ചെറു പട്ടണങ്ങൾ മാന്ദ്യത്തിൻ്റെ പിടിയിൽ

ഇന്ത്യയുടെ ഗ്രാമീണ മേഖലയില്‍ ഏറെ പ്രകടമായിരുന്ന സാമ്പത്തിക പ്രതിസന്ധി ചെറുപട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിക്കുന്നതായാണ് സൂചന. കാര്‍ഷിക വിളകളുടെ മോശം വില, കാലാവസ്ഥയിലുണ്ടായ മാറ്റം മൂലമുണ്ടായ വിളനാശം, തൊഴില്‍ നഷ്ടം, ഉയര്‍ന്ന പണപ്പെരുപ്പം തുടങ്ങിയ കാരണങ്ങളാല്‍ കുറച്ചു കാലമായി ഗ്രാമീണ ജനതയുടെ ജീവിതം ദുസ്സഹമായി മാറിയിരുന്നു.

വാസ്തവത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ പ്രകടനത്തെ പ്രതികൂലമായി ഇത് ബാധിക്കുകയും ചെയ്തു. ഇപ്പോഴാകട്ടെ, സാമ്പത്തിക മാന്ദ്യം ചെറു പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിക്കുകയാണെന്നാണ് സുചനകള്‍. വന്‍കിട റീറ്റെയ്ല്‍ കമ്പനികളുടെ പ്രകടനം ഇതിന്റെ സൂചനയാണ്.

ഔട്ട്ലെറ്റുകള്‍ അടച്ചു പൂട്ടുന്നു

ഡിമാന്‍ഡ് കുറഞ്ഞതോടെ നഷ്ടത്തിലായ തങ്ങളുടെ ഔട്ട്ലെറ്റുകള്‍ പല റീറ്റെയ്ല്‍ ശൃംഖലകളും അടച്ചു പൂട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉദാഹരണത്തിന് ആദ്യത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീറ്റെയ്ലിനു കീഴിലുള്ള പാന്റലൂണ്‍സ് 2024 ലെ അവസാന ത്രൈമാസത്തില്‍ മാത്രം 33 സ്റ്റോറുകള്‍ അടച്ചു പൂട്ടി. വി മാര്‍ട്ട് റീറ്റെയ്ല്‍ ജനുവരി-മാര്‍ച്ച് കാലയളവില്‍ ഒന്‍പത് പുതിയ സ്റ്റോറുകള്‍ തുറന്നുവെങ്കിലും നിലവിലുള്ള 19 സ്റ്റോറുകള്‍ ഇക്കാലയളവില്‍ തന്നെ അടച്ചുപൂട്ടി. ടാറ്റയുടെ കീഴിലുള്ള ടൈറ്റന്‍ ഐപ്ലസ് കഴിഞ്ഞ ത്രൈമാസത്തില്‍ എട്ട് സ്റ്റോറുകളാണ് പൂട്ടിയത്.

ഇന്ത്യയിലുടനീളം പല റീറ്റെയ്ല്‍ ഔട്ടുലെറ്റുകളും മോശം ഡിമാന്‍ഡ്, കുറഞ്ഞു വരുന്ന ലാഭം, ഉയര്‍ന്ന പ്രവര്‍ത്തന ചെലവ് തുടങ്ങിയ കാരണങ്ങളാല്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. വര്‍ധിച്ചു വരുന്ന തൊഴില്‍നഷ്ടം, വിദേശ രാജ്യങ്ങളിലേക്കുള്ള യുവാക്കളുടെ വന്‍തോതിലുള്ള കുടിയേറ്റം, ഉയര്‍ന്ന പണപ്പെരുപ്പം, ഇ കൊമേഴ്സിന്റെ വളര്‍ച്ച തുടങ്ങിയവയെല്ലാം എല്ലാ മേഖലകളിലുമുള്ള റീറ്റെയ്ല്‍ ഔട്ട്ലെറ്റുകളുടെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാക്കി.

സര്‍ക്കാര്‍ നയങ്ങള്‍, നല്ല കാലാവസ്ഥ, പണപ്പെരുപ്പത്തിലും ആഗോള തലത്തിലുള്ള പിരിമുറക്കത്തിലും ഉണ്ടാകുന്ന കുറവ് തുടങ്ങിയവയെ ആശ്രയിച്ചാകും ഇനിയൊരു തിരിച്ചുവരവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Related Articles

Next Story

Videos

Share it