വൈദ്യുത വാഹന സബ്‌സിഡിയായി 10,000 കോടി രൂപ കൂടി; ബജറ്റില്‍ പ്രഖ്യാപിച്ചേക്കും

രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ മൂന്നാംഘട്ടം ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന. ജൂലൈയില്‍ ബജറ്റ് അവതരണത്തില്‍ 10,000 കോടി രൂപ വൈദ്യുത വാഹന മേഖലയ്ക്കായി നീക്കിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

കാര്‍ബണ്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു കേന്ദ്രം പദ്ധതി കൊണ്ടുവന്നിരുന്നത്. ഫാസ്റ്റര്‍ അഡോപ്ഷന്‍ അന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) പദ്ധതിയുടെ രണ്ടാംഘട്ടം മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. സബ്‌സിഡി അവസാനിച്ചതോടെ വൈദ്യുത വാഹനങ്ങള്‍ക്ക് വിലകൂടിയിരുന്നു. ഇതിനൊപ്പം വില്പനയിലും ഇടിവ് സംഭവിക്കുകയും ചെയ്തു.

വില്പനയ്ക്ക് ഗുണംചെയ്‌തേക്കും

മൂന്നാംഘട്ടത്തില്‍ 10,000 കോടി രൂപയുടെ പദ്ധതി കൂടി പ്രഖ്യാപിക്കുന്നതോടെ വൈദ്യുത വാഹന വില്പനയിലെ ഇടിവ് പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. ഫെയിം രണ്ടാംഘട്ടം അവസാനിച്ചശേഷവും ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് ആനുകൂല്യം നല്‍കിയിരുന്നു. എന്നാല്‍ കാറുകള്‍ക്കുള്ള ആനുകൂല്യം അവസാനിപ്പിച്ചിരുന്നു.

രണ്ടാംഘട്ട പദ്ധതി അവസാനിച്ച ശേഷം ഇലക്ട്രിക് മൊബൈലിറ്റി പ്രമോഷന്‍ സ്‌കീം (ഇ.എം.പി.എസ്) എന്ന പേരിലാണ് കേന്ദ്രം ഇടക്കാല പദ്ധതി കൊണ്ടുവന്നത്. 500 കോടി രൂപയായിരുന്നു ഇതിനായി അനുവദിച്ചിരുന്നത്. ഫെയിമിന്റെ മൂന്നാംഘട്ടം വരുന്നതു വരെ വില്പനയില്‍ ഉത്തേജനം നിലനിര്‍ത്തുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് 10,000 രൂപ മുതല്‍ 50,000 രൂപ വരെ ഈ സ്‌കീമില്‍ ഇളവ് നല്‍കിയിരുന്നു.

ഇരുചക്ര വാഹനങ്ങളുടെ സബ്‌സിഡി 22,500 രൂപയില്‍ നിന്ന് 10,000 രൂപയാക്കി ഇ.എം.പി.എസ് സ്‌കീമില്‍ കുറച്ചിരുന്നു. ഫെയിം 2ല്‍ 1,11,505 രൂപ സബ്‌സിഡി കിട്ടിയിരുന്ന മുച്ചക്ര വാഹനങ്ങളുടെ സബ്‌സിഡി 50,000 രൂപയാക്കിയും താഴ്ത്തിയിരുന്നു.

ഫെയിം പദ്ധതിയൂടെ മൂന്നാംഘട്ടത്തില്‍ കൂടുതല്‍ വാഹനങ്ങളെ ആനുകൂല്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് നീക്കമെന്നാണ് വിവരം. മുമ്പ് ലഭിച്ചിരുന്ന അത്രയും സബ്‌സിഡി ലഭിച്ചില്ലെങ്കിലും കൂടുതല്‍ ഇ.വി വിഭാഗങ്ങളെ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്‌തേക്കും.

സബ്‌സിഡി ഒഴിവാക്കി, വില്പന ഇടിഞ്ഞു

മേയില്‍ ദേശീയതലത്തില്‍ വൈദ്യുത വാഹന വില്‍പന 2023 മേയിലെ 1.58 ലക്ഷത്തെ അപേക്ഷിച്ച് 22.3 ശതമാനം ഇടിഞ്ഞ് 1.23 ലക്ഷത്തിലെത്തി. കേരളത്തിലും വൈദ്യുത വാഹന വില്‍പന കുറഞ്ഞിരുന്നു.

2023 മേയില്‍ സംസ്ഥാനത്ത് 7,393 ഇലക്ട്രിക് ടൂവീലറുകള്‍ വിറ്റുപോയിരുന്നു. കഴിഞ്ഞമാസത്തെ വില്‍പന 4,209 എണ്ണം മാത്രം. ഇലക്ട്രിക് കാര്‍ വില്‍പന 964ല്‍ നിന്ന് 744ലേക്കും കുറഞ്ഞു. അതേസമയം, ത്രീവീലര്‍ വില്‍പന 296ല്‍ നിന്ന് 333 എണ്ണമായി ഉയര്‍ന്നു.


Related Articles
Next Story
Videos
Share it