Begin typing your search above and press return to search.
മിഡില്‍ ഈസ്റ്റില്‍ വിനാശമുണ്ടാക്കും! ബന്ദികളെ വിട്ടയക്കാന്‍ ഹമാസിന് ട്രംപിന്റെ അന്ത്യശാസനം, പനാമ കനാല്‍ ഏറ്റെടുക്കാനും പ്ലാന്‍
ജനുവരി 20നാണ് ട്രംപ് യു.എസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്
ഗസയിലെ ബന്ദികളെ വിട്ടുനല്‍കാന്‍ ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്. താന്‍ യു.എസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് ബന്ദികളെ മോചിപ്പിക്കണം. ഇല്ലെങ്കില്‍ മിഡില്‍ ഈസ്റ്റില്‍ വിനാശം വിതക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആവശ്യമെങ്കില്‍ മിഡില്‍ ഈസ്റ്റിലേക്ക് സൈനിക നീക്കം നടത്തിയേക്കുമന്ന സൂചനയാണ് ട്രംപിന്റെ വാക്കുകളിലെന്ന് വിലയിരുത്തലുകളുണ്ട്. പനാമ കനാല്‍, ഗ്രീന്‍ലാന്‍ഡ്, കാനഡ എന്നീ പ്രദേശങ്ങള്‍ യു.എസ് നിയന്ത്രണത്തിലാക്കാന്‍ സൈനിക നടപടി സ്വീകരിച്ചേക്കുമെന്ന സൂചനകളും അദ്ദേഹം നല്‍കി. യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി കോണ്‍ഗ്രസ് അംഗീകരിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 20നാണ് ട്രംപ് യു.എസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്.
മിഡില്‍ ഈസ്റ്റിലേക്ക് സൈനിക നീക്കം?
2023 ഒക്ടോബര്‍ 8ന് നടത്തിയ ആക്രമണത്തില്‍ നിരവധി ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കിയിരുന്നു. ഇതില്‍ ചിലരെ വിട്ടയച്ചെങ്കിലും 100 പേരെങ്കിലും ഇപ്പോഴും ഹമാസ് തടവില്‍ കഴിയുന്നതായാണ് ഇസ്രയേല്‍ സൈന്യത്തിന്റെ കണക്ക്. ഇവരെ വിട്ടുകിട്ടാന്‍ നിരവധി സമാധാന ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നും വിജയത്തിലെത്തിയില്ല. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സ്വന്തം പ്രതിനിധിയെ നിയമിച്ച് ട്രംപ് നടത്തിയ സമാധാന ശ്രമങ്ങളും ഫലം കണ്ടിരുന്നില്ല. തുടര്‍ന്നാണ് ട്രംപിന്റെ അന്ത്യശാസനമെത്തിയത്.
മിഡില്‍ ഈസ്റ്റില്‍ വിനാശം വിതക്കുമെന്നും ഹമാസിനും മറ്റുള്ളവര്‍ക്കും ഇത് നല്ലതായിരിക്കില്ലെന്നുമാണ് ട്രംപിന്റെ ഭീഷണി. ഒരുപക്ഷേ ഗാസയിലേക്ക് യു.എസ് സൈനിക നീക്കമുണ്ടായേക്കുമെന്ന നിരീക്ഷണങ്ങളും ഇതിനു പിന്നാലെയെത്തി. നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിന് സൈനിക സഹായം നല്‍കിയെങ്കിലും ഹമാസ്-ഇസ്രയേല്‍ വിഷയത്തില്‍ നേരിട്ടുള്ള ഇടപെടലുകള്‍ വേണ്ടെന്ന നിലപാടുകാരനായിരുന്നു. ഇത് ട്രംപ് മാറ്റുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
നോട്ടം പനാമ കനാലിലേക്കും
യു.എസിന്റെ 51ാമത്തെ സംസ്ഥാനമായി കാനഡയെ മാറ്റുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസം ട്രംപ് ചില പ്രസ്താവനകള്‍ നടത്തിയിരുന്നു. ഗള്‍ഫ് ഓഫ് മെക്‌സിക്കോയുടെ പേര് ഗള്‍ഫ് ഓഫ് അമേരിക്ക എന്ന് മാറ്റുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡെന്‍മാര്‍ക്കിന്റെ ഭാഗമായ ഗ്രീന്‍ലാന്‍ഡും പനാമ കനാലും സ്വന്തമാക്കുമെന്ന തരത്തിലുള്ള പ്രഖ്യാപനത്തിലേക്ക് ട്രംപ് കടന്നത്. ഇതിനായി സൈനികമോ സാമ്പത്തികപരമോ ആയ നടപടികള്‍ സ്വീകരിച്ചേക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.
കരീബിയന്‍ കടലിനെയും പസഫിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന 82 കിലോമീറ്റര്‍ നീളമുള്ള മനുഷ്യ നിര്‍മിത കനാലാണ് പനാമ. സമുദ്ര ഗതാഗതത്തില്‍ ഏറെ നിര്‍ണായക സ്ഥാനമുള്ള കനാല്‍ ഉപയോഗിക്കുന്നതിനുള്ള നിരക്ക് കൂടുതലാണെന്നാണ് ട്രംപിന്റെ പരാതി. 1999വരെ യു.എസ് നിയന്ത്രണത്തിലിരുന്ന കനാല്‍ പനാമക്ക് വിട്ടുനല്‍കുകയായിരുന്നു. പ്രതിവര്‍ഷം 14,000 കപ്പലുകള്‍ യാത്ര ചെയ്യുന്ന കനാലിന്റെ നിയന്ത്രണം ട്രംപ് ഏറ്റെടുത്താല്‍ സമുദ്ര ഗതാഗതത്തെ ബാധിക്കുമോയെന്ന ആശങ്കയും ശക്തമാണ്.
Next Story
Videos