മുണ്ടുടുത്ത കര്‍ഷകനെ ഷോപ്പിംഗ് മാളില്‍ തടഞ്ഞപ്പോള്‍ സംഭവിച്ചത്
ഷോപ്പിംഗ് മാളില്‍ കയറാന്‍ ഡ്രസ്സ് കോഡ് ഉണ്ടോ? രാജ്യത്തെ ഷോപ്പിംഗ് മാളുകളിലൊന്നും അത്തരമൊരു പരസ്യമായ നിബന്ധനയില്ല. എന്നാല്‍ ബംഗളുരുവിലെ ഒരു മാളില്‍ 'ധോത്തി'യുടുത്ത് എത്തിയ ഒരു കര്‍ഷകനെ തടഞ്ഞത് ഏറെ വിവാദമായി. നഗരത്തിലെ മഗഡി മെയിന്‍ റോഡിലുള്ള ജി.ടി വേള്‍ഡ് മാളില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം വ്യാപാര മേഖലയിലും ജനങ്ങള്‍ക്കിടയിലും വലിയ ചര്‍ച്ചയായി. ബംഗളുരുവില്‍ ജോലി ചെയ്യുന്ന മകനോടൊപ്പം മാളില്‍ എത്തിയ വൃദ്ധനായ കര്‍ഷകനെ സെക്യുരിറ്റി ജീവനക്കാരന്‍ തടയുന്ന വീഡിയോ കര്‍ണാടകത്തില്‍ വ്യാപകമായി പ്രചരിച്ചു. മണ്ണിന്റെ മക്കള്‍ വാദമുന്നയിച്ച് പ്രാദേശിക സംവരണത്തിന് നിയമസഭയില്‍ ചര്‍ച്ചകള്‍ മുറുകുന്ന സമയമായതിനാല്‍ ഈ വീഡിയോ വലിയ പ്രതിഷേധത്തിന് ഇടയാക്കി. കര്‍ണാടക നിയമസഭയിലും ഇത് ചര്‍ച്ചയായി.
'മാളില്‍ വൃത്തിയുള്ള വേഷം ധരിക്കണം'
മാളില്‍ പ്രവേശിക്കുന്നതിന് പ്രത്യേക ഡ്രസ്സ് കോഡ് ഇല്ലെങ്കിലും വൃത്തിയുള്ള വേഷം ധരിച്ചെത്തുന്നവര്‍ക്ക് മാത്രം പ്രവേശനം നല്‍കിയാല്‍ മതിയെന്ന് മാനേജ്‌മന്റ് നിര്‍ദേശമുണ്ടെന്ന് ജി.ടി വേൾഡ് മാളിലെ സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞു. വൃദ്ധനായ കര്‍ഷകന്‍ എത്തിയത് ധോത്തിയുടുത്താണ്. വൃത്തിക്കുറവ് തോന്നിയതിനാലാണ് പ്രവേശം നിഷേധിച്ചതെന്നും അവര്‍ വ്യക്തമാക്കി. നൈറ്റി ധരിച്ച സ്ത്രീകളും ഇവിടെ വരാറുണ്ട്. അവര്‍ക്കും പ്രവേശനം നല്‍കാറില്ലെന്നും സെക്യുരിറ്റി ജീവനക്കാര്‍ പറഞ്ഞു. അതേസമയം, ബംഗളുരുവില്‍ ഫിലിം പ്രൊഡക്ഷന്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന മകനെ കാണാന്‍ ഗ്രാമത്തില്‍ നിന്നെത്തിയ താന്‍ നഗരത്തിലെ പല സ്ഥലങ്ങളിലും പോയത് ഇതേ വേഷത്തിലാണെന്നും അവിടെയൊന്നും തനിക്ക് ഇത്തരമൊരു അനുഭവമുണ്ടായില്ലെന്നും 62 കാരനായ കര്‍ഷകന്‍ പറഞ്ഞു.
അടച്ചു പൂട്ടാന്‍ നോട്ടീസ്
ഈ സംഭവത്തിന് തൊട്ടു പിന്നാലെ ജി.ടി വേള്‍ഡ് മാള്‍ അടച്ചു പൂട്ടാന്‍ നഗര വികസന അതോരിറ്റിയായ ബൃഹത് ബംഗളുരു മഹാനഗര പാലിക നോട്ടീസ് നല്‍കി. കര്‍ഷകനെ തടഞ്ഞ സംഭവത്തിന് ഇതുമായി ബന്ധമില്ലെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും ഈ സംഭവത്തെ തുടര്‍ന്നുണ്ടായ ജനരോഷം ഒരു കാരണമാണെന്ന് സൂചനയുണ്ട്. ജി.ടി മാളിന്റെ കെട്ടിട നികുതി കുടിശിഖ വന്നതിനാലാണ് അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. നികുതി കുടിശിഖ സംബന്ധിച്ച് മാള്‍ മാനേജ്മെന്റിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അവര്‍ പ്രതികരിച്ചിട്ടില്ലെന്നും മഹാനഗര പാലിക അധികൃതര്‍ വ്യക്തമാക്കി. നോട്ടീസിനെ തുടര്‍ന്ന് മാള്‍ അടക്കാനാണ് തീരുമാനമെന്നും കെട്ടിടത്തിലുള്ള മറ്റ് ഷോപ്പ് ഉടമകളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഷോപ്പിംഗ് മാള്‍ ഉടമ പ്രശാന്ത് വ്യക്തമാക്കി.