ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 20, 2020

കൊറോണ അപ്‌ഡേറ്റ്‌സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 1968 പേര്‍ക്ക് കൂടി കോവിഡ്. (ഇന്നലെ 2333 ) 18123 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 2,836,925(ഇന്നലെ വരെയുള്ള കണക്ക്: 27,67,273 )

മരണം : 53,866(ഇന്നലെ വരെയുള്ള കണക്ക്: 53,014 )

ലോകത്ത് ഇതുവരെ

രോഗികള്‍: 22,411,300(ഇന്നലെ വരെയുള്ള കണക്ക്: 22,136,954)

മരണം: 787,672(ഇന്നലെ വരെയുള്ള കണക്ക്: 780,908 )

ഓഹരി വിപണിയില്‍ ഇന്ന്

തുടര്‍ച്ചയായി മൂന്നു ദിവസം നേട്ടം കൊയ്ത ഓഹരി വിപണി ഇന്ന് വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് താഴ്ന്നു. സെന്‍സെക്സ് 394 പോയ്ന്റ്, ഒരു ശതമാനം താഴ്ന്ന് 38,220 ലും നിഫ്റ്റി 11,312 ലും ക്ലോസ് ചെയ്തു. സെന്‍സെക്സ് സൂചികയിലെ കമ്പനികളില്‍ ഇന്ന് ഏറ്റവും നഷ്ടമുണ്ടായത് എച്ച് ഡി എഫ് സി ലിമിറ്റഡിനാണ്. രണ്ടു ശതമാനത്തിലേറെ താഴ്ന്നു. എന്‍ ടി പി സി ഏഴ് ശതമാനത്തിലേറെ ഉയര്‍ന്നു. ഐസിഐസിഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളില്‍ ഇന്ന് കനത്ത വില്‍പ്പന സമ്മര്‍ദ്ദമായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

ധനകാര്യ മേഖലയിലെ കമ്പനികള്‍ക്ക് ഇന്ന് മോശം ദിനമായിരുന്നു. എന്‍ബിഎഫ്സികളുടെയെല്ലാം തന്നെ വില ഇടിഞ്ഞു. മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികള്‍ അഞ്ചു ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ മണപ്പുറം ഫിനാന്‍സ് ഓഹരി വില 1.63 ശതമാനവും മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് വില 0.91 ശതമാനവും കുറഞ്ഞു.
ബാങ്കുകളില്‍ സിഎസ്ബി ബാങ്കും ധനലക്ഷ്മി ബാങ്കും നേരിയ നേട്ടത്തോടെ പിടിച്ചു നിന്നപ്പോള്‍ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് വിലകളില്‍ ഇടിവുണ്ടായി. ജെആര്‍ജിയുടെ ഓഹരി വിലയും ഇന്ന് കുറഞ്ഞു. അതേ സമയം ജിയോജിത്ത് ഓഹരി വില മൂന്നു ശതമാനത്തിനു മുകളില്‍ ഉയര്‍ന്നു.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4860 രൂപ (ഇന്നലെ 4930 രൂപ )

ഒരു ഡോളര്‍: 75.10 രൂപ (ഇന്നലെ: 74.85 രൂപ )

ക്രൂഡ് ഓയ്ല്‍ നിലവാരം

WTI Crude41.83+0.61
Brent Crude44.85+0.45
Natural Gas2.260+0.022

മറ്റ് ബിസിനസ് വാര്‍ത്തകള്‍:

മിനിമം ബാലന്‍സ്: പിഴ ഒഴിവാക്കി എസ്ബിഐ

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ ചുമത്തിയിരുന്ന പിഴ ഒഴിവാക്കി. എസ്എംഎസ് ചാര്‍ജ്ജും ഈടാക്കില്ല.ഇന്‍ര്‍നെറ്റ് ബാങ്കിംഗും ചെക്ക് ബുക്ക് സൗകര്യവുമുള്ള സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കും ഇതു ബാധകമാണെന്ന് ട്വിറ്റിലൂടെ ബാങ്ക് അറിയിച്ചു. എസ്ബിഐ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ ഉയര്‍ന്ന ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് സൗജന്യമായി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള പരിധി ഉയര്‍ത്തുമെന്ന തീരുമാനവും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. നിശ്ചിത തുകയില്‍ കൂടുതല്‍ ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് പ്രതിമാസം കൂടുതല്‍ തവണ സൗജന്യമായി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാം. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ സേവിങ്‌സ് അക്കൗണ്ടില്‍ ഉള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചേക്കും.

രണ്ട് ട്രില്യണ്‍ ഡോളര്‍ മൂല്യവുമായി ആപ്പിള്‍; പ്രമുഖ രാജ്യങ്ങളുടെ ജി.ഡി.പി മറികടന്നു

കോവിഡ് പ്രതിസന്ധിക്കിടയിലും റഷ്യയും ബ്രസീലും ഉള്‍പ്പെടെ പ്രമുഖ രാജ്യങ്ങളുടെ ജിഡിപിയെ മറികടന്ന് ആപ്പിളിന്റെ വിപണി മൂല്യം രണ്ട് ട്രില്യണ്‍ ഡോളര്‍ കവിഞ്ഞു. ഇന്ത്യയുടെ ജിഡിപിയെയും അധികം വൈകാതെ ആപ്പിളിന്റെ വിപണി മൂല്യം പിന്നിലാക്കുമെന്ന സൂചന നല്‍കുന്നുണ്ട് ഇതുവരെയുള്ള കണക്കുകള്‍. ആമസോണ്‍ ഡോട്ട് കോം, മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ എന്നിവ 1.7 ട്രില്യണ്‍ ഡോളറിന് തൊട്ടു താഴെ വിപണി മൂല്യവുമായി ആപ്പിളിനു പിന്നില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

ധനലക്ഷ്മി ബാങ്കിന് നാല് പുതിയ ഡയറക്ടര്‍മാര്‍

ധനലക്ഷ്മി ബാങ്കിന്റെ പുതിയ ഡയറക്ടര്‍മാരായി മുന്‍ ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്‍ പി.കെ. വിജയകുമാര്‍, ഫെഡറല്‍ ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍ ജി. രാജഗോപാലന്‍ നായര്‍ എന്നിവര്‍ നിയമിതരായി. യൂക്കോ ബാങ്ക് മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി. സുബ്രഹ്മണ്യ അയ്യര്‍, തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ നിന്ന് വിരമിച്ച ഡോ. ആര്‍. സുശീല മേനോന്‍ എന്നിവരെ അഡീഷണല്‍ ഡയറക്ടര്‍മാരായി (സ്വതന്ത്ര വിഭാഗം) ബോര്‍ഡിലേക്ക് കഴിഞ്ഞ മാസം നിയമിച്ചിരുന്നു. ആദായനികുതി വകുപ്പില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷം പി.കെ വിജയകുമാര്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ നിന്ന് ആദായനികുതി ഡയറക്ടര്‍ ജനറലായാണ് വിരമിച്ചത്.കേരള, ലക്ഷദ്വീപ് ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്‍ ആയിരുന്നു. ഫാക്ട്, കൊച്ചി ഷിപ്പ് യാര്‍ഡ്, ആര്‍എന്‍എല്‍-വിശാഖ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വതന്ത്ര ബാഹ്യ നിരീക്ഷകന്‍ എന്ന പദവിയും വഹിച്ചു.

സ്വര്‍ണത്തിനു വിലത്താഴ്ച തുടരുന്നു;പവന് 38,880

സ്വര്‍ണത്തിനു വിലത്താഴ്ച തുടരുന്നു. ഇന്ന് പവന് 560 രൂപയാണ് കുറഞ്ഞത്. 38,880 രൂപയായി. ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍ നിന്ന് പത്തു ദിവസത്തിനകം 3,120 രൂപയുടെ കുറവാണുണ്ടായത്.ഗ്രാമിന് 4860 രൂപയാണ് ഇന്നത്തെ വില. പുരോഗതി ഉടനെന്നും വീണ്ടെടുക്കില്ലെന്ന സൂചനയാണ് വിപണിയിലുള്ളത്.

കിയ മോട്ടോഴ്‌സിന്റെ പുത്തന്‍ എസ് യു വി ബുക്കിംഗ് തുടങ്ങി; 25000 രൂപയ്ക്ക് ബുക്ക് ചെയ്യാം

തങ്ങളുടെ വരാനിരിക്കുന്ന സോനെറ്റ് കോംപാക്ട്-എസ്യുവിക്കായി പ്രീ-ലോഞ്ച് ബുക്കിംഗുകള്‍ ആരംഭിച്ച് കിയ മോട്ടോഴ്‌സ്. സെപ്റ്റംബര്‍ ആദ്യവാരം പുറത്തിറങ്ങുന്ന എസ് യു വിയാണ് കിയയുടെ സോനെറ്റ്. വിപണിയിലെത്തിയ ഉടന്‍ തന്നെ ഡെലിവറികള്‍ ആരംഭിക്കാനാണ് പദ്ധതിയെന്നാണ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്. സോനെറ്റ് വില്‍പ്പനയ്‌ക്കെത്തുന്ന ആദ്യത്തെ രാജ്യവും ഇന്ത്യയാണ്.

രാജ്യത്തെ 40 ശതമാനം റെസ്റ്റോറന്റുകള്‍ ഇനി തുറക്കാനിടയില്ലെന്ന നിഗമനവുമായി സൊമാറ്റോ

കോവിഡ് 19 മഹാമാരി മൂലമുണ്ടായ തടസ്സത്തെത്തുടര്‍ന്ന് രാജ്യത്തെ 40 ശതമാനം റെസ്റ്റോറന്റുകളും വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്ന് ഫുഡ് ഡെലിവറി, റെസ്റ്റോറന്റ് ഡിസ്‌കവറി കമ്പനിയായ സൊമാറ്റോയുടെ റിപ്പോര്‍ട്ട്. നിലവില്‍ 17 ശതമാനം ഡൈനിംഗ് ഔട്ട് റെസ്റ്റോറന്റുകള്‍ മാത്രമാണ് ബിസിനസിനായി തുറന്നിരിക്കുന്നതെന്ന് സൊമാറ്റോ സര്‍വേ കണ്ടെത്തി. സ്ഥിതി മെച്ചപ്പെട്ടാല്‍ 43 ശതമാനം കൂടി പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മൊബൈല്‍ ഹാക്കര്‍മാരെ കരുതിയിരിക്കണം; വീഡിയോയുമായി എസ്ബിഐ

സൈബര്‍ തട്ടിപ്പുകാര്‍ക്കെതിരെ കരുതിയിരിക്കാന്‍ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വ്യാപിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മൊബൈല്‍ വഴിയുള്ള തട്ടിപ്പാണ് കൂടുതല്‍ നടക്കുന്നത്. സുരക്ഷിതമായി മൊബൈല്‍ ഉപയോഗിക്കുന്നതിലൂടെ തട്ടിപ്പുകാരുടെ ചതിയില്‍നിന്ന് രക്ഷപ്പെടാമെന്നും ഒരു മിനുട്ടുള്ള വീഡിയോ ക്ലിപ്പിനൊപ്പം എസ്ബിഐ ട്വീറ്റ് ചെയ്തു.

ലോക്ക്ഡൗണില്‍ 51ശതമാനം കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്

ലോക്ക്ഡൗണില്‍ രാജ്യത്ത് 51 ശതമാനത്തോളം കുടിയേറ്റ തൊഴിലാളികള്‍ക്ക് വരുമാന നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. യൂണിസെഫും ഡെവലപ്മെന്റ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.30 ശതമാനം പേര്‍ക്ക് വരുമാനം പൂര്‍ണമായും നിലച്ചു. ഏഴ് ശതമാനം പേര്‍ക്കാണ് വരുമാനത്തില്‍ തകരാറുകള്‍ നേരിടാത്തത്. എസ് സി, എസ് ടി വിഭാഗങ്ങളിലുള്ളവര്‍ക്ക് തൊഴില്‍ നഷ്ടം മറ്റ് വിഭാഗങ്ങളിലുള്ളവരെ അപേക്ഷിച്ച് വളരെയധികമാണ്.

ഷാര്‍ജയില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കോവിഡ് പരിശോധന വേണ്ടെന്ന് എയര്‍ അറേബ്യ

ഷാര്‍ജ വിമാനത്താളത്തില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റിന്റെയോ, കോവിഡ് 19 പി.സി.ആര്‍. ടെസ്റ്റിന്റെയോ ആവശ്യമില്ലെന്ന് എയര്‍ അറേബ്യ അറിയിച്ചു. ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് കോവിഡ് പരിശോധനാ ഫലം നിര്‍ബന്ധമല്ലെന്ന് ഫ്ളൈ ദുബായ് നേരത്തേ അറിയിച്ചിരുന്നു. അതേസമയം, ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരും എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി ഹാര്‍ലി-ഡേവിഡ്സണ്‍

വില്‍പ്പന വീണ്ടെടുക്കുന്നതില്‍ പരാജയപ്പെട്ടതും ഭാവിയിലെ ആവശ്യം മങ്ങിയതും കാരണം അമേരിക്കന്‍ മോട്ടോര്‍ സൈക്കിള്‍ കമ്പനിയായ ഹാര്‍ലി-ഡേവിഡ്സണ്‍ ഇന്ത്യയില്‍ അസംബ്ലി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. ഹരിയാനയിലെ ബാവാലില്‍ പാട്ടത്തിനെടുത്ത അസംബ്ലി സൗകര്യം ഉപയോഗിച്ച് ഒരു ഔട്ട്സോഴ്സിംഗ് ക്രമീകരണം നിലനിര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ-പസഫിക് എന്നിങ്ങനെയുള്ള 50 വിപണികളില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 100 ബൈക്കുകള്‍ മാത്രമാണ് ഹാര്‍ലി-ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ വിറ്റത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it