കോവിഡ് കാലത്തും ലാഭത്തില്‍ മാത്രം കണ്ണ്, ലോക വിപണിയില്‍ ചൈന ഒറ്റപ്പെട്ടേക്കും

ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 ബാധയെ തുടര്‍ന്ന് ലോക രാജ്യങ്ങള്‍ സാമ്പത്തികമായി തകരുമ്പോള്‍ ആ വിപണിയിലും ഗുണമേന്മ കുറഞ്ഞ രോഗ പരിശോധന കിറ്റുകള്‍ വിറ്റഴിച്ച് ലാഭം നേടാന്‍ ചൈന. ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് ചൈന നല്‍കിയ മോശം പരിശോധന കിറ്റുകളില്‍ നിന്നുള്ള തെറ്റായ ഫലങ്ങളെ കുറിച്ചുള്ള ഡോക്റ്റര്‍മാരുടെ അഭിപ്രായങ്ങള്‍ ട്വിറ്റര്‍ പോലുള്ള സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്.

ഇറ്റലിക്ക് ശേഷം കോവിഡ് ബാധയുടെ ലോകത്തിലെ ഹോട്ട് സ്‌പോട്ടായി മാറിയ സ്‌പെയ്‌നില്‍ ചൈന നല്‍കിയ കിറ്റില്‍ 80 ശതമാനവും തെറ്റായ ഫലമാണ് നല്‍കുന്നതെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു.
ചെക്ക് റിപ്പബ്ലിക്കിലും സ്ഥിതി വിഭിന്നമല്ല. ചെക്ക് റിപ്പബ്ലിക്ക് ഒരു ലക്ഷം ചൈനീസ് കിറ്റുകള്‍ 5,46,000 പൗണ്ടിനാണ് വാങ്ങിയത്. ഇതില്‍ സിംഹഭാഗവും ഗുണമേന്മ കുറഞ്ഞതാണ്.

കോറോണ ബാധയെ അതിവേഗം നിയന്ത്രിച്ച് ഫാക്ടറികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായെന്ന് തെളിയിക്കാന്‍ ചൈന ധൃതി പിടിച്ചുള്ള കാര്യങ്ങളാണ് ചെയ്തത്. കോവിഡ് ബാധയെ തടയാന്‍ വേണ്ട മാസ്‌കും സുരക്ഷാ ഉപകരണങ്ങളും വന്‍തോതില്‍ നിര്‍മിച്ച് യൂറോപ്പിലേക്കും ഏഷ്യന്‍ രാജ്യങ്ങളിലേക്കും കയറ്റി അയക്കാന്‍ തുടങ്ങി. ഇതിനെ പല രാജ്യങ്ങളും അത്ഭുതത്തോടെയാണ് നോക്കിയത്.

രോഗത്തിന് മുന്നില്‍ പകച്ചു നിന്ന രാജ്യങ്ങള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനമായല്ല ഇതൊന്നും നല്‍കിയത്. വന്‍തുക തന്നെ ചൈന ഈടാക്കുകയും ചെയ്തിരുന്നു. കോവിഡ് കാലത്ത് ലോക വിപണിയുടെ ആവശ്യമറിഞ്ഞ് ചൈന നിര്‍മിച്ച് നല്‍കിയ ഉല്‍പ്പന്നങ്ങള്‍ തീരെ ഗുണമേന്മയില്ലാത്തതും കൂടി ആയതോടെ കൂടുതല്‍ ലോക രാജ്യങ്ങള്‍ ചൈനയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി തുടങ്ങി.

കോവിഡ് കാലത്തിനു ശേഷം ചൈനയ്ക്ക് കാര്യങ്ങള്‍ പന്തിയാകില്ല

ലോകത്തെ പിടിച്ചുലച്ച കോവിഡ് ബാധയ്ക്കു കാരണം ചൈനയാണെന്ന വിശ്വാസം പലര്‍ക്കുമുണ്ട്. അതിനിടെയാണ് ആ രോഗത്തില്‍ നിന്ന് ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും സംരംക്ഷിക്കാനുള്ള ഗുണമേന്മ കുറഞ്ഞ കിറ്റും ചൈനീസ് സര്‍ക്കാരിന്റെ തന്നെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച് ലോകത്ത് വില്‍ക്കുന്നത്.

സ്‌പെയ്ന്‍, ഇറ്റലി, ചെക്ക് റിപ്പബ്ലിക്, തുര്‍ക്കി, നെതര്‍ലാന്‍ഡ്‌സ് സര്‍ക്കാരുകള്‍ ചൈനീസ് കിറ്റുകള്‍ വെറും പ്ലാസ്റ്റിക് കളിപ്പാട്ടമാണെന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. മെഡിക്കല്‍ ലോകം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിനോട് യുദ്ധം ചെയ്യുമ്പോള്‍ ആ പോരാട്ടം നയിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വ്യാജ സുരക്ഷാഉപകരണങ്ങള്‍ വില്‍ക്കുന്ന ചൈനീസ് സര്‍ക്കാരിന് നേരെ പലരും ഇതിനിടെ വിരല്‍ ചൂണ്ടിക്കഴിഞ്ഞു.

ലോകത്തിന്റെ മാനുഫാക്ചറിംഗ് ഹബ്ബായ ചൈനയെ ലോക രാജ്യങ്ങള്‍ അമിതമായി ആശ്രയിച്ചിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ചൈനീസ് ഫാക്ടറികള്‍ ആദ്യം അടച്ചതോടെ ലോക കമ്പനികളുടെ സപ്ലൈ ചെയ്ന്‍ മുറിയാന്‍ തുടങ്ങി.
കോവിഡ് മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്നതോടെ ലോക സമ്പദ് വ്യവസ്ഥയും മാനുഫാക്ചറിംഗും എല്ലാം തകിടം മറിഞ്ഞു. അതിനിടെയാണ് വിലയും ഗുണമേന്മയും കുറഞ്ഞ ടി ഷര്‍ട്ടും സോക്‌സും ലോക വിപണിയിലേക്ക് അയക്കുന്ന അതേ ലാഘവത്തോടെ ജീവന്‍രക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും ചൈനീസ് സര്‍ക്കാര്‍ നിര്‍മിച്ച് കയറ്റി അയക്കുന്നത്.

കൊറോണ കാലത്ത് ജനങ്ങള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കുന്നതു പോലെ കൊറോണയ്ക്കു ശേഷം ചൈനയുമായി സാമ്പത്തിക അകലം ലോകരാജ്യങ്ങള്‍ പാലിക്കേണ്ടി വരുമെന്ന് പല നയതന്ത്ര വിദഗ്ധരും ഇതിനിടെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ലോകം മാറി ചിന്തിക്കും, ഇന്ത്യയ്ക്ക് ഗുണമായേക്കും

2008ലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് നേട്ടം കൊയ്ത് ചൈന കരകയറിയതു പോലെ കോവിഡ് കാലത്തിനുശേഷം സാധ്യമാകില്ലെന്നാണ് ചൈനയെ ആഴത്തില്‍ പഠിച്ച വിദഗ്ധര്‍ പറയുന്നത്. ചൈനയുടെ പ്രധാന വിപണികളിലൊന്ന് അമേരിക്കയാണ്. കോവിഡ് മൂലം ചൈനയിലേതിനേക്കാള്‍ കൂടുതല്‍ പേര്‍ അമേരിക്കയില്‍ ഇപ്പോള്‍ തന്നെ മരിച്ചുകഴിഞ്ഞു. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കും വീണു. ഇനി അമേരിക്കന്‍ വിപണിയില്‍ ചൈനയുടെ മേല്‍ക്കോയ്മ അതിവേഗം തിരിച്ചുപിടിക്കാനാവില്ല.

മാത്രമല്ല സപ്ലൈ ചെയ്‌നുകള്‍ താറുമാറായതോടെ പല ലോകരാജ്യങ്ങളും സ്വന്തം കാലില്‍ നില്‍ക്കാനുള്ള വഴികള്‍ നോക്കി തുടങ്ങി.
അതിനിര്‍ണായകമായ സാധനസാമഗ്രികള്‍ രാജ്യത്ത് തന്നെയോ അല്ലെങ്കില്‍ ചൈനയ്ക്ക് പുറത്ത് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നോ വരുത്താനുള്ള വഴികള്‍ നോക്കണമെന്ന് അമേരിക്കന്‍ വാണിജ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നുണ്ട്.

കോവിഡ് ബാധയുടെ പ്രാരംഭഘട്ടത്തില്‍ വിവരങ്ങള്‍ പുറത്തുവിടാതിരുന്നതും ലോകാരോഗ്യസംഘടനയുടെ അഭിപ്രായ പ്രകടനത്തെ ചൈന സ്വാധീനിച്ചതുമെല്ലാം ലോകരാജ്യങ്ങളുടെ രോഷം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ചൈന എന്നും ഇരുമ്പ് മറയ്ക്കുള്ളില്ലായിരുന്നു. എന്നാല്‍ കോവിഡ് കാലത്തിന് ശേഷം ഈ സുതാര്യമല്ലാത്ത ചൈനീസ് രീതി ലോക വിപണിയില്‍ അവരെ ഒറ്റപ്പെടുത്താനാണിട.
ഇത്തരമൊരു സാഹചര്യം ഇന്ത്യയ്ക്ക് മാനുഫാക്ചറിംഗ് രംഗത്ത് മുന്നേറാന്‍ അവസരമൊരുക്കുമെങ്കിലും അതിന് കൃത്യമായ ആസൂത്രണം അനിവാര്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മരുന്നുകളുടെ കാര്യത്തില്‍ ഇന്ത്യ തന്നെ വന്‍തോതില്‍ ചൈനയെ ആശ്രയിക്കുന്നുണ്ട്. ഇന്ത്യയുടെ മാനുഫാക്ചറിംഗ് രംഗത്തെ ദൗര്‍ബല്യം തുറന്നുകാട്ടാനും കോവിഡ് കാരണമായിട്ടുണ്ട്.
ഇന്ത്യയെ ലോകത്തിലെ മാനുഫാക്ചറിംഗ് ഹബ്ബാക്കാന്‍ വേണ്ട എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചാല്‍ ചൈനയെ ലോക രാജ്യങ്ങള്‍ മാറ്റി നിര്‍ത്തുമ്പോള്‍ തുറക്കുന്ന അവസരങ്ങള്‍ മുതലെടുക്കാനാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles
Next Story
Videos
Share it