ഡോ. കെ എം ഏബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി: ബജറ്റിലും നിര്‍ണായക റോളിന് സാധ്യത

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കിഫ്ബി വഴി അടിസ്ഥാന സൗകര്യ വികസനത്തിന് 60,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് രൂപം നല്‍കാനും 12,500 കോടി രൂപ ചെലവിടാനും നിര്‍ണായക പങ്ക് വഹിച്ച ഡോ. കെ എം ഏബ്രഹാമിന് കൂടുതല്‍ ഉത്തരവാദിത്തമുള്ള ജോലി ഏല്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് ഡോ. കെ എം ഏബ്രഹാമിനെ നിയമിച്ചിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിലെ നിര്‍ണായക പദവി കൂടിയാണിത്.

കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മാത്രമല്ല, വന്‍ സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കേണ്ട സ്ഥിതിയിലുമാണ്. ഒട്ടനവധി വന്‍കിട പദ്ധതികള്‍ കേരളം വിഭാവനം ചെയ്തിട്ടുണ്ട്. ആരോഗ്യ പരിരക്ഷ, സാമൂഹ്യ സുരക്ഷ എന്നീ രംഗങ്ങളിലെല്ലാം ഏറെ പണം ചെലവിടേണ്ടിയും വരും. രണ്ടാം പിണറായി സര്‍ക്കാരിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി തന്നെ ധനകാര്യമാകും. ഈ സാഹചര്യത്തിലാണ് ഡോ. കെ എം ഏബ്രഹാമിനെ കൂടുതല്‍ ഉത്തരവാദിത്തമുള്ള ചുമതലയും മുഖ്യമന്ത്രി ഏല്‍പ്പിച്ചിരിക്കുന്നത്.

1982 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ഏബ്രഹാം യുഎസിലെ പ്രശസ്തമായ ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, ലൈസന്‍സ്ഡ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് അംഗീകാരങ്ങള്‍ നേടിയ സാമ്പത്തിക വിദഗ്ധന്‍ കൂടിയാണ്. നേരത്തെ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ബോര്‍ഡ് അംഗത്വം ഉള്‍പ്പടെ നിര്‍ണായക പദവികള്‍ വഹിച്ചിട്ടുണ്ട്.
ധനകാര്യം നേരെയാക്കാന്‍ കാണിക്കണം മാജിക്!
സംസ്ഥാനത്തിന്റെ വരുമാനം വളരെയേറെ ഇടിഞ്ഞുകൊണ്ടിരിക്കുന്ന കാലമാണിത്. മദ്യം, ഇന്ധനം, ലോട്ടറി എന്നിങ്ങനെ സംസ്ഥാനത്തിന് വരുമാനമുണ്ടാക്കുന്ന എല്ലാ രംഗത്തുമുണ്ട് തളര്‍ച്ച. അതിനിടെ, തെരഞ്ഞെടുപ്പിന് മുമ്പേ ഒന്നാം പിണറായി സര്‍ക്കാര്‍ അവതരിപ്പിച്ച സമ്പൂര്‍ണ ബജറ്റില്‍ പ്രഖ്യാപിച്ച സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വികസന പദ്ധതികള്‍ക്കും പണം കണ്ടെത്തേണ്ടിയുമിരിക്കുന്നു.

ധനമന്ത്രി പദവിയില്‍ പുതുമുഖമാണ് കെ. എന്‍ ബാലഗോപാല്‍. ഡോ. തോമസ് ഐസക്കിനെ പോലുള്ള സാ്മ്പത്തിക വിദഗ്ധന്റെ വിടവ് സര്‍ക്കാരിലുണ്ട് താനും. ഇതെല്ലാം കണക്കിലെടുത്ത് കൊണ്ടുകൂടിയാകാം ഡോ. കെ എം ഏബ്രഹാമിനെ നിര്‍ണായക റോളിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊണ്ടുവന്നിരിക്കുന്നത്. ധനവകുപ്പ് മേധാവിയെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഡോ. കെ എം ഏബ്രഹാം ഇപ്പോഴും വകുപ്പ് ജീവനക്കാരുടെ പൊതുസമ്മതനായ മേലുദ്യോഗസ്ഥനാണ്. പദ്ധതി ആസൂത്രണം, ഫണ്ട് സമാഹരണം, പദ്ധതി നടത്തിപ്പ് എന്നീ രംഗങ്ങളിലെല്ലാം പുലര്‍ത്തുന്ന അനന്യമായ കാര്യക്ഷമതയാണ് ഡോ. കെ എം ഏബ്രഹാമിനെ വ്യത്യസ്തനാക്കുന്നതും.
പ്രമുഖര്‍ക്ക് വീണ്ടും നിയമനം
അതിനിടെ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായി നിലവിലെ പ്രമുഖരെ വീണ്ടും നിയമിച്ചു. മുന്‍പ് ശാസ്ത്ര ഉപദേഷ്ടാവായിരുന്ന എം സി ദത്തന് സയന്‍സ് മെന്റര്‍ പദവി നല്‍കി. കവിയും മുന്‍ പ്രസ് അഡൈ്വസറുമായ പ്രഭാവര്‍മയ്ക്ക് മീഡിയ സെക്രട്ടറി പദവി നല്‍കി. പ്രസ് സെക്രട്ടറിയായി പി എം മനോജിനെ വീണ്ടും നിയമിച്ചു.

സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയായി എ. രാജശേഖരന്‍ നായര്‍ തുടരും. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായി സി എം രവീന്ദ്രന്‍, പി. ഗോപന്‍, ദിനേശ് ഭാസ്‌കരന്‍ എന്നിവരെ വീണ്ടും നിയമിച്ചു.

ഡോ. കെ എം ഏബ്രഹാമിന് നിര്‍ണായക ചുമതല ലഭിച്ചതോടെ കിഫ്ബിയില്‍ അഡീഷണല്‍ സി ഇ ഒയായി സത്യജിത് രാജനെ നിയമിച്ചിട്ടുണ്ട്. ഡോ. കെ എം ഏബ്രഹാമിനെ സഹായിക്കുന്നതിന് വേണ്ടിയാണിത്.




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it