ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 03, 2020

കൊറോണ അപ്‌ഡേറ്റ്‌സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 962 പേര്‍ക്ക് കൂടി കോവിഡ്. (ഓഗസ്റ്റ് ഒന്നിലെ കണക്ക്: 1129 ) 11,484 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 1,803,695 (ഓഗസ്റ്റ് ഒന്ന് വരെയുള്ള കണക്ക്:1,695,988)

മരണം : 38,135(ഓഗസ്റ്റ് ഒന്ന് വരെയുള്ള കണക്ക്: 36,511 )

ലോകത്ത് ഇതുവരെ

രോഗികള്‍: 18,079,136(ഓഗസ്റ്റ് ഒന്ന് വരെയുള്ള കണക്ക്: 17,591,968 )

മരണം: 689,347(ഓഗസ്റ്റ് ഒന്ന് വരെയുള്ള കണക്ക്: 679,439 )

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 5020 രൂപ (ഇന്നലെ 5021രൂപ )

ഒരു ഡോളര്‍: 75.19 രൂപ (ഇന്നലെ: 74.90രൂപ )

ക്രൂഡ് ഓയ്ല്‍

WTI Crude40.44+0.42%
Brent Crude43.69+0.39%
Natural Gas1.991+10.67%

ഓഹരി വിപണിയില്‍ ഇന്ന്

വിപണിയുടെ മുന്നേറ്റത്തിന് കാരണമായ അതേ ഓഹരികള്‍ തന്നെ ഇന്ത്യന്‍ ഓഹരി വിപണിയുടെ താഴ്ചയ്ക്കും കാരണമാകുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുന്നേറ്റത്തില്‍ പുതിയ ഉയരങ്ങളിലേക്ക് പോയ വിപണി, ഇന്ന് റിലയന്‍സ് ഓഹരികളുടെ വില താഴേയ്ക്ക് പോയപ്പോള്‍ താഴ്ന്നു. റിലയന്‍സ്, ബാങ്കിംഗ് ഓഹരികള്‍ മങ്ങിയ പ്രകടനം കാഴ്ചവെച്ചപ്പോള്‍ സെന്‍സെക്സിന് ഇന്ന് നഷ്ടമായത് 667 പോയ്ന്റ്. അതായത് 1.77 ശതമാനം ഇടിഞ്ഞ് 36.940 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്സിലെ 30 കമ്പനികളില്‍ 24 എണ്ണവും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി, ഇന്‍ഫോസിസ് എന്നിവയാണ് മോശം പ്രകടനം കാഴ്ചവെച്ച കമ്പനികള്‍. അതോടെ സൂചികകളും ഇടിഞ്ഞു.

കേരള കമ്പനികളുടെ പ്രകടനം

പതിനാലോളം കേരള കമ്പനികള്‍ ഇന്ന് നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. ബാങ്കിംഗ് ഓഹരികളില്‍ സിഎസ്ബി ബാങ്കും ധനലക്ഷ്മിയും നില മെച്ചപ്പെടുത്തിയപ്പോള്‍ ഫെഡറല്‍ ബാങ്കിന്റെയും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും വിലകള്‍ താഴ്ന്നു. എന്‍ബിഎഫ്സികളില്‍ മണപ്പുറവും മുത്തൂറ്റ് ഫിനാന്‍സും മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസും കഴിഞ്ഞ ദിവസത്തേക്കാള്‍ വില മെച്ചപ്പെടുത്തി. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വിലയിലും ഇന്ന് മുന്നേറ്റം പ്രകടമായി. കേരള ആയുര്‍വേദയാണ് ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ച മറ്റൊരു കേരള കമ്പനി. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സിന്റെ വിലയിലും കാര്യമായ മുന്നേറ്റമുണ്ടായി.

മറ്റ് ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍

പിഎംഐ സൂചിക വീണ്ടും താഴേക്ക്; അണ്‍ലോക്കിലും രക്ഷയില്ലാതെ രാജ്യത്തെ ഉല്‍പ്പാദന മേഖല

ഇന്ത്യയിലെ ഉല്‍പാദനം ജൂണിനേക്കാള്‍ വേഗത്തില്‍ ചുരുങ്ങി. ഡിമാന്‍ഡ് മാന്ദ്യത്തിനിടയിലെ പ്രാദേശിക ലോക്ക്ഡൗണുകള്‍ ദേശീയ തലത്തില്‍ ബിസിനസ്സ് പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ഡാറ്റാ അനലിറ്റിക്‌സ് കമ്പനിയായ ഐഎച്ച്എസ് മാര്‍ക്കിറ്റ് പുറത്തുവിട്ട ഡാറ്റയില്‍ പര്‍ച്ചേസിംഗ് മാനേജേര്‍സ് സൂചിക (പിഎംഐ) ജൂലൈയില്‍ 46 ല്‍ എത്തി. ജൂണില്‍ ഇത് 47.2 ആയിരുന്നു. പിഎംഐ 50ല്‍ താഴെ സങ്കോചത്തെയാണ് സൂചിപ്പിക്കുന്നത്.

ഇഎസ്‌ഐ പദ്ധതിയിലെ പ്രസവ ചികിത്സാ പരിരക്ഷ വര്‍ധിപ്പിക്കുന്നു

ഇഎസ്‌ഐ കോര്‍പ്പറേഷന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ കീഴില്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള വനിതാ ജീവനക്കാരിക്ക് പ്രസവ ചികിത്സാ ചെലവ് നിലവിലുള്ള 5000 രൂപയില്‍ നിന്നും 7500 രൂപയാക്കി വര്‍ധിപ്പിക്കും. ഇ എസ് ഐ കോര്‍പ്പറേഷന് (എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍) കീഴില്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള പുരുഷജീവനക്കാര്‍ക്കും ഭാര്യയുടെ പ്രസവ ചികിത്സാ ചെലവായി ഈ തുകയ്ക്ക് അര്‍ഹതയുണ്ടായിരിക്കും.

ഇരുചക്ര വാഹന വില്‍പ്പനയില്‍ നേരിയ പുരോഗതി

ഓഗസ്റ്റ് ഒന്നിന് പ്രമുഖ കമ്പനികള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ജൂലൈ മാസത്തെ വില്‍പ്പനയില്‍ നേരിയ പുരോഗതി രേഖപ്പെടുത്തിയതായി രാജ്യത്തെ ഇരുചക്ര വാഹനനിര്‍മ്മാതാക്കള്‍ അറിയിച്ചു. കൊവിഡ് 19 മഹാമാരിയുടെ ഈ സമയത്ത് വ്യക്തിഗത ഗതാഗതത്തിന്റെ ആവശ്യകതയേറുന്നതിനാല്‍, ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ), ടിവിഎസ് മോട്ടോര്‍, റോയല്‍ എന്‍ഫീല്‍ഡ് എന്നിവയുടെ വില്‍പ്പന ജൂലൈയില്‍ 7,69,045 യൂണിറ്റായി ഉയര്‍ന്നു.

പലിശ നിരക്ക് കുത്തനെ കുറയുമ്പോഴും ബാങ്ക് നിക്ഷേപത്തില്‍ വന്‍ വര്‍ധന

പലിശ നിരക്ക് കുത്തനെ കുറയുമ്പോഴും ബാങ്ക് നിക്ഷേപത്തില്‍ വന്‍ വര്‍ധന. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലായ് 3 വരെയുള്ള കാലയളവിലെത്തിയ നിക്ഷേപം 6.1 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ മൂന്നു ലക്ഷം കോടി രൂപയുടെ ഇരട്ടിയിലേറെ വരുമിത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ നിക്ഷേപത്തില്‍ 24 ശതമാനവും എസ്ബിഐയുടെ നിക്ഷേപത്തില്‍ 16 ശതമാനവുമാണ് വര്‍ധനയുണ്ടായത്.

ഇന്ത്യന്‍ കര്‍ഷകര്‍ക്കു തുണയേകി മണ്‍സൂണ്‍

മണ്‍സൂണിന്റെ മികച്ച സാഹചര്യം രാജ്യത്തെ കര്‍ഷകരെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം കൂടുതല്‍ കൃഷി ചെയ്യാന്‍ സഹായിച്ചതായി കാര്‍ഷിക മന്ത്രാലയം അറിയിച്ചു. നെല്ല്, ധാന്യം, പരുത്തി, സോയാബീന്‍ വിളകളുടെ കൃഷിയില്‍ മുന്‍ വര്‍ഷത്തെക്കാള്‍ വര്‍ധനവുളളതായി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 31 വരെ വേനല്‍ക്കാല വിളകളില്‍ ഓരോന്നിലും കൃഷി കൂടുതല്‍ ഏക്കറുകളിലേക്ക് വ്യാപിച്ചു.ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്തിന്റെ പ്രധാന ഭക്ഷ്യവിളയായ നെല്ലിന്റെ കാര്‍ഷിക വിസ്തീര്‍ണ്ണം 26.7 ദശലക്ഷം ഹെക്ടറാണ്. കഴിഞ്ഞ വര്‍ഷം 22.4 ദശലക്ഷം ഹെക്ടറായിരുന്നു.

പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി വിഹിതം 51 ശതമാനമായി കുറയ്ക്കാമെന്ന് ആര്‍ബിഐ

ആറ് പ്രമുഖ പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാരിന്റെ ഓഹരി അടുത്ത 12 മുതല്‍ 18 മാസത്തിനുള്ളില്‍ 51 ശതമാനമായി കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു. ഇത് സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ ശ്രമങ്ങള്‍ക്ക് ആവശ്യമായ മുന്നേറ്റം നല്‍കുമെന്നാണ് പ്രതീക്ഷ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , പഞ്ചാബ് നാഷണല്‍ ബാങ്ക് , ബാങ്ക് ഓഫ് ബറോഡ , കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഇതിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്.

മദ്യത്തിന് കൊറോണ സെസ് ചുമത്തിയ സംസ്ഥാനങ്ങളില്‍ വില്‍പ്പന കുത്തനെ ഇടിഞ്ഞു

കോവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യത്തിന് പ്രത്യേക കൊറോണ സെസ് ചുമത്തിയ സംസ്ഥാനങ്ങളില്‍ വില്‍പ്പന കുത്തനെ ഇടിഞ്ഞു.ഡല്‍ഹി, ആന്ധ്രപ്രദേശ്, ഒഡിഷ, ജമ്മു കശ്മീര്‍, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് 50 ശതമാനം സെസ് ഏര്‍പ്പെടുത്തിയത്. ഇവിടങ്ങളില്‍ മെയ് മാസത്തില്‍ 66 ശതമാനവും ജൂണില്‍ 51 ശതമാനവും മദ്യവില്‍പ്പന ഇടിഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബിവറേജ് കമ്പനീസിന്റേതാണ് റിപ്പോര്‍ട്ട്.

വിപണിയില്‍ നിന്നു വായ്പയെടുക്കാന്‍ ജിഎസ്ടി കൗണ്‍സിലിന് അനുകൂല നിയമോപദേശം

ജിഎസ്ടി സംവിധാനം നടപ്പാക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ സെസ് തുക മതിയാവില്ലെങ്കില്‍ വിപണിയില്‍ നിന്നു വായ്പയെടുക്കണമോയെന്ന് ജിഎസ്ടി കൗണ്‍സിലിനു തീരുമാനിക്കാമെന്ന് അറ്റോര്‍ണി ജനറലിന്റെ ഉപദേശം. നിലവിലെ സ്ഥിതിയില്‍ നഷ്ടപരിഹാരത്തിന് സെസ് തുക മാത്രം പോരെന്നും സംസ്ഥാനങ്ങള്‍ക്കു നല്‍കാന്‍ തങ്ങളുടെ കൈയില്‍ പണമില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഈ സാഹചര്യത്തിലാണ് പോംവഴികളെക്കുറിച്ച് ജിഎസ്ടി കൗണ്‍സില്‍ അറ്റോര്‍ണി ജനറലിനോട് ഉപദേശം തേടിയത്.

സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീമിന്റെ അഞ്ചാം ഘട്ട സബ്സ്‌ക്രിപ്ഷന്‍ തുടങ്ങി

സുരക്ഷിത സ്വര്‍ണ നിക്ഷേപമായ സോവറിന്‍ ഗോള്‍ഡ് ബോണ്ട് സീരീസിന്റെ വിതരണം തിങ്കളാഴ്ച ആരംഭിച്ചു. 2020-21 ലെ അഞ്ചാം ഘട്ട സബ്സ്‌ക്രിപ്ഷനാണ് ഇന്ന് തുടങ്ങിയിരിക്കുന്നത്. ഗ്രാമിന് 5,334 രൂപയാണ് ഇത്തവണ ബോണ്ടിന്റെ ഇഷ്യു വില നിശ്ചയിച്ചിരിക്കുന്നത്. ആഗസ്റ്റ് 7 വരെയാണ് ബോണ്ടിനായി അപേക്ഷിക്കാന്‍ കഴിയുക. ഇതുവരെ ഉള്ളതില്‍ ഏറ്റവും ഉയര്‍ന്ന വിലയാണ് സ്വര്‍ണവിലക്കയറ്റത്തോടനുബന്ധിച്ച് ഗോള്‍ഡ് ബോണ്ടിന്റെ ഏറ്റവും ചെറിയ സബ്സ്‌ക്രിപ്ഷന് ഉള്ളത്. ആഗസ്റ്റ് 11 ആണ് സെറ്റില്‍മെന്റ് തീയതി.

ഐ.പി.എല്‍ സ്‌പോണ്‍സര്‍ഷിപ് ചൈനീസ് കമ്പനികള്‍ക്ക് തന്നെ; പ്രതിഷേധം കത്തിപ്പടരുന്നു

ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തെ തുടര്‍ന്ന് ചൈനീസ് ഉല്‍പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ ഇന്ത്യന്‍ പൗരന്മാരോട് ആഹ്വാനം ചെയ്തിട്ട് ഐ പി എല്‍ ക്രിക്കറ്റിന് ചൈനീസ് ഫോണ്‍ നിര്‍മ്മാണ കമ്പനിയെ തന്നെ മുഖ്യ സ്‌പോണ്‍സറാക്കിയെന്ന ആക്ഷേപം സോഷ്യല്‍ മീഡിയയില്‍ ശക്തം. ചൈനയ്ക്ക് നമ്മോട് ബഹുമാനമില്ലാത്തതിന് മറ്റ് കാരണങ്ങള്‍ തേടേണ്ട ചൈനീസ് സ്‌പോണ്‍സര്‍ഷിപ്പ് നിലനിര്‍ത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുളള രേഖപ്പെടുത്തി.

ചൈനീസ് വിരോധം നേട്ടമാക്കാന്‍ സാംസംഗ്

അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് ചൈനാ വിരുദ്ധ വികാരം അണപൊട്ടിയപ്പോള്‍ മുതലെടുക്കാനൊരുങ്ങി സാംസംഗ്. ഇതിനകം തന്നെ സ്മാര്‍ട്ട് ഫോണുകളുടെ വിപണി പങ്കാളിത്തത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയ സാംസംഗ് കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കിയും ഓണ്‍ലൈന്‍ സാന്നിധ്യം വര്‍ധിപ്പിച്ചും ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ്. സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ പ്രമുഖ ചൈനീസ് ഇതര ബ്രാന്‍ഡ് എന്ന ആകര്‍ഷണീയതയാണ് സാംസംഗിന്റെ കരുത്ത്.

ടിക് ടോക്ക് ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റിന് വഴി തെളിഞ്ഞു; ട്രംപ് വഴങ്ങി

മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയുടെ അഭ്യര്‍ത്ഥനയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വഴങ്ങി. ജനപ്രിയ ഹ്രസ്വ-വീഡിയോ ആപ്ലിക്കേഷന്‍ ടിക് ടോക്കിന്റെ വില്‍പ്പന സംബന്ധിച്ച് മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനുമായി ചര്‍ച്ച ചെയ്യാന്‍ ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍സിന് 45 ദിവസം അനുവദിക്കാമെന്ന് ട്രംപ് സമ്മതിച്ചു.

ഫര്‍ണിച്ചര്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിവയുടെ ഇറക്കുമതിക്കും നിയന്ത്രണം വരുന്നു

രാജ്യത്തേക്ക് ഫര്‍ണിച്ചറുകള്‍, കളിപ്പാട്ടങ്ങള്‍, കായികോപകരണങ്ങള്‍, തുണിത്തരങ്ങള്‍, എയര്‍കണ്ടീഷണറുകള്‍ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു. ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ ദിവസം കളര്‍ ടെലിവിഷനുകള്‍ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം കൊണ്ടു വന്നതിനു പിന്നാലെയാണ് പുതിയ നടപടി. കഴിഞ്ഞ മാസം വിവിധ വാഹനങ്ങള്‍ക്കുള്ള ടയറുകളുടെ ഇറക്കുമതിക്കും നിയന്ത്രണം കൊണ്ടു വന്നിരുന്നു.

ജിമ്മുകളും യോഗാ കേന്ദ്രങ്ങളും തുറക്കുന്നു; ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കി

അണ്‍ലോക്ക് മൂന്നിന്റെ ഭാഗമായി ഓഗസ്റ്റ് 5 മുതല്‍ രാജ്യത്തെ ജിമ്മുകളും യോഗാ കേന്ദ്രങ്ങളും തുറക്കുന്നതിനായുള്ള മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ജീവനക്കാര്‍ക്കും പരിശീലനത്തിന് എത്തുന്നവര്‍ക്കും ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പരിശീലനത്തിന് എത്തുന്നവര്‍ ശാരീരിക അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. സമയക്രമം പുനഃക്രമീകരിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. രാത്രി പ്രവര്‍ത്തനം വിലക്കിയിട്ടുണ്ട്. മണിക്കൂറില്‍ ഒന്നു വീതം അണുനശീകരണം വേണമെന്നതാണ് മറ്റൊരു നിബന്ധന.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it