പങ്കാളിയോട് സംസാരിക്കാന്‍ സാധിക്കുന്നില്ല, ചുറ്റുപാട് മറന്ന് ഫോണ്‍ ഉപയോഗം

ഭക്ഷണം പോലെ നിത്യ ജീവിതത്തില്‍ മനുഷ്യന് ഒഴിച്ചൂകൂടാന്‍ പറ്റാത്ത ഒന്നായി സ്മാര്‍ട്ട്‌ഫോണുകള്‍ മാറിയിട്ടുണ്ട്. പങ്കാളികളുമായുള്ള ബന്ധത്തെ സ്മാര്‍ട്ട്‌ഫോണ്‍ വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ടെന്നാണ് സൈബര്‍ മീഡിയ റിസര്‍ച്ചിന്റെ പഠനം പറയുന്നത്. മനുഷ്യ ബന്ധങ്ങളെ സ്മാര്‍ട്ട്‌ഫോണുകള്‍ ഉലയ്ക്കുന്നു എന്നത് എല്ലാവരും ഒരു പോലെ സമ്മതിക്കുന്ന കാര്യവുമാണ്. എന്നാല്‍ അതിന്റെ തോത് വളരെ കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ഫോണ്‍ നിര്‍മാതാക്കളായ വിവോയുമായി ചേര്‍ന്നാണ് സൈബര്‍ മീഡിയ പഠനം നടത്തിയത്. സര്‍വെയുടെ ഭാഗമായ 67 ശതമാനം പേരും പങ്കാളികളുമായി സംസാരിക്കുന്നതിനൊപ്പം ഫോണും ഉപയോഗിക്കുന്നവരാണ്. പരസ്പരം ആഴത്തിലുള്ള സംസാരങ്ങള്‍ കുറയുന്നുണ്ടെന്ന് 89 ശതമാനവും പറയുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ബന്ധങ്ങളെ ബാധിക്കുന്നുണ്ടെന്ന തിരിച്ചറിവ് പഠനത്തിന്റെ ഭാഗമായ 88 ശതമാനം പേര്‍ക്കും ഉണ്ടെന്നതാണ് മറ്റൊരു വസ്തുത.

ദിവസവും ശരാശരി 4.7 മണിക്കൂറോളം ഫോണില്‍ ചെലവഴിക്കുന്നവരാണ് എല്ലാവരും. 88 ശതമാനവും ഒഴിവുസമയം തള്ളി നീക്കുന്നതിന് സ്മാര്‍ട്ട് ഫോണിനെ ആശ്രയിക്കുന്നവരാണ്. ഉറങ്ങി എണീറ്റ് 15 മിനിറ്റിനുള്ളില്‍ ഫോണ്‍ ഉപയോഗം തുടങ്ങുന്നവരാണ് ഭൂരിഭാഗം പേരും. അതില്‍ 28 ശതമാനവും 5-10 മിനിറ്റുനുള്ളില്‍ ഫോണ്‍ കൈയ്യിലെടുക്കുന്നവരാണ്.

ചുറ്റുപാട് മറന്ന് ഫോണ്‍ ഉപയോഗത്തില്‍ മുഴുകുന്നതാണ് സര്‍വ്വെയുടെ ഭാഗമായ 77 ശതമാനം പേരുടെയും രീതി. ഭൂരിഭാഗം പേരും ഭക്ഷണം കഴിക്കുമ്പോഴും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുമ്പോഴും ഫോണ്‍ ഉപയോഗിക്കുന്നവരാണ്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തിന്റെ ഗുണങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളും പഠനത്തിന്റെ ഭാഗമായിരുന്നു.

ബന്ധങ്ങള്‍ സൂക്ഷിക്കാന്‍ ഫോണ്‍ സഹായിക്കുന്നു എന്ന കാര്യത്തില്‍ 60 ശതമാനവും യോജിക്കുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ അറിവ് വര്‍ധിപ്പിച്ചെന്ന് 59 ശതമാനവും അഭിപ്രായപ്പെട്ടു. ഷോപ്പിംഗ് ഷോപ്പിംഗ് എളുപ്പമാക്കി എന്നതും സ്മാര്‍ട്ട് ഫോണിന്റെ ഗുണങ്ങളില്‍ ഒന്നായി ആളുകള്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ വിവിധ നഗരങ്ങളിലായി 2000 പേരെയാണ് പഠന വിധേയമാക്കിയത്.

Related Articles
Next Story
Videos
Share it