ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 18, 2020

കോവിഡ് മൂലം സംസ്ഥാനത്ത് ഇന്ന് ഒരു മരണം; 97 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ കോവിഡ്-19 മൂലം മരണമടഞ്ഞു. കണ്ണൂരില്‍ എക്സൈസ് വകുപ്പിലെ ഡ്രൈവര്‍ കെ.പി. സുനിലാ(28)ണ് മരിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 29 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരരും. സമ്പര്‍ക്കം മൂലം മൂന്നുപേര്‍ക്കും രോഗം ബാധിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 89 പേര്‍ രോഗമുക്തി നേടി.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്: മഹാരാഷ്ട്ര-12,ഡല്‍ഹി-7, തമിഴ്നാട്-5, ഹരിയാണ-2, ഗുജറാത്ത്-2, ഒഡീഷ-1. ഫലം നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-9, കൊല്ലം-8, പത്തനംതിട്ട-3, ആലപ്പുഴ-10, കോട്ടയം-2, കണ്ണൂര്‍-4, എറണാകുളം-4, തൃശ്ശൂര്‍-22, പാലക്കാട്-11, മലപ്പുറം-2, കോഴിക്കോട്-1, വയനാട്-2, കാസര്‍കോട്-11. പരിശോധനാഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പാലക്കാട്-14, കൊല്ലം-13, കോട്ടയം-11, പത്തനംതിട്ട-11, ആലപ്പുഴ-9, എറണാകുളം-6, ഇടുക്കി-6, തൃശ്ശൂര്‍-6, തിരുവന്തപുരം-5, കോഴിക്കോട്-5, മലപ്പുറം-4, കണ്ണൂര്‍-4, കാസര്‍കോട്-3. ഇതുവരെ 2,794 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,358 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് 1,26,839 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 1,967 പേരാണ്. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 108 ആയതായും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ത്യയില്‍

രോഗികള്‍:366946 (ഇന്നലെ 354065)

മരണം: 12237(ഇന്നലെ 11903)

ലോകത്ത്

രോഗികള്‍:8373746 (ഇന്നലെ 8173940 )

മരണം :449512 (ഇന്നലെ 443685)

ഓഹരി വിപണിയില്‍ ഇന്ന്

ഫിനാന്‍ഷ്യല്‍ ഓഹരികളുടെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ന് എസ് ആന്‍ഡ്പി ബിഎസ്ഇ സെന്‍സെക്‌സ്, നിഎന്‍എസ്ഇ നിഫ്റ്റ്‌റി 50 സൂചികകള്‍ ഉയര്‍ന്നു. ഒരു വേള സെന്‍സെക്‌സ് 768 പോയ്ന്റും നിഫ്റ്റി ഇന്‍ട്രാഡേയിലെ ഉയര്‍ച്ചയായ 10,11.20 പോയ്ന്റും തൊട്ടു.

സെന്‍സെക്‌സ് 700 പോയ്ന്റ് അഥവാ രണ്ട് ശതമാനം ഉയര്‍ന്ന് 34,208 ലും നിഫ്റ്റി 210 പോയ്ന്റ് അഥവാ 2.13 ശതമാനം ഉയര്‍ന്ന് 10,092 ലുമാണ് വ്യാപാരം അവസാവനിപ്പിച്ചത്.

നിഫ്റ്റിയിലെ 11 സെക്ടറല്‍ സൂചികകളും ഇന്നും ഉയര്‍ച്ച രേഖപ്പെടുത്തി. നിഫ്റ്റി ബാങ്ക് ഇന്‍ഡെക്‌സുകള്‍ മൂന്നു ശതമാനം നേട്ടവുമായി മുന്നിട്ടു നിന്നു. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പ്രൈവറ്റ് ബാങ്ക്, പൊതുമേഖലാ ബാങ്ക് സൂചികകള്‍ രണ്ടു ശതമാനത്തിനും മൂന്നു ശതമാനത്തിനുമിടയില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

നിഫ്റ്റി മിഡ് കാപ് 100, നിഫ്റ്റി സ്‌മോള്‍ കാപ് 100 സൂചികകള്‍ ഒരു ശതമാനത്തിനു മേല്‍ ഉയര്‍ച്ച കാണിച്ചു. നിഫ്റ്റിയിലെ 50 ഓഹരികളില്‍ 40 ഉം ഉയര്‍ച്ചയാണ് കാണിച്ചത്. ആറ് ശതമാനം നേട്ടമുണ്ടാക്കിയ ബജാജ് ഫിന്‍സെര്‍വാണ് മുന്നില്‍. എച്ച് ഡി എഫ്് സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയും മികച്ച നേട്ടമുണ്ടാക്കി.
ബിഎസ്ഇയില്‍ 1889 ഓഹരിവിലകള്‍ ഉയര്‍ന്നപ്പോള്‍ 724 ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോള വിപണികള്‍ ഇന്ന് നഷ്ടത്തിലായിരുന്നു. അമേരിക്കയില്‍ ചില സംസ്ഥാനങ്ങളില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്നതും ചൈന സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് ഉടന്‍ പുറത്തുകടക്കില്ലെന്ന വാര്‍ത്തകളുമാണ് വിപണിയെ ബാധിച്ചത്.

കേരള കമ്പനികളുടെ ഇന്നത്തെ പ്രകടനം

കേരള കമ്പനികളില്‍ അഞ്ച് ഓഹരികള്‍ ഒഴികെ എല്ലാം ഇന്ന് ഗ്രീന്‍ സോണിലായിരുന്നു. ശതമാനക്കണക്കില്‍ നോക്കിയാല്‍ മുത്തൂറ്റ് ഫിനാന്‍സാണ് ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നില്‍. കമ്പനിയുടെ ഓഹരി വില 17.71 ശതമാനം(177.10 രൂപ) ഉയര്‍ന്ന് 1177.30 രൂപയിലെത്തി. ധനകാര്യ മേഖലയില്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഒഴികെ എല്ലാം ഇന്ന് നേട്ടത്തിലായിരുന്നു. മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 4.99 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ മണപ്പുറം ഫിനാന്‍സ് ഓഹരി വിലകള്‍ 4.59 ശതമാനം നേട്ടമുണ്ടാക്കി.

കേരള ബാങ്കുകളിലേക്ക് നോക്കിയാല്‍ ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 3.10 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക് 2.06 ശതമാനവും സിഎസ്ബി ബാങ്ക് 1.99 ശതമാനവും ധനലക്ഷ്മി ബാങ്ക് 1.45 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കേരള ആയുര്‍വേദ, കെഎസ്ഇ, റബ്ഫില, വെര്‍ട്ടെക്‌സ് എന്നിവയാണ് നഷ്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ വില:

ഒരു ഗ്രാം സ്വര്‍ണം (22 കാരറ്റ്): 4,390 രൂപ (ഇന്നലെ 4,390 രൂപ)

ഒരു ഡോളര്‍ : 76.21 രൂപ (ഇന്നലെ 76.25 രൂപ )

ക്രൂഡ് ഓയ്ല്‍ നിലവാരം

WTI Crude 38.27 +0.57
Brent Crude 41.17 +0.63
Natural Gas 1.64 + 0.06

മറ്റ് പ്രധാനവാര്‍ത്തകള്‍ ചുരുക്കത്തില്‍

രാമക്ഷേത്ര നിര്‍മാണം:രാജ്യ സുരക്ഷ മുന്‍ നിര്‍ത്തി ഭൂമി പൂജ നീട്ടിവെച്ചു

രാമ ജന്മഭൂമിയില്‍ ക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായി ജൂലായ് 2-ന് നടത്താനിരുന്ന ഭൂമി പൂജ നീട്ടിവെച്ചു.രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്നും, നിലവില്‍ രാജ്യത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഭൂമി പൂജ മാറ്റിവെക്കുകയാണെന്നും ശ്രീറാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.

12 ദിവസം കൊണ്ട് പെട്രോളിന് 6.53 രൂപ, ഡീസലിന് 6.68 രൂപ കൂട്ടി

രാജ്യത്തെ ഇന്ധനവില തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസവും ഉയര്‍ത്തി. ഒരു ലിറ്റര്‍ പെട്രോളിന് 53 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 60 പൈസയും ആണ് ഇന്നു വര്‍ധിപ്പിച്ചത്. 12 ദിവസം കൊണ്ട് ഡീസലിന് 6 രൂപ 68 പൈസയും പെട്രോളിന് 6 രൂപ 53 പൈസയും വില കൂട്ടി.

ചൈനയില്‍ നിന്ന് തരംതാഴ്ന്ന വസ്തുക്കളുടെ ഇറക്കുമതി തടയും: പാസ്വാന്‍

ചൈനയില്‍ നിന്നുള്‍പ്പെടെ വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് തടയുന്നതിനുള്ള ചട്ടങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃ കാര്യ മന്ത്രി രാം വിലാസ് പാസ്വാന്‍. അതേസമയം ശത്രുതയുള്ള അയല്‍ക്കാരില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ തന്നെ ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയില്‍ നിന്നുള്ള നിക്ഷേപം തടയുമെന്ന് സ്റ്റാര്‍പ്പുകള്‍ക്ക് ആശങ്ക

ചൈന-ഇന്ത്യ സംഘര്‍ഷം മൂര്‍ച്ഛിക്കുമ്പോള്‍ ഒട്ടേറെ ഇന്ത്യന്‍ സ്റ്റാര്‍പ്പുകള്‍ക്കു മേല്‍ ആശങ്ക നിറയുന്നു. ചൈനയില്‍ നിന്ന് വരുന്ന നിക്ഷേപങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്ക് ഇന്ത്യ തയ്യാറെടുക്കുന്നതാണ് കാരണം. അലിബാബ, ടെന്‍സെന്റ്, ഷവോമി തുടങ്ങിയവയുടെ നിക്ഷേപം സ്വീകരിക്കുകയും അധിക നിക്ഷേപത്തിന് ഉറ്റുനോക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സംരംഭങ്ങള്‍ നിരവധിയാണ്.

കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രധാനമന്ത്രിയുടെ 50,000 കോടിയുടെ തൊഴില്‍ദാന പദ്ധതി

കോവിഡ് 19 പശ്ചാത്തലത്തില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിയ ആറു സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ക്കായി പ്രധാനമന്ത്രിയുടെ 50000 കോടി രൂപയുടെ തൊഴില്‍ദാന പദ്ധതി. ജൂണ്‍ 20ന് ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 'മെഗാ ജോബ് സ്‌കീം' പ്രഖ്യാപിക്കും. ആറു സംസ്ഥാനങ്ങളിലായി 116 ജില്ലകളിലാണ് ഇത് നടപ്പാക്കുക.

ഇന്ത്യയുടെ റേറ്റിങ് നെഗറ്റീവിലേക്ക് താഴ്ത്തി ഫിച്ച്

വളര്‍ച്ചയും കടബാധ്യതയും വിലയിരുത്തി ഇന്ത്യയുടെ റേറ്റിങ് സ്ഥിരതയുള്ളതില്‍ നിന്ന് ബിബിബി നെഗറ്റീവിലേക്ക്്് ഫിച്ച് താഴ്ത്തി. കോവിഡ് വ്യാപനം രാജ്യ വളര്‍ച്ചയെ കാര്യമായി ബാധിക്കുമെന്നും അതോടൊപ്പം പൊതുകടം ഉയരുകയും ചെയ്യുമെന്നാണ് ഫിച്ചിന്റെ അനുമാനം.
നടപ്പ് സാമ്പത്തികവര്‍ഷം സമ്പദ് വ്യവസ്ഥയില്‍ അഞ്ചു ശതമാനം ഇടിവുണ്ടാകും.

33 റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ നിര്‍ദേശവുമായി വ്യോമസേന

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ 33 പുതിയ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങണമെന്ന ആവശ്യവുമായി ഇന്ത്യന്‍ വ്യോമസേന. കുറച്ചുനാളുകളായി ഈ പദ്ധതി വ്യോമസേനയുടെ ആലോചനയിലുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിന്റെ നടപടിക്രമങ്ങള്‍ വ്യോമസേന വേഗത്തിലാക്കിയിരിക്കുകയാണ്. 6,000 കോടി രൂപ ചെലവുവരുമെന്നാണ് കരുതുന്നത്.

ലഡാക്ക് സംഘര്‍ഷം: സൈനികരെ കാണാതായിട്ടില്ലെന്ന് സൈനിക വൃത്തങ്ങള്‍

കിഴക്കന്‍ ലഡാക്കില്‍ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികരെയൊന്നും കാണാതായിട്ടില്ലെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒരു കേണല്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. നാലു സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും സൂചനയുണ്ട്. ചൈനയുടെ 45 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്നന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ കരാര്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കി

ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ പദ്ധതി കരാര്‍ റെയില്‍വേ അവസാനിപ്പിച്ചു. കാണ്‍പൂര്‍-ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ 417 കിലോമീറ്റര്‍ സിഗ്നലിങും ടെലികോം കരാറുമാണ് റദ്ദാക്കിയത്. ബീജീങ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്‌നല്‍ ഗ്രൂപ്പുമായിട്ടുള്ള കരാറാണ് റദ്ദാക്കിയത്.

കല്‍ക്കരി ഖനി ലേലം ഉത്പാദനം കൂട്ടും, സ്വാശ്രയത്വം കൊണ്ടുവരും- അമിത് ഷാ

കല്‍ക്കരി ഖനികള്‍ ലേലം ചെയ്യാനുള്ള ചരിത്രപരമായ തീരുമാനം ഇന്ത്യയുടെ ഊര്‍ജമേഖലയില്‍ സ്വാശ്രയത്വം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഖനന മേഖലയിലെ മത്സരം വര്‍ധിപ്പിക്കാനും ഇതിലൂടെ ഉത്പാദനം വര്‍ധിപ്പിക്കാനും പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2.8 ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക. 33,000 കോടി രൂപയുടെ മൂലധന നിക്ഷേപം രാജ്യത്തെത്തും. പ്രതിവര്‍ഷം 20,000 കോടി അതത് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് വരുമാന ഇനത്തില്‍ ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

ശബരിമല വിമാനത്താവളവത്തിനായി ഭൂമി ഏറ്റെടുക്കാന്‍ റവന്യു പ്രിന്‍സിപ്പള്‍ സെക്രട്ടറി് ഉത്തരവ് പുറപ്പെടുവിച്ചു.ചെറുവളളി എസ്റ്റേറ്റിലെ 2263.13 ഏക്കര്‍ ഭൂമി ആണ് ഏറ്റെടുക്കുക. നടപടിക്കായി കോട്ടയം കളക്ടറെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളവുമായി മുന്നോട്ടു പോകാനുളള തീരുമാനം എടുത്തിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it