അമേരിക്കയില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് ഉടനടി ഗ്രീന്‍ കാര്‍ഡ്; നിലപാട് തിരുത്തി ട്രംപ്

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ യു.എസില്‍ പഠിച്ചു കഴിയുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നത് തടയാന്‍ ഉടനടി ഗ്രീന്‍ഡ് കാര്‍ഡ് നല്‍കുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നവംബറില്‍ യു.എസില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുകയാണ്. ട്രംപ് ഇത്തവണയും മല്‍സരിക്കുന്നുണ്ട്. കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകളുള്ള ട്രംപിന്റെ മലക്കംമറിച്ചില്‍ ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു സന്തോഷം പകരുന്നതാണ്.
മറ്റു രാജ്യങ്ങളില്‍ നിന്ന് അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനെത്തുന്നവര്‍ മിക്കവരും പഠനശേഷം തിരിച്ചു സ്വന്തം രാജ്യത്തേക്ക് മടങ്ങുകയാണ്. ഇത് അമേരിക്കയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. പഠനത്തിന് ശേഷം മടങ്ങുന്നവര്‍ സ്വന്തം നാട്ടില്‍ കമ്പനികള്‍ തുടങ്ങി അതിസമ്പന്നരും വലിയ തൊഴില്‍ദാതാക്കളുമായി മാറുകയാണെന്നാണ് ട്രംപ് പറഞ്ഞത്.
മിടുക്കരെ വിട്ടുകളയില്ല
ഇത്തരം മിടുക്കരായ വിദ്യാര്‍ത്ഥികളെ യു.എസില്‍ തന്നെ പിടിച്ചുനിര്‍ത്താന്‍ അപേക്ഷ നല്‍കാതെ തന്നെ ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ വാഗ്ദാനം.
അമേരിക്കയില്‍ സ്ഥിരമായി താമസിക്കാനുള്ള രേഖയാണ് ഗ്രീന്‍ കാര്‍ഡ്. നിലവിലെ രീതി അനുസരിച്ച് പഠനം പൂര്‍ത്തിയാക്കിയവര്‍ യു.എസില്‍ തുടരാന്‍ അപേക്ഷ നല്കണം. അധികാരത്തിലെത്തിയാല്‍ പഠനശേഷം ഇവര്‍ക്ക് യാതൊരുവിധ നൂലാമാലകളും ഇല്ലാതെ രാജ്യത്ത് തുടരാന്‍ അനുവദിക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം.
പ്രസിഡന്റായിരുന്ന കാലത്ത് താന്‍ ചെയ്യാനാഗ്രഹിച്ചിരുന്ന കാര്യമായിരുന്നു ഇത്. എന്നാല്‍ കൊവിഡ് മഹാമാരി വന്നതോടെ പദ്ധതി നടപ്പിലാക്കാന്‍ സാധിച്ചില്ലെന്ന് ഒരു പോഡ്കാസ്റ്റ് ചര്‍ച്ചയില്‍ അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെ രാജ്യം വിടേണ്ടി വരുന്ന അവസ്ഥയ്ക്ക് മാറ്റംവരുത്തേണ്ടത് ആവശ്യമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവരും അഭിപ്രായപ്പെട്ടു.
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് ഉടനടി നല്‍കുമെന്ന് ട്രംപ് പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റിന്റെ വാക്കുകള്‍ ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുണ്ട്. ഇത്തരം ഗ്രീന്‍ കാര്‍ഡ് നല്‍കുംമുമ്പ് കര്‍ശന പരിശോധന ഉണ്ടാകും. അമേരിക്കയുടെ താല്പര്യത്തിന് യോജിക്കുന്നവര്‍ക്ക് മാത്രമേ കാര്‍ഡ് നല്‍കുകയുള്ളൂവെന്നാണ് കരോലിന്‍ പ്രതികരിച്ചത്.
നിലപാടുകളില്‍ മാറ്റം
കുടിയേറ്റ വിരുദ്ധതയ്ക്ക് പേരുകേട്ട നേതാവാണ് ട്രംപ്. അദ്ദേഹം പ്രസിഡന്റായിരുന്ന 2017-21 കാലഘട്ടത്തിലാണ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വലിയ മതില്‍ കെട്ടിയത്. അനധികൃത കുടിയേറ്റക്കാര്‍ യു.എസിലേക്ക് കടന്നു കയറാതിരിക്കാനായിരുന്നു ഇത്. ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്കും ഏര്‍പ്പെടുത്തിയിരുന്നു.
അമേരിക്കയില്‍ പത്തുലക്ഷത്തോളം വിദേശ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതിയിലേറെ പേരും ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. 2017ല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ 18 ശതമാനമായിരുന്നെങ്കില്‍ 2024ല്‍ 25 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ട്രംപ് അധികാരത്തിലെത്തിയാല്‍ നിലപാടുമാറ്റം ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാകും.
Related Articles
Next Story
Videos
Share it