കേന്ദ്ര ബജറ്റ്: വിവിധ മേഖലകളിലെ വിദഗ്ധരുടെ അഭിപ്രായങ്ങള്‍

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, തൊഴിലാളികളുടെ നൈപുണ്യ വികസനം, കാര്‍ഷിക മേഖലക്ക് നല്‍കിയ പ്രാധാന്യം, നഗരഗ്രാമീണ ഭവനനിര്‍മ്മാണം, എം.എസ്.എം.ഇ മേഖലയ്ക്കുള്ള ഉയര്‍ന്ന ധനസഹായം എന്നിവയില്‍ ഊന്നിയാണ് ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിനെക്കുറിച്ച് വിവിധ മേഖലകളിലെ വിദഗ്ധര്‍ പ്രതികരിക്കുന്നു.
സതീഷ് മേനോന്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്)
മൂലധന നേട്ട നികുതിയിലെ (ഓഹരികളും കടപത്രങ്ങളുടെയും മറ്റും വില്‍പനയിലൂടെ ലഭിക്കുന്ന ലഭത്തിന്‍മേലുള്ള നികുതി) വര്‍ദ്ധനവ് അമ്പരപ്പിക്കുന്ന ഒരു പോരായ്മയാണ്. ഹ്രസ്വകാല മൂലധന നേട്ട നികുതി (എസ്ടിസിജി)യിലെ 5 ശതമാനം വര്‍ദ്ധനവ് ഹ്രസ്വകാല നിക്ഷേപകരെ സമീപഭാവിയില്‍ തന്നെ പ്രതികൂലമായി ബാധിക്കും. ഇടക്കാല ബജറ്റില്‍ പറഞ്ഞിരുന്ന പുരോഗമനപരമായ നടപടികളെ അടിസ്ഥാനമാക്കിയാണ് ഈ ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നത്. സര്‍ക്കാര്‍ ചെലവുകള്‍ ഇടക്കാല ബജറ്റിന്റെ ലക്ഷ്യവുമായി പൊരുത്തപ്പെടുന്നതാണെന്ന് കാണാം. ധനക്കമ്മി 4.9 ശതമാനമായി ആയി കുറയ്ക്കുക എന്നതിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഇത് 2024 സാമ്പത്തിക വര്‍ഷത്തില്‍ കണക്കാക്കിയ 5.6 ശതമാനത്തേക്കാള്‍ വളരെ കുറവാണ്.
അഡ്വ. കെ.എസ് ഹരിഹരൻ (അഡ്വക്കേറ്റ്, ജി.എസ്.ടി ഫാക്കല്‍റ്റി)
ഒരു ബജറ്റിലൂടെ ജി.എസ്.ടി ആക്റ്റിലും റൂൾസിലും മാറ്റങ്ങൾ വരുത്തുന്നതിൽ ധനകാര്യമന്ത്രിയ്ക്ക് പരിമിതികൾ ഉണ്ട്. എങ്കിൽപ്പോലും, നയപരമായ പല കാര്യങ്ങളും ബജറ്റിലൂടെ ചെയ്യാൻ ധനകാര്യമന്ത്രിയ്ക്ക് കഴിയും. പക്ഷേ അത്തരം ഒരു കാര്യവും ഈ ബജറ്റിലൂടെ ധനകാര്യമന്ത്രി ചെയ്തതായി കാണുന്നില്ല. ഇത് ഖേദകരമാണ്. കുറഞ്ഞ പക്ഷം ഇപ്പോൾ ബിസിനസ് സമൂഹം അനുഭവിക്കുന്ന പല ജി.എസ്.ടി പ്രശ്നങ്ങൾക്കും ജി.എസ്.ടി കൗൺസിലിലൂടെ പരിഹാരം കണ്ടെത്താനായി ശ്രമിക്കും എന്ന ഒരു ഉറപ്പു പോലും ഈ ബജറ്റിൽ ഉൾക്കൊള്ളിക്കാത്തത് പുനഃപരിശോധിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ഇൻകം ടാക്സ് നിയമത്തിൽ കുറെയേറെ മാറ്റങ്ങൾ പ്രതീക്ഷിച്ചു. അത് പലതും യാഥാർത്ഥ്യമായില്ല. എങ്കിൽപ്പോലും അപ്പീൽ നടപടികളിൽ റിമാൻഡ് ചെയ്യാൻ ഉതകുന്ന രീതിയിലുള്ള മാറ്റങ്ങൾ ഇൻകം ടാക്സ് നിയമത്തിൽ കൊണ്ടുവന്നിട്ടുള്ളത് ആശ്വാസകരമാണ്.
വി.പി നന്ദകുമാർ (എം.ഡി ആന്റ്‌ സി.ഇ.ഒ മണപ്പുറം ഫിനാൻസ്)
വികസിത ഭാരതത്തിനായി ഇടക്കാല ബജറ്റില്‍ തയ്യാറാക്കിയ നീക്കങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതാണ് ഇപ്പോഴത്തെ ബജറ്റ്. കൃഷി. വിദ്യാഭ്യാസം, ചെറുകിട-ഇടത്തരം-സൂക്ഷ്മ സംരംഭ മേഖല എന്നിവ ഉള്‍പ്പെടെയുള്ള ഒൻപത് മേഖലകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ 11.1 ലക്ഷം കോടി രൂപയുടെ മൂലധന വകയിരുത്തലും സംസ്ഥാനങ്ങള്‍ക്കായി 1.5 ലക്ഷം കോടി രൂപയുടെ പലിശ രഹിത മൂലധന വായ്പയും അടക്കം അടിസ്ഥാന സൗകര്യ മേഖലയില്‍ വന്‍ പ്രാധാന്യമാണു നല്‍കുന്നത്. മുദ്ര വായ്പകളുടെ പരിധി ഉയര്‍ത്തിയതും ചെറുകിട സംരംഭങ്ങള്‍ക്ക് കൊളാറ്ററല്‍ ഇല്ലാതെ വായ്പ ലഭ്യമാക്കുന്നതും 45 ശതമാനം കയറ്റുമതിക്കു വഴിയൊരുക്കുന്ന ഈ മേഖലയ്ക്ക് ആവേഗം നല്‍കും.
കെ. പോൾ തോമസ് (എം.ഡി ആന്റ്‌ സി.ഇ.ഒ, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്)
സമഗ്രവും സുസ്‌ഥിരവുമായ സാമ്പത്തിക വളർച്ചയ്ക്കുള്ള നിർദേശങ്ങളാണ് ഇത്തവണത്തെ ബജറ്റിലുള്ളത്. കൃഷി, സാമൂഹ്യനീതി, വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യം, നഗരവികസനം, ഊർജ സുരക്ഷയും പരിവർത്തനവും, എംഎസ്എംഇകൾ, സ്ത്രീ ശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെ ഒൻപത് മേഖലകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ആധുനിക രീതിയിലുള്ള സംഭരണ സൗകര്യങ്ങളും പുത്തൻ ജലസേചന മാർഗങ്ങളും നടപ്പിലാക്കിക്കൊണ്ട് കാർഷിക ഉൽപ്പാദനക്ഷമത വർധിപ്പിക്കാനാണ് ബജറ്റിൽ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനും ബജറ്റിൽ നിർദേശമുണ്ട്. കൂടാതെ, എംഎസ്എംഇകൾക്കുള്ള പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക വഴി ചെറുകിട സംരംഭക മേഖലയിൽ ഉൾപ്പടെ ഉൽപ്പാദനക്ഷമത വർധിക്കും.
പി.ആര്‍ ശേഷാദ്രി (എം.ഡി ആന്റ്‌ സി.ഇ.ഒ സൗത്ത് ഇന്ത്യന്‍ ബാങ്ക്)
ജി.എസ്.ടിയ്ക്ക് പുറമേ പ്രത്യക്ഷ നികുതിയിലും കാലോചിതമായ മാറ്റം കൊണ്ടുവന്ന് നികുതിഘടന പുനഃക്രമീകരിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണ്. മുദ്ര ലോണുകളുടെ പരിധി വർധിപ്പിക്കുകയും കൂടുതൽ ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമുകൾ അവതരിപ്പിക്കുകയും ചെയ്യുന്നത് ചെറുകിട സംരംഭകർക്ക് കൂടുതൽ വായ്പകൾ നൽകാൻ ധനകാര്യ സ്ഥാപനങ്ങളെ പര്യാപ്തമാക്കും. ഇത് രാജ്യത്തെ സൂക്ഷ്‌മ- ചെറുകിട, ഇടത്തരം സംരംഭ മേഖലയിലെ (എംഎസ്എംഇ) വായ്പ വിതരണത്തെ ത്വരിതപ്പെടുത്തും. ഭവന, തൊഴിൽ മേഖലയ്ക്ക് നൽകിയിട്ടുള്ള ഊന്നൽ എടുത്തുപറയേണ്ടതാണ്. പ്രധാനമന്ത്രി ആവാസ് യോജനയിലേക്ക് (പിഎംഎവൈ) കൂടുതൽ തുക വകയിരുത്തിയിട്ടുണ്ട്. കൂടാതെ, കാർഷിക ഗവേഷണത്തിനും ഗ്രാമ വികസനത്തിനുമായി നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.

Related Articles

Next Story

Videos

Share it