വിറ്റഴിച്ച സാധങ്ങള്‍ തിരികെ എടുക്കില്ലെന്നും പകരം നല്‍കില്ലെന്നും പറയുന്നത് ശരിയല്ല, നടപടി ഉണ്ടാകും

വിറ്റഴിച്ച സാധനങ്ങള്‍ തിരികെ എടുക്കുകയോ പകരം നല്‍കുകയോ ചെയ്യില്ലെന്ന പ്രസ്താവനയോടെയുള്ള ബില്ലുകളാണ് വ്യാപാരികള്‍ പൊതുവെ നല്‍കാറുള്ളത്. ഇത് അന്യായവും നിയമവിരുദ്ധവുമാണെന്ന് എറണാകളും ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അഭിപ്രായപെട്ടു.

കേടായ സ്മാര്‍ട്ട്‌വാച്ച് നന്നാക്കി നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയെന്ന് കാണിച്ച് ഉപഭോക്താവ് വ്യാപാരിക്ക് എതിരെ നല്‍കിയ പരാതിയില്‍ വിധി പ്രസ്താവിച്ചുകൊണ്ടാണ് വ്യാപാരികള്‍ തുടര്‍ന്നു വരുന്ന അന്യായ വ്യാപാര സമ്പ്രദായം നിറുത്തണമെന്ന് ആവശ്യപ്പെട്ടത്. സ്മാര്‍ട്ട് വാച്ച് ഉപഭോക്താവ് നഷ്ടപരിഹാരവും, പകരം വാച്ചും നല്‍കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്.

ഉപഭോക്താവ് ഉന്നയിച്ച പരാതിയില്‍ കഴമ്പ് ഇല്ലാത്തതിനാല്‍ ഉപഭോക്തൃ കോടതി കേസ് തള്ളിയെങ്കിലും വ്യാപാരികളുടെ അന്യായ വ്യാപാര സമ്പ്രദായം അവസാനിപ്പിക്കണമെന്ന് നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് ലീഗല്‍ മെട്രോളജി വകുപ്പിനും ജി.എസ്.ടി വകുപ്പിനും നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് ബില്ലുകളില്‍ വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കുകയോ, പകരം നല്‍കുകയോ ചെയില്ലന്ന പ്രസ്താവന മാറ്റിയെന്ന് ഉറപ്പ് വരുത്തേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലയാണ്.

കേരള സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം 2013ല്‍ സമാനമായ വിധി പ്രഖ്യാപിച്ചിരുന്നു എന്നാല്‍ ഇതു വരെ നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. ഉപഭോക്തൃ നിയമം അനുസരിച്ച് വ്യപാര ഇടപാടുകളില്‍ സുതാര്യതയും നീതിയും ഉറപ്പാക്കാന്‍ അന്യായമായി ബില്ലുകളില്‍ കൊടുത്തിരിക്കുന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് ജില്ലാ ഉപഭോക്തൃ കോടതി നിരീക്ഷിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it