ദുബൈയില്‍ നിന്ന് അബുദബിയിലേക്ക് ഇനി ഷെയര്‍ ടാക്‌സിയും; ലാഭം 75 ശതമാനം
ദുബൈ-അബുദബി നഗരങ്ങള്‍ക്കിടയില്‍ പുതിയ ഷെയര്‍ ടാക്‌സി സംവിധാനം നടപ്പാക്കാന്‍ ദുബൈ റോഡ് ആന്റ് ട്രാന്‍പോര്‍ട്ട് അതോറിറ്റി. ദുബൈയിലെ ഇബ്ന്‍ ബത്തൂത്ത സെന്ററില്‍ നിന്ന് അബുദബിയിലെ അല്‍വഹ്ദ സെന്ററിലേക്കാണ് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നത്. ഇരു നഗരങ്ങള്‍ക്കുമിടയില്‍ ഗതാഗത തിരക്ക് കുറക്കുക, സൗകര്യപ്രദവും വേഗത്തിലുള്ളതുമായ യാത്ര കുറഞ്ഞ ചിലവില്‍ ഒരുക്കുക എന്നിവയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ആറു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ ഈ സംവിധാനം നടപ്പാക്കുന്നത്. വിജയകരമാണെന്ന് തെളിഞ്ഞാല്‍ സര്‍വ്വീസുകള്‍ സ്ഥിരമാക്കും. സാധാരണക്കാര്‍ക്കിടയില്‍ ഈ സര്‍വ്വീസിന് ആവശ്യക്കാരുണ്ടാകുമെന്നാണ് അതോറിറ്റി പ്രതീക്ഷിക്കുന്നത്. നിലവില്‍ സ്വകാര്യ ടാക്‌സികള്‍ ദുബൈ-അബുദബി റൂട്ടില്‍ ഷെയര്‍ ടാക്‌സി സൗകര്യം നല്‍കുന്നുണ്ട്.
യാത്രാ ചിലവ് കുറയും
ഇരു നഗരങ്ങള്‍ക്കുമിടയില്‍ യാത്രാ ചിലവ് 75 ശതമാനം കുറക്കാനാകുമെന്നാണ് ദുബൈ ആര്‍.ടി.എ കണക്കുകൂട്ടുന്നത്. സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഈ സൗകര്യം ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍.ടി.എ പ്ലാനിംഗ് ആന്റ് ബിസിനസ് ഡവലപ്‌മെന്റ് ഡയരക്ടര്‍ ആദില്‍ ഷിക്‌രി പറഞ്ഞു. ഇരുനഗരങ്ങളെയും കൂടുതല്‍ ബന്ധിപ്പിക്കാനുള്ള പൊതു ഗതാഗത സംവിധാനമായായി ഇതിനെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാഹനങ്ങളുടെ വലുപ്പത്തിന് അനുസരിച്ചുള്ള യാത്രാ നിരക്കുകളാണ് ഏര്‍പ്പെടുത്തുക. നാലു പേരുടെ വാഹനത്തിന് ഒരാള്‍ക്ക് 66 ദിര്‍ഹം (1500 രൂപ) ആണ് ഫീസ്. മൂന്നു പേരാണ് യാത്ര ചെയ്യുന്നതെങ്കിൽ 88 ദിര്‍ഹവും രണ്ട് പേരുടെ വാഹനമാണെങ്കില്‍ 132 ദിര്‍ഹവും ഈടാക്കും. നിലവില്‍ സ്വകാര്യ ഷെയര്‍ ടാക്‌സികള്‍ ഈടാക്കുന്നത് 40 മുതല്‍ 60 ദിര്‍ഹം വരെയാണ്. ഇതിന് പുറമെ ഊബര്‍ പോലുള്ള മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള സേവനവും ഈ നഗരങ്ങൾക്കിടയിൽ ലഭ്യമാണ്.