ആര്‍.സിയുമില്ല, ഇന്‍ഷുറന്‍സുമില്ല; വരുതിയിലാവാതെ ദുബൈയിലെ ഇ-സ്‌കൂട്ടറുകള്‍

ആഢംബര കാറുകള്‍ സഞ്ചരിക്കുന്ന ദുബൈ നഗരത്തില്‍ ഇ-സ്‌കൂട്ടറുകള്‍ ശല്യമായി തുടങ്ങിയോ? അതെയെന്നാണ് ദുബൈ പോലീസും ഇന്‍ഷുറന്‍സ് കമ്പനികളും സമ്മതിക്കുന്നത്. വാഹന റജിസ്‌ട്രേഷനോ ഇന്‍ഷുറന്‍സോ ഇല്ലാതെ നിരത്തുകളില്‍ സജീവമാകുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളും മോപ്പെഡുകളും നഗരത്തിന് തലവേദനയായി മാറുകയാണ്. ആവര്‍ത്തിക്കുന്ന അപകടങ്ങളും ട്രാഫിക് ലംഘനങ്ങളും, വൈദ്യുത സ്‌കൂട്ടറുകള്‍ക്ക് മൂക്കുകയറിടേണ്ട സാഹചര്യമാണ് വളര്‍ത്തുന്നത്.

സര്‍ക്കാര്‍ സഹായത്തോടെ തുടക്കം

നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി 2021 ലാണ് യു.എ.ഇയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ തുടങ്ങിയത്. 50,000 ഇ-സ്‌കൂട്ടറുകള്‍ക്ക് അനുമതി നല്‍കിയായിരുന്നു തുടക്കം. പ്രധാന നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട തെരുവുകളില്‍ ഇത്തരം വാഹനങ്ങള്‍ക്ക് അനുമതി നല്‍കി. ഓടിക്കുന്നയാള്‍ ഓണ്‍ലൈന്‍ കോഴ്സ് പൂര്‍ത്തിയാക്കുന്നതോടെയാണ് സര്‍ക്കാര്‍ പെര്‍മിറ്റ് നല്‍കുന്നത്. പിന്നീട് യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ഇ-സ്‌കൂട്ടറുകള്‍ വ്യാപകമായി. ഇത്തരം വാഹനങ്ങളുടെ വിപണി വളരാനും സര്‍ക്കാര്‍ നയം കാരണമായി.

വര്‍ധിക്കുന്ന അപകടങ്ങള്‍

ഇ-സ്‌കൂട്ടറുകളുടെ വര്‍ധന നഗരത്തില്‍ ട്രാഫിക് കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നതാണ് പിന്നീട് കണ്ടത്. ഈ വര്‍ഷം ആദ്യത്തെ ആറുമാസത്തിനിടെ ഇ-സ്‌കൂട്ടറുകള്‍ ഉള്‍പ്പെട്ട നിരവധി അപകടങ്ങളിലായി നാലു പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. മറ്റു വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ഇത്തരം വാഹനങ്ങള്‍ ഭീഷണിയായി മാറുന്നുണ്ട്. അപകടങ്ങളില്‍ ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനും തടസ്സങ്ങളുണ്ട്. ഇ-സ്‌കൂട്ടറുകള്‍ക്ക് ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍, അപകടത്തില്‍ പെടുന്ന മറ്റു വാഹനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുന്നത്. അപകടത്തില്‍ ഇ-സ്‌കൂട്ടറുകള്‍ തകര്‍ന്നാല്‍ എതിര്‍കക്ഷിയുടെ ഇന്‍ഷുറന്‍സ് ക്ലെയിം ഉപയോഗപ്പെടുത്തേണ്ടി വരികയോ പണം നല്‍കുകയോ ചെയ്യേണ്ടി വരും. മറിച്ച്‌, ഇ-സ്‌കൂട്ടര്‍ ഉടമയില്‍ നിന്ന് ക്ലെയിമുകളൊന്നും ലഭിക്കാറുമില്ല. പല അപകടങ്ങളിലും ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇ-സ്‌കൂട്ടര്‍ ഉടമക്കെതിരെ കോടതിയെ സമീപിക്കാറുമുണ്ട്. ഇത്തരം വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

Related Articles
Next Story
Videos
Share it