ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാനബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 26, 2020

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19

ഇന്ന് സംസ്ഥാനത്ത് 150 പേര്‍ക്ക് കോവിഡ്. ഇന്ന് കോവിഡ് വന്നവരില്‍ ഏറ്റവും അധികം പേര്‍ പാലക്കാട് ജില്ലയില്‍ നിന്നുമാണ്. ഇന്ന് മാത്രം പാലക്കാട് 23 പേരാണ് കൊറോണ ബാധിതര്‍. കൂടാതെ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും മലപ്പുറം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചവരില്‍ ആറുപേര്‍ സി.ഐ.എസ്.എഫുകാരും മൂന്നു പേര്‍ ആര്‍മി ഡി.എസ്.സി. ക്യാന്റീന്‍ ജീവനക്കാരുമാണ്. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരില്‍ രണ്ടു പേര്‍ എയര്‍ പോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 50, സൗദി അറേബ്യ- 15, യു.എ.ഇ.- 14, ഖത്തര്‍ - 6, ഒമാന്‍- 4, ശ്രീലങ്ക- 1, ഇറ്റലി- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. മഹാരാഷ്ട്ര - 15, ഡല്‍ഹി- 11, തമിഴ്‌നാട്- 10, ഹരിയാന- 6, കര്‍ണാടക- 2, ഉത്തര്‍പ്രദേശ്- 1, തെലുങ്കാന- 1, ജമ്മു കാശ്മീര്‍- 1, മധ്യപ്രദേശ്- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

ഇന്ത്യയില്‍ ഇന്ന്

രോഗികള്‍: 490401 (ഇന്നലെ : 473,105)

മരണം : 15,301 (ഇന്നലെ : 14,894 )

ലോകത്ത് ഇന്ന്

രോഗികള്‍ : 9,609,829 (ഇന്നലെ : 9,263,466 )

മരണം: 489,312 (ഇന്നലെ : 477,584 )

ഓഹരി വിപണിയില്‍ ഇന്ന്

ഐറ്റി ഓഹരികള്‍, എച്ച്ഡിഎഫ്സി, റിലയന്‍സ് എന്നിവ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ വാരാന്ത്യത്തില്‍ ഓഹരി വിപണി ക്ലോസ് ചെയ്തത് നേട്ടത്തോടെ. ഈ വാരത്തെ പ്രകടനമെടുത്താലും സൂചികകള്‍ ഗ്രീന്‍ സോണിലാണ്. സെന്‍സെക്സ് ഈയാഴ്ച 1.26 ശതമാനം ഉയര്‍ന്നു. നിഫ്റ്റി 1.35 ശതമാനവും. ഇന്ന് സെന്‍സെക്സ് 329 പോയ്ന്റ് അഥവാ 0.94 ശതമാനം ഉയര്‍ന്ന് 35,171 ലെത്തി. നിഫ്റ്റി 0.91 ശതമാനം ഉയര്‍ന്ന് 10,383ലും ക്ലോസ് ചെയ്തു.

കേരള കമ്പനികളുടെ പ്രകടനം

കേരളം ആസ്ഥാനമായുള്ള ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനികളുടെ ഓഹരി വിലകള്‍ ഇന്ന് ഉയര്‍ന്നു. എന്നാല്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികള്‍ താഴ്ചയോടെയാണ് ക്ലോസ് ചെയ്തത്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില ഇന്നും ഉയര്‍ന്നു. തനതായ രീതിയിലും ഏറ്റെടുക്കലുകളിലൂടെയും കമ്പനി വളര്‍ച്ചയ്ക്കുള്ള പുതിയ വഴികള്‍ തേടുന്നുവെന്ന വാര്‍ത്തകള്‍ ഓഹരിയുടെ മുന്നേറ്റത്തിന് കാരണമാകുന്നുണ്ട്. അതുപോലെ തന്നെ മാര്‍ച്ച് മാസത്തിന് ശേഷം ഓഹരി വിപണിയില്‍ റീറ്റെയ്ല്‍ നിക്ഷേപകരുടെ സാന്നിധ്യം വര്‍ധിക്കുന്നതും ബ്രോക്കിംഗ് രംഗത്തെ കമ്പനികള്‍ക്ക് ഗുണകരമാകുന്നുണ്ട്.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിരക്ക്

ഒരു ഗ്രാം സ്വര്‍ണം (22കാരറ്റ്) : 4,440 രൂപ ഇന്നലെ (4,451 രൂപ )

ഒരു ഡോളര്‍ : 75.69 (ഇന്നലെ : 75.59 രൂപ)

ക്രൂഡ് ഓയ്ല്‍

WTI Crude38.63-0.09
Brent Crude41.18+0.13
Natural Gas1.450-0.032

മറ്റ് പ്രധാനവാര്‍ത്തകള്‍ ചുരുക്കത്തില്‍

അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് ജൂലായ് 15 വരെ നീട്ടി ഇന്ത്യ

അന്താരാഷ്ട്ര യാത്രാ വിമാന സര്‍വീസുകള്‍ സസ്പെന്‍ഡ് ചെയ്ത ഉത്തരവ് ഇന്ത്യ ജൂലായ് 15 വരെ നീട്ടി. ചരക്കു വിമാനങ്ങള്‍ക്ക് വിലക്കില്ല. ഡിജിസിഎ അനുമതി നല്‍കുന്ന വിമാനങ്ങള്‍ക്കു പറക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

പി.എഫ് പലിശ നിരക്കും കുറയാന്‍ സാധ്യത

2020 സാമ്പത്തിക വര്‍ഷത്തെ ഇപിഎഫ് പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയെന്നു റിപ്പോര്‍ട്ട്. നിക്ഷേപത്തിലൂടെയുള്ള വരുമാനം താഴുകയും പണമൊഴുക്ക് കുറയുകയും ചെയ്യുന്നതിനാലാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള 8.5 ശതമാനം പലിശനിരക്ക് പുനഃപരിശോധിക്കുന്നത്.

തുടര്‍ച്ചയായി ഇരുപതാം ദിനവും പെട്രോള്‍,ഡീസല്‍ വില കൂടി

രാജ്യത്ത് തുടര്‍ച്ചയായ ഇരുപതാം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധന. ഇന്ന് പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോളിന് 80 രൂപ 29 പൈസയും, ഡീസലിന് 76 രൂപ ഒരു പൈസയുമായി. ഇരുപത് ദിവസത്തിനിടെ പെട്രോളിന് 8 രൂപ 23 പൈസയും, ഡീസലിന് 10 രൂപ 21 പൈസയുമാണ് കൂടിയത്.

വേദാന്ത ഡീലിസ്റ്റിംഗിന് ഓഹരി ഉടമകളുടെ വോട്ടെടുപ്പ് ഫലം അനുകൂലം

വേദാന്ത ലിമിറ്റഡിന്റെ പൊതു ഓഹരികള്‍ ഡീലിസ്റ്റ് ചെയ്യുന്നതിന് ഓഹരി ഉടമകളുടെ അനുമതിയായി. ഡീലിസ്റ്റിംഗ് നിര്‍ദ്ദേശത്തിന് തപാല്‍ ബാലറ്റിലൂടെയാണ് അനില്‍ അഗര്‍വാളിന്റെ നിയന്ത്രണത്തിലുള്ള വേദാന്ത ഓഹരി ഉടമകളുടെ അനുമതി തേടിയത്. വോട്ടെടുപ്പ് ജൂണ്‍ 24 ന് അവസാനിച്ചതായി കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു.

സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം വീണ്ടും താഴ്ന്നു

സ്വിസ് ബാങ്കില്‍ ഏറ്റവും അധികം നിക്ഷേപമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 77. മൊത്തം തുക ഏകദേശം 6625 കോടി രൂപ. മുന്‍ വര്‍ഷം 74 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം.സ്വിസ് നാഷനല്‍ ബാങ്കാണ് ഓരോ രാജ്യങ്ങളുടെയും നിക്ഷേപങ്ങളുടെ പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.ഇന്ത്യയില്‍നിന്ന് വ്യക്തികളും സ്ഥാപനങ്ങളും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സ്വിസ് ബാങ്ക് നിക്ഷേപത്തില്‍നിന്ന് പിന്‍വലിയുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ ഇ-കൊമേഴ്സ് രംഗത്ത് അതിവേഗ മുന്നേറ്റം

ലോക്ഡൗണ്‍ തുടങ്ങിയ ശേഷം രാജ്യത്തെ ഓണ്‍ലൈന്‍ ഉപഭോക്തൃ ഉത്പന്ന വില്‍പ്പന കുതിച്ചുയര്‍ന്നതിന്റെ കണക്കുകളുമായി വിവിധ കമ്പനികള്‍. എല്ലാ പ്രധാന ഉപഭോക്തൃ ഉത്പന്നങ്ങളുടെയും ഇ-കൊമേഴ്സ് വില്‍പ്പന കൊറോണക്കാലത്ത് ഇരട്ടിയിലധികമായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ആമസോണ്‍ തുടങ്ങിയുള്ള ആഗോള കമ്പനികള്‍ ഇന്ത്യയില്‍ അതീവ ശ്രദ്ധ ചെലുത്തുന്നു.

ടിക്കറ്റ് തുകയുടെ 10% മാത്രം നല്‍കിയുള്ള ബുക്കിംഗ് സൗകര്യവുമായി ഇന്‍ഡിഗോ

തുകയുടെ 10% മാത്രം നല്‍കി ആഭ്യന്തര യാത്രാ ടിക്കറ്റ് ബുക്കിംഗ് സൗകര്യമൊരുക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. പുതുതായി അവതരിപ്പിച്ച ഫ്‌ളെക്‌സി പ്ലാന്‍ പ്രകാരം അടുത്ത 15 ദിവസത്തിനുള്ളിലോ യാത്രയ്ക്ക് 15 ദിവസം മുമ്പോ ബാക്കി 90 ശതമാനം നല്‍കിയാല്‍ മതിയാകും.

പലിശ നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താവിന് ലഭ്യമാകണമെന്ന് നിര്‍മല സീതാരാമന്‍

പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള തീരുമാനം പല തലങ്ങളിലും പ്രായോഗികമാകാത്തതിലുള്ള ഉത്ക്കണ്ഠ ചെന്നൈ ഇന്റര്‍നാഷണല്‍ സെന്റര്‍ സംഘടിപ്പിച്ച എംഎസ്എംഇകളെക്കുറിച്ചുള്ള വെബിനാറില്‍ നിര്‍മ്മല സീതാരാമന്‍ പങ്കുവച്ചു.ഇതു സംബന്ധിച്ച് ധനമന്ത്രാലയം റിസര്‍വ് ബാങ്കുമായും ബാങ്കുമായും ചര്‍ച്ച നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു.പലിശ നിരക്ക് കുറയ്ക്കുന്നതിന്റെ ആനുകൂല്യം ഉപഭോക്താവിന് നിഷേധിക്കാതിരിക്കാന്‍ ന്യായമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ വേഗത്തില്‍ കൊണ്ടുവരാനാകുമെന്നു പ്രതീക്ഷിക്കുന്നതായി അവര്‍ അറിയിച്ചു.

പഴയ വാര്‍ത്ത അവതരിപ്പിച്ച് തെറ്റിദ്ധാരണ പടര്‍ത്തുന്നത് ഫെയ്സ്ബുക്ക് തടയും

ഫെയ്സ്ബുക്ക് വഴി ഉപയോക്താക്കള്‍ പങ്കുവെക്കുന്ന വാര്‍ത്താ ലിങ്കുകള്‍ മൂന്ന് മാസത്തിലേറെ പഴക്കമുള്ളതാണെങ്കില്‍ ഇനി ഓട്ടോമാറ്റിക് ആയി മുന്നറിയിപ്പ് വരും. പഴയ വാര്‍ത്തകള്‍ പുതിയ വാര്‍ത്തകള്‍ എന്ന രീതിയില്‍ പങ്കുവെക്കപ്പെടുന്നുവെന്നും ഇതുവഴി ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പടരാന്‍ സാധ്യതയുണ്ടെന്നും വിവിധ മാധ്യമ പ്രസിദ്ധീകരണങ്ങള്‍ ആശങ്കയറിയിച്ചിരുന്നുവെന്ന് ഫെയ്സ്ബുക്ക് ബ്ലോഗ്പോസ്റ്റില്‍ പറയുന്നു.

ടാന്‍സാനിയയിലെ ഖനിയില്‍ അമൂല്യ രത്നങ്ങള്‍ കണ്ടെത്തി

ടാന്‍സാനിയയുടെ വടക്കന്‍ പ്രദേശത്തുള്ള ഖനികളിലൊന്നില്‍ നിന്ന് ഇരുണ്ട വയലറ്റ്- നീല നിറങ്ങളിലുള്ള ഏറ്റവും വലിയ രണ്ട് അമൂല്യ രത്‌നക്കല്ലുകള്‍ കണ്ടെത്തി.ആദ്യത്തെ രത്‌നക്കല്ലിന് 9.27 കിലോയും രണ്ടാമത്തേതിന് 5.10 കിലോയുമാണ് ഭാരം.774 കോടി ടാന്‍സാനിയന്‍ ഷില്ലിങ് ( ഏകദേശം 25 കോടിയോളം രൂപ) നല്‍കി ഇവ കണ്ടെത്തിയ സനിനിയു ലൈസര്‍ എന്ന ഖനിത്തൊഴിലാളിയില്‍ നിന്ന് സര്‍ക്കാര്‍ രത്‌നക്കല്ലുകള്‍ ഏറ്റെടുത്തു.

ഫെയര്‍ ആന്‍ഡ് ലവ്‌ലിയിലൂടെ യുണിലിവറിന് ലഭിക്കുന്നത് 4,100 കോടി

ഫെയര്‍ ആന്‍ഡ് ലവ്‌ലിയിലൂടെ മാത്രം ഹിന്ദുസ്ഥാന്‍ യുണിലിവര്‍ രാജ്യത്തുനിന്ന് വര്‍ഷത്തില്‍ നേടുന്നത് 4,100 കോടി രൂപ. ഫെയര്‍നെസ് ക്രീം വിപണിയുടെ രാജ്യത്തെ മൊത്തം മൂല്യം ലഭ്യമല്ലെങ്കിലും 5,000 കോടിക്കും 10,000 കോടിക്കും ഇടയിലാണിതെന്നാണ് വിലയിരുത്തല്‍. പ്രത്യേക ബ്രാന്‍ഡില്‍നിന്നുള്ള വരുമാനം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിപണിമൂല്യത്തിന്റെ 80 ശതമാനവും സ്വന്തമാക്കുന്നത് ഫെയര്‍ ആന്‍ഡ് ലൗവ്‌ലിയെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.

സംരംഭകര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ സേവനം ലഭ്യമാക്കാന്‍ വെര്‍ച്വല്‍ വിപണന വേദി

സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതിക മികവും നൂതനാശയങ്ങളും കോര്‍പറേറ്റുകള്‍ക്കും എം എസ് എം ഇ സംരംഭങ്ങള്‍ക്കും പരിചയപ്പെടുത്തിക്കൊടുക്കാന്‍ വെര്‍ച്വല്‍ വിപണന വേദിയൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. വ്യവസായങ്ങള്‍ക്കനുയോജ്യമായ ആധുനികവും ചെലവ് കുറഞ്ഞതുമായ സാങ്കേതിക സേവനങ്ങളും ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കാനുള്ള ' സ്റ്റാര്‍ട്ടപ്പ് ക്രോസ് സെല്‍ ഡിജിറ്റല്‍ ബിസിനസ് പ്ലാറ്റ്‌ഫോം 'ഇതിന്റെ ഭാഗമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി (ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി) എം. ശിവശങ്കര്‍ അവതരിപ്പിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it