Begin typing your search above and press return to search.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 10, 2021
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍
സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ജനറല്‍ വാര്‍ഡിന് പ്രതിദിനം 2,645 രൂപയാണ് നിരക്ക്. പിപിഇ കിറ്റുകള്‍ മുതല്‍ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഉള്‍പ്പെടെയാണിത്. അധിക തുക ഈടാക്കിയാല്‍ പത്തിരട്ടി പിഴ ചുമത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും, നഴ്‌സിംഗ് ഹോമുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. ആശുപത്രികളുടെ കൊള്ള സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേയാണ് നിശ്ചയിച്ച അംഗീകൃത നിരക്കുകള്‍ സര്‍ക്കാര്‍ കോടതിയെ അറിച്ചത്
സ്വകാര്യ ആശുപത്രികളില്‍ കോവിഡ് വാക്‌സിന് രണ്ടിരട്ടി വില
രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് വാക്സിന് രണ്ടിരട്ടിവില എന്ന് റിപ്പോര്‍ട്ട്. 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള ഒറ്റ ഡോസ് പ്രതിരോധ കുത്തിവെപ്പിന് 700 രൂപ മുതല്‍ 1,500 രൂപവരെയാണ് ആശുപത്രികള്‍ വാങ്ങുന്നത്. നേരത്തെ 45 വയസ്സിനുമുകളിലുള്ളവരില്‍നിന്ന് ഈടാക്കിയതിന്റെ ആറിരട്ടിയാണ് വര്‍ധന.
പ്രൈംഡേ സെയ്ല്‍ മാറ്റിവച്ച് ആമസോണ്‍
എല്ലാവര്‍ഷവും ആമസോണ്‍ രണ്ട് ദിവസത്തെ പ്രൈം ഡേ സെയ്ല്‍ നടത്താറുണ്ട്. ഇത്തവണ അതില്‍ മാറ്റം വരുത്തുന്നതായി കമ്പനി അറിയിച്ചു. എന്നാല്‍ ഇന്ത്യയില്‍ ദിവസേനെ നാല് ലക്ഷത്തില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കമ്പനി ഈ വില്‍പ്പന മാറ്റിവയ്ക്കുകയായിരുന്നു.
ഉല്‍പ്പാദനം നീട്ടിവച്ച് മാരുതി
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഉല്‍പ്പാദനം പുനരാരംഭിക്കുന്നത് ഒരാഴ്ചത്തേക്ക് കൂടി നീട്ടിവെക്കാന്‍ മാരുതി സുസുക്കി. നേരത്തെ കാര്‍ ഉല്‍പ്പാദനം നിര്‍ത്തിവെച്ചെങ്കിലും മെയ് ഒമ്പതിന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഒരാഴ്ച കൂടി നീട്ടുന്നതായി കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.
ചൊവ്വാഴ്ച മുതല്‍ കേരളത്തിനു പുറത്തേക്ക് ഓക്‌സിജന്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി
ചൊവ്വാഴ്ച മുതല്‍ കേരളത്തിനു പുറത്തേക്ക് ഓക്‌സിജന്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കത്തിലൂടെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആക്റ്റീവ് കേസുകള്‍ മേയ് 15 ഓടെ ആറു ലക്ഷമായി ഉയര്‍ന്നേക്കാം എന്നാണ് അനുമാനിക്കുന്നത്. അങ്ങനെ വന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണവും ഉയരും. 450 മെട്രിക് ടണ്‍ ഓക്‌സിജന്‍ നമുക്ക് ആവശ്യമായി വരും. രാജ്യത്തുള്ള സ്റ്റീല്‍ പ്ലാന്റുകളില്‍നിന്ന് വളരെ അകലെ സ്ഥിതി ചെയ്യുന്ന സംസ്ഥാനം എന്ന നിലയ്ക്ക് അടിയന്തര ഘട്ടങ്ങളില്‍ കേരളത്തിലേക്കു മറ്റിടങ്ങളില്‍നിന്ന് ഓക്‌സിജന്‍ എത്തിക്കുക വിഷമകരമാവും.
കയറ്റുമതി വ്യവസായത്തിലെ പ്രശ്‌നങ്ങള്‍ പരഹരിക്കാന്‍ ഹെല്‍പ് ഡെസ്‌ക്
അന്താരാഷ്ട്ര വ്യാപാരത്തിലെ കോവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ ഡി ജി എഫ് ടി യുടെ പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക്. കയറ്റുമതി മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിവരശേഖരണത്തിനാണ് വാണിജ്യ വകുപ്പിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്‌ന്റെ കോവിഡ് 19 ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുള്ളത്. വാണിജ്യ വകുപ്പ് ഡി ജി എഫ് ടി , കയറ്റുമതി ,ഇറക്കുമതി അനുമതി സംബന്ധിയായ പ്രശ്‌നങ്ങള്‍, കസ്റ്റംസ് ക്ലിയറന്‍സിലെ കാലതാമസം, രേഖകള്‍ തയ്യാറാക്കുന്നതിലെ പ്രശ്‌നങ്ങള്‍, ബാങ്കിംഗ് ഇടപാടുകളിലെ ബുദ്ധിമുട്ടുകള്‍, ചരക്ക് നീക്കത്തിലെ പ്രശ്‌നങ്ങള്‍ അടക്കമുള്ള നിരവധി വിഷയങ്ങളാണ് ഈ ഹെല്പ്‌ഡെസ്‌ക് പരിശോധിക്കുന്നത്.
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് തുടരുന്നു
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് തുടരുന്നു, മഹാരാഷ്ട്രയില്‍ ഇന്ധനവില റെക്കോര്‍ഡിലേക്ക്. തിങ്കളാഴ്ച പെട്രോള്‍ നിരക്ക് ലിറ്ററിന് 100 രൂപ കടന്നിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കെ രാജ്യത്ത് ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ചാം തവണയാണ് ഇന്ധന വില വര്‍ധിപ്പിച്ചിട്ടുള്ളത്. പര്‍ഭാനിയിലെ പെട്രോളിന് ലിറ്ററിന് 100.20 രൂപയും ഭോപ്പാലില്‍ ലിറ്ററിന് 99.55 രൂപയുമാണ് വില. രാജസ്ഥാനിലെ ശ്രീ ഗംഗനഗര്‍ ജില്ലയില്‍ ലിറ്ററിന് 102.42 രൂപയ്ക്കും മധ്യപ്രദേശിലെ അനുപൂരില്‍ 102.12 രൂപയ്ക്കുമാണ് പെട്രോള്‍ വില്‍പ്പന നടത്തുന്നത്.
സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ 17ന്
കോവിഡ് പ്രതിസന്ധി നേരിടാന്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കും അസംഘടിത വിഭാഗങ്ങള്‍ക്കും വായ്പ നല്‍കാനായി സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് താഴ്ന്ന നിരക്കില്‍ പണം ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്ക് നടത്തുന്ന ലേലങ്ങളില്‍ ആദ്യത്തേത് 17നു നടക്കും. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച നയത്തിന്റെ ഭാഗമാണ് റീപ്പോ നിരക്കില്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കു പണം ലഭ്യമാക്കുക എന്നത്. വാണിജ്യബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റീപ്പോ ഇപ്പോള്‍ 4% ആണ്. 17ന് 10,000 കോടി രൂപയാണ് ലേലത്തിനുവയ്ക്കുക.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് അറ്റാദായം നേടി സിഎസ്ബി ബാങ്ക്
2020-21 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് അറ്റാദായം നേടി സിഎസ്ബി ബാങ്ക്. 218.40 കോടി രൂപയാണ് അറ്റാദായം. ഇത് ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നേട്ടമാണ്. നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന സിഎസ്ബി ബാങ്ക് തിളക്കമാര്‍ന്ന ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. 2019- 20 സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 12.72 കോടി രൂപയായിരുന്നു. 1617 ശതമാനം വര്‍ധനയാണ് അറ്റാദായത്തിലുണ്ടായിരിക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തിലും ബാങ്ക് തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. തൊട്ടുമുന്‍വര്‍ഷം ഇതേകാലയളവില്‍ 59.7 കോടി രൂപ നഷ്ടമായിരുന്നുവെങ്കില്‍ 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ 42.89 കോടി രൂപ ലാഭം നേടി.
തുടര്‍ച്ചയായ നാലാം ദിവസവും മുന്നറി ഓഹരി വിപണി. മെറ്റല്‍, ഫാര്‍മ ഓഹരികളുടെ കരുത്തിലാണ് ഈ നേട്ടം. സെന്‍സെക്സ് 295.94 പോയ്ന്റ് ഉയര്‍ന്ന് 49502.41 പോയ്ന്റിലും നിഫ്റ്റി 119.20 പോയ്ന്റ് ഉയര്‍ന്ന് 14942.40 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 2034 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1004 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 220 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
വിപണിയിലെ ആവേശം കേരള കമ്പനികള്‍ക്കും തുണയായി. 25 കേരള ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി. സൗത്ത് ഇന്ത്യന്‍ ബാങ്ക് (10.09 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (6.85 ശതമാനം), ആസ്റ്റര്‍ ഡിഎം (5.92 ശതമാനം), സിഎസ്ബി ബാങ്ക് (5.21 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് ( 4.97 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ ( 4.66 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് ( 4.59 ശതമാനം), കിറ്റെക്സ് (4.56 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (4.35 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.
Gold & Silver Price Today
സ്വര്‍ണം : 4461 , ഇന്നലെ : 4461
വെള്ളി : 71.50 , ഇന്നലെ : 71.50
കോവിഡ് അപ്‌ഡേറ്റ്‌സ് - May 10, 2021
കേരളത്തില്‍ ഇന്ന്
രോഗികള്‍:27487
മരണം: 65
ഇന്ത്യയില്‍ ഇതുവരെ
രോഗികള്‍ :2,2,662,575
മരണം: 246,116
ലോകത്തില്‍ ഇതുവരെ
രോഗികള്‍:1,57,960,048
മരണം: 3289,097
Next Story
Videos