ഒരൊറ്റ വീസ മതി, യു.എ.ഇയില്‍ തങ്ങാം ഇനി 900 ദിവസം!

ഇന്ത്യ-ദുബൈ ബന്ധം ശക്തിപ്പെടുത്തുന്നതിനായി അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ അവതരിപ്പിച്ച് ദുബൈ. സുസ്ഥിരമായ സാമ്പത്തിക സഹകരണം, ടൂറിസം, ബിസിനസ് ബന്ധങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ പുത്തന്‍ വീസ.

രാജ്യത്ത് 90 ദിവസത്തേക്ക് തുടരാന്‍ അനുവദിക്കുന്ന ഒന്നാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ. ഇത് വീണ്ടും 90 ദിവസത്തേക്ക് കൂടി നീട്ടാനാകും. മൊത്തം താമസം ഒരുവര്‍ഷം 180 ദിവസത്തില്‍ കൂടരുത്. തുടര്‍ച്ചയായി അല്ലെങ്കിലും അഞ്ച് വര്‍ഷത്തിനുള്ളില്‍ യു.എ.ഇയില്‍ മൊത്തം 900 ദിവസം തങ്ങാന്‍ ഇതനുവദിക്കുന്നു. കൂടാതെ വീസ വെറും 48 മണിക്കൂറിനുള്ളില്‍ നല്‍കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസയിലൂടെ വിനോദസഞ്ചാരികള്‍ക്കും മറ്റും ഒന്നിലധികം എന്‍ട്രികളും എക്‌സിറ്റുകളും നടത്താനാകും. ഇത് ബിസിനസ് കൂടിക്കാഴ്ചകള്‍ക്കും മറ്റും ഏറെ സഹായകമാകും. അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ സംരംഭം ഇന്ത്യയുമായുള്ള നിലവിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുമെന്ന് ദുബൈ ഇക്കണോമി ആന്‍ഡ് ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പ്രോക്സിമിറ്റി മാര്‍ക്കറ്റ്സ് റീജിയണല്‍ ഹെഡ് ബദര്‍ അലി ഹബീബ് പറഞ്ഞു.

ദുബൈ ഇക്കണോമി ആന്‍ഡ് ടൂറിസം വകുപ്പിന്റെ (ഡി.ഇ.ടി) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2022ല്‍ യു.എ.ഇയില്‍ എത്തിയ ഇന്ത്യന്‍ യാത്രക്കാരില്‍ നിന്ന് 2023ല്‍ 34 ശതമാനം വര്‍ധനയാണുണ്ടായത്. 2023ല്‍ ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം ഇത്തരത്തില്‍ കൂടിയതാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ പുറത്തിറക്കാന്‍ പ്രധാന കാരണമായത്.

Related Articles
Next Story
Videos
Share it