എറണാകുളം-ബംഗളൂരു വന്ദേഭാരത് ട്രെയിന്‍ തമിഴ്‌നാടിന് നല്‍കി; അനീതിയെന്ന് ഹൈബി ഈഡന്‍

എറണാകുളം-ബംഗളൂരു റൂട്ടിലേക്കായി തിരുവന്തപുരം റെയില്‍വേ ഡിവിഷനു വേണ്ടി അനുവദിച്ച പുതിയ വന്ദേഭാരത് ട്രെയിന്‍ തമിഴ്‌നാട്ടിലേക്ക് മാറ്റിയത് കേരളത്തിന് നഷ്ടവും റെയില്‍വേയ്ക്ക് നാണക്കേടുമാണെന്ന് ഹൈബി ഈഡന്‍ എം.പി. നിലവില്‍ മൈസൂരു-ചെന്നൈ റൂട്ടിലേക്കാണ് ഈ ട്രെയിന്‍ മാറ്റിയിരിക്കുന്നത്. രാജ്യത്ത് എവിടെയും റെയില്‍വേ പുതിയ ട്രെയിനുകളോ സര്‍വീസുകളോ ആരംഭിക്കുന്നതിനെതിരെ അഭിപ്രായ വ്യത്യാസമില്ലെന്നും എന്നാല്‍ ആദ്യം തിരുവനന്തപുരം ഡിവിഷനു അനുവദിച്ച ഒരു റേക്ക് മറ്റൊരു സോണിലേക്ക് മാറ്റുന്നത് കടുത്ത അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം-ബംഗളൂരു റൂട്ടില്‍ വന്ദേഭാരത് ട്രെയിന്‍ ഓടിക്കുന്നത് യാത്രക്കാര്‍ക്കും റെയില്‍വേയ്ക്കും ഒരുപോലെ ലാഭകരമാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനേയും റെയില്‍വേയിലെ വിവിധ ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. രേഖകളുടെ അടിസ്ഥാനത്തില്‍ ആവശ്യം അറിയിച്ചതോടെയാണ് ഈ റൂട്ടില്‍ ട്രെയിന്‍ അനുവദിക്കുമെന്ന് സൂചന ലഭിച്ചത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയും എറണാകുളം-ബംഗളൂരു റൂട്ടിലേക്കായി വന്ദേ ഭാരത് ട്രെയിന്‍ എത്തുമെന്നും സൂചനയുണ്ടായിരുന്നു.

വന്ദേഭാരത് ട്രെയിന്‍ എത്തിക്കുന്നതിനു പുറമെ എറണാകുളം മാര്‍ഷലിംഗ് യാര്‍ഡില്‍ കോടികള്‍ ചെലവിട്ട് വന്ദേഭാരതിന്റെ അറ്റകുറ്റപ്പണികള്‍ക്കും തകരാര്‍ തീര്‍ക്കുന്നതിനും വേണ്ട പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഇതിനിടയിലാണ് മൈസൂരു-ചെന്നൈ റൂട്ടില്‍ ഓടിക്കാനായി ഈ ട്രെയിന്‍ മാറ്റിയത്. ട്രെയിന്‍ തിരിച്ചെടുത്ത നടപടി പുനഃപരിശോധിക്കണമെന്ന് മന്ത്രി അശ്വിനി വൈഷ്ണവിന് അദ്ദേഹം അടിയന്തര സന്ദേശമയച്ചു.

Related Articles
Next Story
Videos
Share it