സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ തള്ളി കര്‍ഷകര്‍; ഡിസംബര്‍ 14 ന് ദേശീയ പ്രതിഷേധം

കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച അഞ്ച് നിര്‍ദേശങ്ങളും അപ്പാടെ തള്ളി ദേശീയ കര്‍ഷക സമര സമിതി. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. ഇതോടൊപ്പം മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ്, ജിയോ, റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവ ബഹിഷ്‌കരിക്കുമെന്നും കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 12 ന് ഡല്‍ഹി-ജയ്പുര്‍, ഡല്‍ഹി-ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കുമെന്നും തര്‍ഷക സമര സമിതി വ്യക്തമാക്കി. ഡിസംബര്‍ 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് പുതിയ തീരുമാനം.

ഡിസംബര്‍ 12 ന് രാജ്യ വ്യാപകമായി ടോള്‍പ്ലാസകളില്‍ ടോള്‍ ബഹിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുള്ളതായി കര്‍ഷകസംഘടനാ നേതാവ് ദര്‍ശന്‍ പാല്‍ മാധ്യമങ്ങോട് പ്രതികരിച്ചു. കര്‍ഷകരുടെ ആവശ്യം പരിഗണിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ല. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അല്ലാത്തപക്ഷം സമരം ശക്തമാക്കും. എല്ലാം സംസ്ഥാനങ്ങളിലും ജില്ലാ തലത്തില്‍ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സിംഘുവില്‍ ചേര്‍ന്ന കര്‍ഷകസമിതി യോഗത്തിലാണ് കേന്ദ്രം മുന്നോട്ടുവെച്ച അഞ്ചിന നിര്‍ദേശങ്ങള്‍ സമരസമിതി ചര്‍ച്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനങ്ങള്‍ അറിയിച്ചിട്ടുള്ളത്.

ഇതാണ് സര്‍ക്കാര്‍ ഡ്രാഫ്റ്റിലുള്ള നിര്‍ദേശങ്ങള്‍



1. താങ്ങുവില നിലനിര്‍ത്തും എന്ന ഉറപ്പ് കര്‍ഷകര്‍ക്ക് എഴുതി നല്‍കും.

2. ഭൂമിയില്‍ കര്‍ഷകര്‍ക്കുള്ള അവകാശം നിലനിര്‍ത്തും.

3. സര്‍ക്കാര്‍ നിയന്ത്രിത കാര്‍ഷിക വിപണന ചന്തകള്‍ നിലനിര്‍ത്തും.

4. കാര്‍ഷിക വിപണന ചന്തകളിലും പുറത്തും ഒരേ നികുതി ഏര്‍പ്പെടുത്തും.

5. കരാര്‍ കൃഷി തര്‍ക്കങ്ങളില്‍ കര്‍ഷകര്‍ക്ക് നേരിട്ട് സിവില്‍ കോടതിയെ സമീപിക്കാം.

എന്നീ നിര്‍ദേശങ്ങളാണ് കേന്ദ്രം മുന്നോട്ടുവെച്ചത്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങളില്‍ കൂടിയാലോചനകള്‍ക്കു ശേഷം തീരുമാനമെടുക്കാമെന്നാണ് കര്‍ഷക സംഘടനകള്‍ സര്‍ക്കാരിനെ അറിയിച്ചത്. എന്നാല്‍ ഇത് സ്വീകാര്യമല്ലെന്നാണ് സമരസമിതി ഇപ്പോള്‍ സ്വീകരിച്ച നിലപാട്. ഭേദഗതിയല്ല കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷകസംഘടനകളുടെ നിലപാട്. അതുവരെ പ്രതിഷേധം തുടരുമെന്നും സമരക്കാര്‍ അറിയിച്ചു. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്നും ഭേദഗതികള്‍ കൊണ്ടുവരാം എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.


Related Articles
Next Story
Videos
Share it