കേരളത്തില്‍ ആര്‍ക്കും വേണ്ട, ബംഗളൂരുവില്‍ ഒരു എഞ്ചിനീയറിംഗ് സീറ്റിന് 64 ലക്ഷം വരെ

കേരളത്തിലെ സ്വകാര്യ കോളേജുകളില്‍ എഞ്ചിനീയറിംഗ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ വന്‍ ഡിമാന്‍ഡ്. ബംഗളൂരുവിലെ പ്രമുഖ സ്വകാര്യ കോളേജുകളില്‍ മാനേജ്‌മെന്റ് സീറ്റൊന്നിന് 64 ലക്ഷം വരെ കൊടുക്കേണ്ടി വരുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത്തവണത്തെ അക്കാദമിക് വര്‍ഷം മുതല്‍ മിക്ക കോളേജുകളും മാനേജ്‌മെന്റ് സീറ്റിന് 10 ലക്ഷം വരെ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. മാനേജ്‌മെന്റ് ക്വാട്ടയില്‍ അഡ്മിഷനെടുക്കുന്ന വിദ്യാര്‍ത്ഥി ഈ തുകയുടെ പകുതി ആദ്യ വര്‍ഷവും ബാക്കി അടുത്ത മൂന്ന് വര്‍ഷങ്ങളിലുമായി അടച്ചു തീര്‍ക്കണം. നഗരത്തിലെ ഒരു പ്രമുഖ കോളേജ് കഴിഞ്ഞ തവണ ഈടാക്കിയത് 54 ലക്ഷം രൂപയായിരുന്നു. ഇത്തവണ അത് 64 ലക്ഷമാക്കി. അതായത് പുതുതായി അഡ്മിഷന്‍ എടുക്കുന്ന വിദ്യാര്‍ത്ഥി ആദ്യ വര്‍ഷം 32 ലക്ഷം രൂപ അടക്കണം, ബാക്കി 32 ലക്ഷം രൂപ മൂന്ന് ഗഡുക്കളായും.
ഇത്രയും വിലയുണ്ടെങ്കിലും മാനേജ്‌മെന്റ് സീറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റുതീരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കംപ്യൂട്ടര്‍ സയന്‍സും അനുബന്ധ കോഴ്‌സുകളും ഇതിനോടകം തന്നെ സീറ്റുകള്‍ തീര്‍ന്ന് അഡ്മിഷന്‍ അവസാനിപ്പിച്ചിട്ടുണ്ട്. അവശേഷിക്കുന്ന കോഴ്‌സുകളിലെ സീറ്റുകള്‍ക്കും വന്‍ തുകയാണ് കോളേജുകാര്‍ ചോദിക്കുന്നത്. ബംഗളൂരുവിലെ അഞ്ച് കോളേജുകളിലെങ്കിലും കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ കോഴ്‌സുകള്‍ക്ക് സീറ്റ് ഒഴിവുണ്ടോയെന്ന് അന്വേഷിച്ചെന്നും ഒരിടത്തും ലഭിച്ചില്ലെന്ന്
ഒരു രക്ഷിതാവ് പരാതിപ്പെടുന്നു.
എന്തുകൊണ്ട് ബംഗളൂരു?
ചില കോളേജുകള്‍ കുട്ടികള്‍ക്കിടയിലും രക്ഷകര്‍ത്താക്കള്‍ക്കിടയിലും 'ബ്രാന്‍ഡ്' പോലെ വളര്‍ന്നിട്ടുണ്ട്. ഇത്തരം കോളേജുകളില്‍ ചേരാന്‍ കുട്ടികള്‍ കൂടുതലായി ശ്രമിക്കുന്നതാണ് സീറ്റ് ദൗര്‍ലഭ്യത്തിന്റെ ഒരു കാരണം. മാനേജ്‌മെന്റ് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും മറ്റൊരു കാരണമാണ്. ഇത്തവണ 20 ശതമാനം വരെയാണ് മാനേജ്‌മെന്റ് ക്വാട്ട. സര്‍ക്കാര്‍ ക്വാട്ടയില്‍ നികത്താതെ പോകുന്ന സീറ്റുകളും ഒടുവില്‍ മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് മാറ്റപ്പെടും. ഐ.റ്റി അനുബന്ധ വ്യവസായങ്ങള്‍ ഏറെയുള്ള ബംഗളൂരുവില്‍ കംപ്യൂട്ടര്‍ സയന്‍സും അതുമായി ബന്ധപ്പെട്ട കോഴ്‌സുകളും ചെയ്യാന്‍ കുട്ടികള്‍ കൂടുതലായി ശ്രമിക്കുന്നതും മാനേജ്‌മെന്റുകള്‍ മുതലാക്കുകയാണ്.
കേരളത്തിലെ കോളേജുകളില്‍ ആളില്ല
ഒരു കാലത്ത് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഇഷ്ട വിഷയമായിരുന്നു എഞ്ചിനീയറിംഗെങ്കില്‍ ഇപ്പോള്‍ ട്രെന്‍ഡ് മാറിയിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ 2017-18 അക്കാഡമിക് വര്‍ഷം മുതല്‍. ഓരോ വര്‍ഷവും ആയിരക്കണക്കിന് സീറ്റുകളില്‍ വിദ്യാര്‍ത്ഥികളെ ലഭിക്കാത്ത സാഹചര്യമാണ് നിലവില്‍. 2017-18 വര്‍ഷത്തില്‍ 28,028 സീറ്റുകളാണ് ഒഴിഞ്ഞു കിടന്നത്. 2021-22ല്‍ 18,169 സീറ്റുകളിലും ആളെ കിട്ടിയില്ല. പുതുതലമുറ കോഴ്‌സുകളോടുള്ള വിദ്യാര്‍ത്ഥികളുടെ താത്പര്യം അവരെ പരമ്പരാഗത പഠനത്തില്‍ നിന്നും അകറ്റുന്നുണ്ട്. വിദേശ പഠനത്തിന്റെ സാധ്യതകള്‍ കൂടുതല്‍ തെളിയുന്നതും മറ്റൊരു കാര്യമാണ്.

Related Articles

Next Story

Videos

Share it