ലെബനനിലെ പേജര്‍ സ്‌ഫോടനത്തിന് മലയാളി ബന്ധം! വയനാടുകാരനെതിരെ ബള്‍ഗേറിയയില്‍ അന്വേഷണം

ലോകത്തെ നടുക്കി ലെബനനിലുണ്ടായ പേജര്‍, വാക്കി ടോക്കി സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ ടെക് കമ്പനിയുടമയായ മലയാളിക്കെതിരെ ബള്‍ഗേറിയയില്‍ അന്വേഷണം പ്രഖ്യാപിച്ചു. നോര്‍വീജിയന്‍ പൗരത്വമുള്ള റിന്‍സന്‍ ജോസിനെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇദ്ദേഹത്തിന്റെ പേരിലുള്ള നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ് വഴിയാണ് അപകടത്തിന് കാരണമായ പേജറുകള്‍ വാങ്ങിയതെന്ന് ഹംഗേറിയന്‍ ന്യൂസ് സൈറ്റായ ടെലെക്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെയാണ് അന്വേഷണം. വയനാട് മാനന്തവാടി സ്വദേശിയാണ് റിന്‍സന്‍.
ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയിലാണ് കമ്പനിയുടെ ആസ്ഥാനമായി കാണിച്ചിരിക്കുന്നത്. എന്നാല്‍ ഇവിടെയെത്തിയ റോയിട്ടേഴ്‌സ് സംഘത്തിന് കമ്പനിയുടെ പൊടിപോലും കണ്ടെത്താനായില്ല. കമ്പനിയുടെ അഭിഭാഷകന്‍ ഇവിടെയുണ്ടായിരുന്നെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്‍സള്‍ട്ടിംഗ്, റിക്രൂട്ടിംഗ്, ഔട്ട്‌സോഴ്‌സിംഗ്, ടെക്‌നോളജി ഇന്റഗ്രേഷന്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുമെന്ന് പരസ്യം ചെയ്തിരുന്ന കമ്പനിയുടെ വെബ്‌സൈറ്റും പിന്നാലെ അപ്രത്യക്ഷമായി. പേജറുകളെക്കുറിച്ചുള്ള ചോദ്യത്തിന് റിന്‍സണ്‍ ജോസും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. നോര്‍വയുടെ തലസ്ഥാനമായ ഓസ്‌ലോയിലാണ് നിലവില്‍ റിന്‍സണ്‍ ജോസ് താമസിക്കുന്നത്. അയല്‍വാസികള്‍ക്കും റിന്‍സണ്‍ ജോസിനെക്കുറിച്ച് ഒന്നുമറിയില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് തുടരുന്നു.
അതേസമയം, റിന്‍സന്‍ ജോസ് നിലവില്‍ ജോലി ചെയ്യുന്ന ഡി.എന്‍ മീഡിയ എന്ന സ്ഥാപനം ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലെ റിപ്പോര്‍ട്ട് ലഭിച്ചതായും പൊലീസിനെയും സുരക്ഷാ ഏജന്‍സികളെയും ബന്ധപ്പെട്ടിട്ടുണ്ടെന്നും കമ്പനി സി.ഇ.ഒ അമുന്ദ് ജൂവ് റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. നിലവില്‍ റിന്‍സന്‍ യു.എസിലേക്കുള്ള യാത്രയിലാണ്. പുറത്തുവന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി ഓസ്‌ലോ പൊലീസും പ്രതികരിച്ചിട്ടുണ്ട്.

സ്‌ഫോടനത്തിന് പിന്നാലെ റിന്‍സനെ കാണാനില്ല

അതിനിടെ യഥാര്‍ത്ഥ്യ ലക്ഷ്യമറിയാതെയാണ് ഇസ്രയേല്‍ സംഘത്തിന് പേജറുകള്‍ വാങ്ങാന്‍ റിന്‍സന്‍ കൂട്ടുനിന്നതെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടമുണ്ടായതിന് പിന്നാലെ റിന്‍സനെ കാണാതായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബള്‍ഗേറിയന്‍ ഷെല്‍ കമ്പനിയുടെ ഉടമയായ റിന്‍സനാണ് ബ്രിട്ടീഷ് ഇടനിലക്കാരിയായ ക്രിസ്റ്റിയാന അര്‍സിഡിയാസോനോയ്ക്ക് ഇസ്രയേല്‍ സംഘം ഏല്‍പ്പിച്ച 1.3 മില്യന്‍ പൗണ്ട് (ഏകദേശം 14.5 കോടി രൂപ) കൈമാറിയത്. ഇരുവര്‍ക്കും പേജറുകള്‍ എന്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്നാണ് കരുതുന്നത്. എങ്ങനെയാണ് റിന്‍സന്‍ ഇസ്രയേലി സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചതെന്ന കാര്യം അവ്യക്തമാണ്.
Related Articles
Next Story
Videos
Share it