ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 06, 2021

ഇന്ധനവില കുതിക്കുന്നു: തുടര്‍ച്ചയായ മൂന്നാം ദിവസവും വിലവര്‍ധന

രാജ്യത്ത് ഒരിടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കുതിക്കുന്നു. കോവിഡ് പ്രതിസന്ധിക്കിടെ തുടര്‍ച്ചയായ മൂന്നാം ദിനവും രാജ്യത്തെ ഇന്ധനവില വര്‍ധിച്ചു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ മൂന്നുദിവസം കൊണ്ട് പെട്രോളിന് 81 പൈസയും ഡീസലിന് 83 പൈസയുമാണ് വര്‍ധിച്ചത്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ബാങ്ക് ഓഫ് ബറോഡ 500 കോടി അനുവദിച്ചു
ആര്‍ബിഐ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി ബാങ്ക് ഓഫ് ബറോഡ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 500 കോടി രൂപ അനുവദിച്ചു. രാജ്യത്ത് അംഗീകാരം നല്‍കിയ മൂന്ന് കോവിഡ് വാക്സിനുകളിലൊന്നായ കോവീഷീല്‍ഡ് നിര്‍മിക്കുന്നത് സെറം ആണ്. കോവാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് പദ്ധതി പ്രകാരം എസ്ബിഐ തുക അനുവദിച്ചിട്ടുണ്ടെങ്കിലും എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ശ്വാസത്തിലൂടെ കോവിഡ് കണ്ട് പിടിക്കുന്ന ഉപകരണവുമായി റിലയന്‍സ്
ശ്വാസത്തിലൂടെ കോവിഡ് പെട്ടെന്ന് തിരിച്ചറിയാനുള്ള സംവിധാനം റിലയന്‍സ് രാജ്യത്ത് അവതരിപ്പിക്കുന്നു. ഇസ്രായേലിലെ സ്റ്റാര്‍ട്ടപ്പായ ബ്രീത്ത് ഓഫ് ഹെല്‍ത്ത് വികസിപ്പിച്ച സംവിധാനമാണ് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചത്. 1.5 കോടി ഡോളാണ് കമ്പനി ഇതിനായി മുടക്കുന്നത്.
ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക് കേരളത്തെക്കാള്‍ താഴ്ന്നു
ഡല്‍ഹിയില്‍ കോവിഡ് നിരക്ക് കുറയുന്നു. പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍ താഴെയാണ് രേഖപ്പെടുത്തിയത്. കേരളത്തില്‍ അതേസമയം 27.28 ആണ് ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക്. ഏപ്രില്‍ 18 ന് ശേഷം ഏറ്റവും കുറവ് നിരക്കാണ് ഇത്. കേരളത്തില്‍ ഏറ്റവും കൂടുതലും. കഴിഞ്ഞ നാല് ദിവസങ്ങളില്‍ ഇത് മൂന്നാം തവണയാണ് പുതിയ കേസുകളുടെ എണ്ണം 20,000 ല്‍ താഴെയായി തുടരുന്നത്.
ആമസോണിലെ 2.5 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ ജെഫ് ബെസോസ് വിറ്റു
ആഗോള ഇ കൊമേഴ്സ് വമ്പനായ ആമസോണിന്റെ 2.5 ബില്യണ്‍ ഡോളര്‍ വില വരുന്ന ഓഹരികള്‍ സ്ഥാപകനായ ജെഫ് ബെസോസ് വിറ്റതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും സമ്പന്നനായ അദ്ദേഹം ആമസോണില്‍ തനിക്കുന്ന ഓഹരികളില്‍ നിന്ന് 7.39 ലക്ഷം ഓഹരികളാണ് ഈ ആഴ്ച വിറ്റതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആമസോണിലെ ഇരുപത് ലക്ഷത്തോളം ഓഹരികള്‍ വില്‍ക്കാനാണ് ജെഫ് ബെസോസിന്റെ പദ്ധതിയെന്നും ബിസിനസ് ന്യൂസ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്പുട്നിക് ലൈറ്റ് വാക്സീന് അംഗീകാരം നല്‍കി റഷ്യ

സ്പുട്നിക് 5 ന്റെ സിംഗിള്‍ ഡോസ് പതിപ്പായ സ്പുട്നിക് ലൈറ്റിന് റഷ്യയിലെ ആരോഗ്യവകുപ്പ് അനുമതി നല്‍കി. 91 ശതമാനം ഫലപ്രാപ്തിയുള്ള രണ്ട് ഡോസ് സ്പുട്നിക് വി വാക്സീനുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്പുട്നിക് ലൈറ്റിന് 79.4 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് വാക്സിനു ധനസഹായം നല്‍കുന്ന റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് പ്രസ്താവനയില്‍ പറയുന്നു.
കേരളത്തില്‍ 20 മെഗാഹെട്സ് സ്പെക്ട്രം കൂടി വിന്യസിച്ച് ജിയോ, വേഗത കൂടും
20 മെഗാഹെട്സ് സ്പെക്ട്രം കൂടി കേരളത്തില്‍ വിന്യസിച്ച് ജിയോ. സംസ്ഥാനത്തെ 12000 സൈറ്റുകളില്‍ ആണ് മൂന്ന് സ്പെക്ട്രങ്ങള്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ വിന്യസിച്ചിട്ടുള്ളത്. ഇതോടെ ജിയോ വരിക്കാര്‍ക്ക് ഇന്റെര്‍നെറ്റ് വേഗത കൂടും. മാര്‍ച്ചില്‍ നടന്ന സ്പെക്ട്രം ലേലത്തില്‍ 22 സര്‍ക്കിളുകളിലും സ്പെക്ട്രം ഉപയോഗിക്കാനുള്ള അനുമതി നേടിയിരുന്നു. നിലവില്‍ ലഭിക്കുന്നതിനേക്കാള്‍ ഇരട്ടി വേഗത കിട്ടുമെന്ന് കമ്പനി അവകാശപ്പെടുന്നു.
സര്‍ക്കാര്‍ ക്രിപ്‌റ്റോകറന്‍സികള്‍ അംഗീകരിക്കണമെന്ന് മുന്‍ ധനകാര്യ സെക്രട്ടറി
സര്‍ക്കാര്‍ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് അനുവാദം നല്‍കണമെന്ന് മുന്‍ ധനകാര്യ സെക്രട്ടറി എസ് സി ഗാര്‍ഗ് അഭിപ്രായപ്പെട്ടു. ഇന്‍ഡസ്ട്രി ബോഡി അസോചം സംഘടിപ്പിച്ച ഒരു വെര്‍ച്വല്‍ ഇവന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിപ്റ്റോകറന്‍സികള്‍ക്ക് അനാവശ്യമായ ഊന്നല്‍ നല്‍കുന്നുണ്ടെന്നും ഈ ഡിജിറ്റല്‍ അസറ്റുകള്‍ക്ക് പ്രത്യേക സ്റ്റാന്‍ഡേര്‍ഡ് ആവശ്യമാണെന്നും ഗാര്‍ഗ് പറഞ്ഞു.
കൊവിഡ് 19 വ്യാപനം തുടരുകയാണെങ്കിലും വാക്സിനിലുള്ള വിശ്വാസം വിപണിക്ക് നഷ്ടപ്പെട്ടില്ല. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും കൂടിയായപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 272.21 പോയ്ന്റ് ഉയര്‍ന്ന് 48949.76 പോയ്ന്റിലും നിഫ്റ്റി 106.90 പോയ്ന്റ് ഉയര്‍ന്ന് 14724.80 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1653 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1345 ഓഹരികളുടെ വിലയില്‍ ഇടിവ് നേരിട്ടു. 129 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 13 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 5.58 ശതമാനം നേട്ടവുമായി പട്ടികയില്‍ മുന്നിലുണ്ട്. എഫ്എസിടി (3.43 ശതമാനം), എവിറ്റി നാച്വറല്‍ (2.94 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.67 ശതമാനം), കേരള ആയുര്‍വേദ (1.23 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.





കേരളത്തില്‍ മെയ് എട്ട് മുതല്‍ 16 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍

ഒമ്പത് ദിവസം സംസ്ഥാനം പൂര്‍ണമായി അടച്ചിടും. കോവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയാണ് ലോക്ഡൗണ്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

കോവിഡ് അപ്‌ഡേറ്റ്‌സ് - May 06, 2021

കേരളത്തില്‍ ഇന്ന്
രോഗികള്‍:42464
മരണം:68
ഇന്ത്യയില്‍ ഇതുവരെ
രോഗികള്‍ :21,077,410
മരണം: 230,168
ലോകത്തില്‍ ഇതുവരെ
രോഗികള്‍: 154,788,266
മരണം: 3,237,819


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it