ഇ.പി.എഫ് അക്കൗണ്ട് അനക്കാതെ ഇട്ടിരിക്കുകയാണോ?
നിങ്ങളുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് അനക്കാതെ ഇട്ടിരിക്കുകയാണോ? എങ്കില്‍ സൂക്ഷിക്കണം. ഇ.പി.എഫ് ഓര്‍ഗനൈസേഷന്റെ പുതിയ ഉത്തരവ് വന്നിട്ടുണ്ട്. അതനുസരിച്ച് നിഷ്‌ക്രിയ അക്കൗണ്ടുകളില്‍ കര്‍ശനമായ പരിശോധന ആരംഭിക്കുകയാണ്. മൂന്നു വര്‍ഷത്തില്‍ കൂടുതലായി ഇടപാടുകളൊന്നും നടക്കാത്ത അക്കൗണ്ടുകള്‍ ജാഗ്രതയോടെ പരിശോധിക്കാനാണ് ഫീല്‍ഡ് ഓഫീസുകള്‍ക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ അക്കൗണ്ടുകള്‍ വഴി സാമ്പത്തിക തട്ടിപ്പോ വഴിവിട്ട ഇടപാടുകളോ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കൂടിയാണ് പരിശോധന.
മൂന്നു വര്‍ഷത്തെ ഇടപാടുകള്‍ പ്രധാനം
സര്‍വീസില്‍ തുടരുന്നവരുടെ ഇ.പി.എഫ് അക്കൗണ്ട് സ്വാഭാവികമായും സക്രിയമായിരിക്കും. അതിലേക്ക് തൊഴിലുടമ വിഹിതം അടച്ചു കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നുമില്ലാതെ അനക്കമറ്റു കിടക്കുന്ന അക്കൗണ്ടുകളിലേക്കാണ് ബന്ധപ്പെട്ടവര്‍ കണ്ണോടിക്കുന്നത്. മൂന്നുവര്‍ഷത്തെ ഇടപാടുകളാണ് ഫീല്‍ഡ് ഓഫീസര്‍മാര്‍ പരിശോധിക്കുന്നത്. ഈ കാലയളവില്‍ ഇടപാടുകള്‍ നടന്നിട്ടില്ലെങ്കില്‍ അത് നിഷ്‌ക്രിയ അക്കൗണ്ടായി വിലയിരുത്തും. ഈ അക്കൗണ്ടുകളില്‍ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍, കെ.വൈ.സി എന്നിവ പുതുക്കി ചേര്‍ത്തിട്ടുണ്ടാവില്ല. യു.എ.എന്‍ ഇല്ലാത്തത് അക്കൗണ്ടുകളെ സാരമായി ബാധിക്കും. 58 വയസ് കഴിഞ്ഞവരുടെ അക്കൗണ്ടുകളും പ്രവര്‍ത്തന രഹിതമായവയുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തുക. ഇത്തരം അക്കൗണ്ടുകളില്‍ 58 വയസ്സ് വരെയുള്ള പലിശ ക്രെഡിറ്റ് ചെയ്യും.
നിങ്ങള്‍ ചെയ്യേണ്ടത്
അക്കൗണ്ടില്‍ മൂന്നു വര്‍ഷമായി ഇടപാടുകള്‍ നടക്കുന്നില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കാനുള്ള സാധ്യതയാണുള്ളത്. ഇത് ഒഴിവാക്കാന്‍ ഇ.പി.എഫ്.ഒ ഓഫീസുകളില്‍ നേരിട്ട് എത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ബയോമെട്രിക് പരിശോധന, ഫോട്ടോ എടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനായുള്ള പ്രത്യേക ക്യാമ്പുകളും ഉപയോഗപ്പെടുത്താം. യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറിലേക്ക് ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടുകളില്‍ കെ.വൈ.സി പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. ഇല്ലെങ്കില്‍ തൊഴിലുടമ വഴിയോ ഇ.പി.എഫ്.ഒ ഓഫീസുകള്‍ വഴിയോ ഇത് നിര്‍വ്വഹിക്കാനാകും. ഉയര്‍ന്ന തുകയുടെ ഇടപാടുകള്‍ നടക്കുന്ന അക്കൗണ്ടുകളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങിയ ശേഷമായിരിക്കും ഇത് പൂര്‍ത്തിയാക്കാനാവുക.
മരവിപ്പിച്ച അക്കൗണ്ടുകള്‍ തുറക്കാം
നിഷ്‌ക്രിയമായ അക്കൗണ്ടുകള്‍ വീണ്ടും സജീവമാക്കുന്നതിന് ചില നടപടി ക്രമങ്ങളും ഇ.പി.എഫ്.ഒ കൊണ്ടു വന്നിട്ടുണ്ട്. ഇത്തരം അപേക്ഷകളില്‍ പഴയ രേഖകള്‍ പരിശോധിച്ചും തൊഴിലുടമകളില്‍ നിന്ന് വിവരം ശേഖരിച്ചും ക്രൗഡ് സോഴ്‌സിംഗ് രീതി ഉപയോഗിച്ചും അക്കൗണ്ടുകള്‍ പുനസ്ഥാപിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പുനസ്ഥാപിക്കുന്ന അക്കൗണ്ടുകളില്‍ ക്ലെയിം സെറ്റില്‍മെന്റുകളും നടത്താന്‍ കഴിയും. നിഷ്‌ക്രിയമായ അക്കൗണ്ടുകള്‍ വീണ്ടും തുറക്കുന്നതിന്, അപേക്ഷ നല്‍കി ഏതാണ്ട് മൂന്നാഴ്ചത്തെ സമയമെടുക്കും.