ജൂണില്‍ 5.29 മില്യണ്‍ 4ജി ഉപഭോക്താക്കളെ ചേര്‍ക്കാന്‍ എയര്‍ടെല്ലിന് കഴിഞ്ഞു. എന്നാല്‍ ജിയോയ്ക്ക് 4.5 മില്യണ്‍ ഉപഭോക്താക്കളെ മാത്രമേ ചേര്‍ക്കാന്‍ കഴിഞ്ഞുള്ളു. വോഡഫോണ്‍ ഐഡിയയ്ക്ക് ജൂണില്‍ 3.39 മില്യണ്‍ 4ജി ഉപഭോക്താക്കളെയാണ് ചേര്‍ക്കാന്‍ കഴിഞ്ഞത്. ട്രായ് പുറത്തുവിട്ട ഡാറ്റ പ്രകാരം വോഡഫോണ്‍ ഐഡിയയുടെ 4ജി ഉപഭോക്താക്കളുടെ ജൂണിലെ മൊത്തം എണ്ണം 116.44 മില്യണാണ്. മെയില്‍ ഉപയോക്താക്കളുടെ എണ്ണം 113.05 മില്യണായിരുന്നു.

ജൂണില്‍ എയര്‍ടെല്ലിന്റെ 4ജി ഉപഭോക്താക്കളുടെ എണ്ണം 148.84 പേരാണ്. എന്നാല്‍ മെയില്‍ 143.55 മില്യണ്‍ ഉപഭോക്താക്കളായിരുന്നു. എന്നാല്‍ ജൂണില്‍ എയര്‍ടെല്ലിന് 1.12 മില്യണ്‍ 2ജി ഉപഭോക്താക്കളെ നഷ്ടമായി. വൊഡാഫോണ്‍ ഐഡിയക്ക് നഷ്ടമായത് 4.82 മില്യണ്‍ ഉപയോക്താക്കളാണ്. ബിഎസ്എന്‍എല്ലിന് 1.74 മില്യണ്‍ 2ജി ഉപയോക്താക്കളെയും നഷ്ടമായി.

ആശ്വാസമായി കെഎസ്എഫ്ഇ പ്രവാസി ചിട്ടി; മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് പൂര്‍ണ തുക

കൊവിഡ് ബാധിച്ച് മരിച്ചയാള്‍ ഉള്‍പ്പെടെ മരിച്ച നാല് പ്രവാസി വരിക്കാരുടെ കുടുംബങ്ങള്‍ക്ക് പ്രവാസി ചിട്ടിയില്‍ നിന്ന് പൂര്‍ണ തുക നല്‍കുമെന്ന് കെഎസ്എഫ്ഇ. ചിട്ടികളുടെ ഭാവി തവണകള്‍ ഒഴിവാക്കുവാനും തിരുമാനമെടുത്തതായി കെഎസ്എഫ്ഇ അറിയിച്ചിട്ടുണ്ട്. കോവിഡ് ബാധമൂലം മരണമടയുന്നവര്‍ക്ക് അവരുടെ മൊത്തം തുക അഡ്വാന്‍സായി കെഎസ്എഫ്ഇ തന്നെ നല്‍കാന്‍ നേരത്തേ തിരുമാനിച്ചിരുന്നു. ഇത്തരത്തില്‍ അനിശ്ചിതത്വം നിറഞ്ഞ ജീവിത വേളയില്‍ പ്രവാസികള്‍ക്ക് ആശ്വാസമാകുകയാണ് പ്രവാസി ചിട്ടി. ഏതുതരം വരുമാനക്കാര്‍ക്കും യോജിച്ച രീതിയില്‍ പ്രതിമാസ വരിസംഖ്യ വെറും 2,500 രൂപയില്‍ തുടങ്ങുന്ന ചിട്ടികള്‍ നിലവിലുണ്ട്.

സെപ്റ്റംബറിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍

സെപ്റ്റംബറിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്റെ വിതരണം ഇന്നുമുതല്‍ ആരംഭിച്ച് സര്‍ക്കാര്‍. സംസ്ഥാനത്താകെ 54,73,343 ഗുണഭോക്താക്കളാണ് സാമൂഹ്യ സുരക്ഷ പെന്‍ഷനുള്ളത്. പുതുക്കിയ പെന്‍ഷന്‍ തുകയായ 1400 രൂപവീതമാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന് അര്‍ഹരായവര്‍ക്ക് ലഭിക്കുക. ക്ഷേമനിധി പെന്‍ഷന്‍ വിതരണവും വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഇളവ് ആനുകൂല്യം ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ലഭിക്കില്ല. ഇത്തരക്കാര്‍ക്ക് പഴയ നിരക്കില്‍ തന്നെ പെന്‍ഷന്‍ തുടരും. സാമൂഹ്യസുരക്ഷാ പെന്‍ഷനായി 606.63 കോടി രൂപയും ക്ഷേമ പെന്‍ഷനായി 85.35 കോടി രൂപയുമാണ് സര്‍ക്കാര്‍ ഇത്തവണ അനുവദിച്ചിരിക്കുന്നത്. സാമൂഹ്യസുരക്ഷാ പെന്‍ഷന് 48,53,733 പേരും ക്ഷേമ പെന്‍ഷന് 6,19,610 പേരും അര്‍ഹരാണ്.

കൊവിഡ് കാലത്തും കേരള ടൂറിസത്തിന് അംഗീകാരം; പാറ്റാ ഗ്രാന്റ് പുരസ്‌കാരം

ഈ വര്‍ഷത്തെ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ (പാറ്റാ) ഗ്രാന്‍ഡ് പുരസ്‌കാരം കേരള ടൂറിസത്തിന്. കേരള ടൂറിസത്തിന്റെ ഹ്യൂമന്‍ ബൈ നേച്ചര്‍ എന്ന പ്രചാരണപരിപാടിക്കാണ് പുരസ്‌കാരം. ബീജിങ്ങില്‍ നടന്ന തത്സമയ വെര്‍ച്വല്‍ അവാര്‍ഡ്ദാന ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്. പാറ്റാ നല്‍കുന്ന മൂന്ന് ഗ്രാന്‍ഡ് അവാര്‍ഡുകളിലൊന്നാണ് കേരള ടൂറിസം സ്വന്തമാക്കിയത്. കൊവിഡ്കാലത്തും കേരളത്തിന്റെ ടൂറിസം വളര്‍ച്ചയില്‍ രാജ്യാന്തരശ്രദ്ധ നേടിക്കൊടുക്കുന്ന സുവര്‍ണ്ണ നേട്ടമാണിത്.

വായ്പാ ലഭ്യത റേറ്റിംഗായ എ-സ്റ്റേബിള്‍ നിലനിര്‍ത്തി ഇന്‍ഫോപാര്‍ക്ക്

ഐടി കമ്പനികള്‍ വര്‍ക്ക്-ഫ്രം-ഹോം സമ്പ്രദായത്തിലേയ്ക്ക് മാറിയ കൊവിഡ് കാലത്തും മികച്ച വായ്പാ ലഭ്യതയ്ക്കുള്ള ക്രിസില്‍ റേറ്റിംഗ് നിലനിര്‍ത്തി ഇന്‍ഫോപാര്‍ക്‌സ് കേരള. 123 കോടി രൂപ ദീര്‍ഘകാല വായ്പാശേഷിയോടെ 'എ മൈനസ് സ്റ്റേബിള്‍ റേറ്റിംഗ്' ഇന്‍ഫോപാര്‍ക്ക്‌സ് കേരളയ്ക്ക് നല്‍കിയിരിക്കുന്നതിലൂടെ കമ്പനിയുടെ മികച്ച സാമ്പത്തികഭദ്രതയാണ് കാണിക്കുന്നതെന്ന് ഐടി പാര്‍ക്‌സ് കേരള സിഇഒ ശശി പി എം വ്യക്തമാക്കി. 'റിയല്‍എസ്റ്റേറ്റ് മേഖല വന്‍തിരിച്ചടി നേരിടുന്ന കാലത്തും ഇന്‍ഫോപാര്‍ക്‌സ് കേരളയുടെ പ്രവര്‍ത്തനമികവിന്റെ ഉദാഹരണമായാണ് ക്രിസില്‍ റേറ്റിംഗിനെ കാണാവുന്നത്. നിക്ഷേപ സാധ്യതകള്‍, വായ്പകള്‍, മൂലധന സമാഹരണം തുടങ്ങിയ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വാസ്യതയുള്ള ഏജന്‍സിയുടെ റേറ്റിംഗ് കമ്പനികള്‍ക്ക് ആവശ്യമാണ്. ഇന്‍ഫോപാര്‍ക്‌സ് കേരളയുടെ സാമ്പത്തിക ഭദ്രതയാണ് ക്രിസില്‍ റേറ്റിംഗിലൂടെ വ്യക്തമാകുന്നത്.' അദ്ദേഹം പറഞ്ഞു.

ആറുദിവസത്തെ താഴ്ചയ്‌ക്കൊടുവില്‍ ഇന്ന് വിപണിയില്‍ ‘ഗുഡ് ഫ്രൈഡേ’

തുടര്‍ച്ചയായി ആറു ദിവസത്തെ ഇടിവിന് ശേഷം ഇന്ന് ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഈ ആഴ്ചയിലെ വ്യാപാരം അവസാനിക്കുമ്പോള്‍, നിഫ്റ്റി നിര്‍ണായകമായ 11,000 എന്ന തലത്തിലേക്ക് തിരിച്ചെത്തി. സെന്‍സെക്‌സ് 835 പോയ്ന്റ് ഉയര്‍ന്ന് 37,389ലെത്തി.
നിഫ്റ്റി 245 പോയ്ന്റ് അഥവാ 2.26 ശതമാനം ഉയര്‍ന്ന് 11,050ല്‍ ക്ലോസ് ചെയ്തു.
ഈ ആഴ്ചയിലെ പ്രകടനം കണക്കിലെടുത്താല്‍ സെന്‍സെക്‌സും നിഫ്റ്റിയും തൊട്ടു മുന്‍വാരത്തേക്കാള്‍ നാല് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

കേരള കമ്പനികളുടെ പ്രകടനം

ഓഹരി വിപണിയില്‍ ഇന്നുണ്ടായ മുന്നേറ്റത്തിന്റെ പ്രതിഫലനം കേരള ഓഹരികളിലും പ്രകടമായി. കേരള കമ്പനികളില്‍ 21 എണ്ണവും ഇന്ന് നേട്ടമുണ്ടാക്കി. ആറ് ഓഹരികള്‍ക്ക് കാലിടറുകയും ചെയ്തു. ബാങ്ക് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെല്ലാം നേട്ടമുണ്ടാക്കിയെന്നതാണ് ഇന്നത്തെ പ്രത്യേകത. 8.70 ശതമാനം വര്‍ധനവോടെ മണപ്പുറം ഫിനാന്‍സ് നേട്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നിലുണ്ട്. 12.25 രൂപ വര്‍ധിച്ച് മണപ്പുറത്തിന്റെ ഓഹരി വില 153 രൂപയായി. മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരി വില 71.35 രൂപ ഉയര്‍ന്ന് (7.01 ശതമാനം) 1089.25 രൂപയും കൊച്ചിന്‍ മിനറല്‍സിന്റേത് 5.40 രൂപ ഉയര്‍ന്ന് (4.67 ശതമാനം) 121 രൂപയും ഫെഡറല്‍ ബാങ്കിന്റേത് രണ്ടു രൂപ ഉയര്‍ന്ന് (4.37 ശതമാനം) 47.75 രൂപയുമായി.


കമ്മോഡിറ്റി വിലകള്‍ (കൊച്ചി)
ഏലം: 1573.99 (Vandanmettu/Rs./Kg)

കുരുമുളക്:

Cochin Garbled 350.00(Rs./Kg)
Cochin Ungarbled 330.00 (Rs./Kg)

റബ്ബര്‍:
Category

RSS4 13300.0
RSS5 12900.0
ISNR20 10850.0
Latex(60%) 7715.0

സ്വര്‍ണം ( 1 ഗ്രാം,Rs) : 4615 , ഇന്നലെ : 4590,

വെള്ളി ( 1 ഗ്രാം,Rs) : 59.30 , ഇന്നലെ : 57

കോവിഡ് അപ്ഡേറ്റ്സ്

കേരളത്തില്‍ ഇന്ന് :

രോഗികള്‍ 6,477
മരണം : 22

കേരളത്തില്‍ ഇതുവരെ:

രോഗികള്‍: 1,60,933
മരണം : 635

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 5,818,570 , ഇന്നലെ വരെ : 5,732,518

മരണം : 92,290 , ഇന്നലെ വരെ : 91,149

ലോകത്ത് ഇതുവരെ:

രോഗികള്‍: 32,141,225 , ഇന്നലെ വരെ : 31,779,835

മരണം : 981,808 , ഇന്നലെ വരെ : 975,104

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it