ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 14, 2021

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടി; നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

കേരളത്തില്‍ ലോക്ഡൗണ്‍ മെയ് 23 വരെ നീട്ടി. എല്ലാ ജില്ലയിലും ടിപിആര്‍ ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയത്. രോഗവ്യാപനം കൂടിയ തിരുവനന്തപുരം, തൃശ്ശൂര്‍,എറണാകുളം, മലപ്പുറം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. മെയ് 16-ന് ശേഷമാകും ട്രി്പ്പിള്‍ ലോക്ഡൗണ്‍ ചട്ടങ്ങള്‍ ഇവിടെ നടപ്പാക്കുക. വിവിധ വകുപ്പുകള്‍ വിദഗ്ധ സമിതി യോഗത്തിലാണ് ആവശ്യം മുന്നോട്ട് വെച്ചത്. ദുരന്ത നിവാരണ വകുപ്പ്, പൊലീസ് അടക്കമുള്ള വകുപ്പുകളാണ് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ ആവശ്യപ്പെട്ടത്.

ഇറക്കുമതി ചെയ്യുന്ന സ്പുട്‌നിക് വാക്‌സീന്‍ ഡോസിന് 995.40 രൂപ

ഇറക്കുമതി ചെയ്ത സ്പുട്‌നിക് 5 വാക്‌സിന് ഡോസ് ഒന്നിന് 995.40 രൂപയാകും. വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ് ഇക്കാര്യം അറിയിച്ചത്. 91.6% ഫലപ്രാപ്തി ഉള്ള സ്പുട്‌നിക് ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സീനാണ്. ഇറക്കുമതി ചെയ്യുന്ന വാക്‌സിനുകള്‍ക്ക് ഡോസ് ഒന്നിന് 5% ജിഎസ്ടി കൊടുക്കണം. അതേസമയം, ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കുന്ന സ്പുട്‌നിക് വാക്‌സിന് വില കുറയുമെന്നും ഡോ. റെഡ്ഡീസ് ലാബ് വ്യക്തമാക്കി.

18 മുതല്‍ 44 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് തിങ്കളാഴ്ച മുതല്‍ വാക്‌സിന്‍

18മുതല്‍ 44 വയസ്സുവരെ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിന്‍ വിതരണത്തിന് സംസ്ഥാനം തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പ്രായക്കാര്‍ക്കുള്ള വാക്‌സിന്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്‌തേക്കും. വാക്‌സിനെടുക്കാന്‍ ശനിയാഴ്ച മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാക്‌സിന്റെ ലഭ്യതക്കുറവുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ മാറ്റി സംസ്ഥാന സര്‍ക്കാര്‍

കോവിഡ് പരിശോധന നയത്തില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. രോഗ നിര്‍ണയ ടെസ്റ്റ് ആയ ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവ് ആയാല്‍ രോഗ സ്ഥിരീകരണത്തിന് ആര്‍ടിപിസിആര്‍ പരിശോധന വേണമെന്നില്ല. രോഗ മുക്തിക്കും പരിശോധന വേണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ 10 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞതിന് ശേഷം പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 17 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ കൊവിഡ് നെഗറ്റീവായി കണക്കാക്കും.

രണ്ട് വാക്‌സിന്‍ ഡോസ് എടുത്തവര്‍ക്ക് മാസ്‌ക് വേണ്ടെന്ന് അമേരിക്ക

രണ്ട് കോവിഡ് വാക്‌സിനും പൂര്‍ത്തിയായവര്‍ക്ക് മാസ്‌ക് ധരിക്കേണ്ടി വരില്ലെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് അറിയിപ്പ്. യുഎസ് പൗരന്മാര്‍ക്ക് അമേരിക്കയില്‍ മാസ്‌കില്ലാതെ ഇത്തരത്തില്‍ സഞ്ചരിക്കാം. എന്നാലും ഇനിയും രണ്ട് ഡോസുകള്‍ പൂര്‍ത്തിയാക്കാത്തവര്‍ ഉള്ളതിനാല്‍ തന്നെ അകലം പാലിക്കാനും സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ. റോച്ചല്‍ വലന്‍സ്‌കി നിര്‍ദേശം നല്‍കി.

ഇന്ന് രാത്രി നിര്‍ണായകം; ചുഴലിക്കാറ്റ്, 5 ജില്ലയില്‍ റെഡ് അലര്‍ട്ട്

ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാനം തയ്യാറെന്ന് മുഖ്യമന്ത്രി. ഇന്ന് രാത്രി വളരെ നിര്‍ണായകമാണ്. റെഡ് അലെര്‍ട് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എന്‍ഡിആര്‍എഫ് സംഘങ്ങള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ടെന്നും അതീവ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇന്ത്യയുടെ കയറ്റുമതി ഏപ്രിലില്‍ മൂന്നുമടങ്ങ് വര്‍ധിച്ചു

ഏപ്രിലിലെ ഇന്ത്യയുടെ കയറ്റുമതി റിപ്പോര്‍ട്ടില്‍ മൂന്നു മടങ്ങ് വര്‍ധനയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിവിധ മേഖലകളിലെ കയറ്റുമതി ആകെ മൂന്ന് മടങ്ങ് വര്‍ധിച്ച് 30.63 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10.36 ബില്യണ്‍ ഡോളറായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ കയറ്റുമതി 60.29 ശതമാനം വര്‍ധിച്ച് 34.45 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ഇറക്കുമതിയും വര്‍ധിച്ചു. കഴിഞ്ഞ മാസം രാജ്യത്തെ ഇറക്കുമതി 45.72 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2020 ഏപ്രിലില്‍ ഇത് 17.12 ബില്യണ്‍ ഡോളറായിരുന്നു. അതേസമയം വ്യാപാരക്കമ്മി 15.10 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു. 2020 ഏപ്രിലില്‍ ഇത് 6.76 ബില്യണ്‍ ഡോളറായിരുന്നു.

ഇന്ത്യയില്‍ നിയമനം നടക്കാതെ 10 ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ഒഴിവുകളെന്ന് റിപ്പോര്‍ട്ട്

കേന്ദ്രസര്‍ക്കാരിലെ പത്ത് ലക്ഷത്തോളം സിവിലിയന്‍ പോസ്റ്റിംഗുകള്‍ ഒഴിഞ്ഞു കിടക്കുന്നതായി ഫിനാന്‍സ് മിനിസ്ട്രിയുടെ റിപ്പോര്‍ട്ട്. ഇതില്‍ നാല് ദശലക്ഷത്തോളം നിയമിക്കപ്പെട്ടിട്ടും ജോലിയില്‍ പ്രവേശിക്കാന്‍ വൈകുന്നവയെന്നും കണക്കുകള്‍.

ഉയര്‍ന്നും താഴ്ന്നും ഓഹരി വിപണി, നേരിയ നേട്ടം

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ നേട്ടമുണ്ടാക്കി ഓഹരി സൂചികകള്‍. മെറ്റല്‍, ഓട്ടോ, ഫാര്‍മ ഓഹരികളുടെ വ്യാപകമായ വിറ്റഴിക്കലിനാണ് ഇന്ന് വിപണി സാക്ഷ്യം വഹിച്ചത്. സെന്‍സെക്സ് 41.75 പോയ്ന്റ് ഉയര്‍ന്ന് 48732.55 പോയ്ന്റിലും നിഫ്റ്റി 18.70 പോയ്ന്റ് ഉയര്‍ന്ന് 14677.80 പോയ്ന്റിലും ക്ലോസ് ചെയ്തു. 1402 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1627 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ഭൂരിഭാഗത്തിനും ഇന്ന് നേട്ടമുണ്ടാക്കാനായില്ല. ഒന്‍പത് എണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (7.29 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (4.55 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.05 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (3.28 ശതമാനം), എഫ്എസിടി (2.76 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.

Gold & Silver Price Today

സ്വര്‍ണം :4465 , ഇന്നലെ :4450

വെള്ളി : 70.50 , ഇന്നലെ : 71.13

കോവിഡ് അപ്‌ഡേറ്റ്‌സ് - May 14, 2021

കേരളത്തില്‍ ഇന്ന്

രോഗികള്‍:34694

മരണം: 93

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ :24,046,809​

മരണം: 262,317​

ലോകത്തില്‍ ഇതുവരെ

രോഗികള്‍:160,833,004​

മരണം: 3,340,394​




Related Articles
Next Story
Videos
Share it