എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അടുത്ത ചെയര്‍മാനായി മുന്‍ സാമ്പത്തിക കാര്യ സെക്രട്ടറി അതാനു ചക്രബര്‍ത്തി

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അടുത്ത ചെയര്‍മാനായി മുന്‍ സാമ്പത്തിക കാര്യ സെക്രട്ടറി അതാനു ചക്രബര്‍ത്തി നിയമിതനായേക്കും. ഡിസംബര്‍ 28 ന് എച്ച്ഡിഎഫ്‌സി ബാങ്ക് റിസര്‍വ് ബാങ്കിന് പേര് സമര്‍പ്പിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്. പുതിയ നിയമനം റിസര്‍വ് ബാങ്ക് അംഗീകാരത്തിനു ശേഷം ബാങ്ക് ഔദ്യോഗികമായി അറിയിക്കണം.

മുന്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന ശ്യാമള ഗോപിനാഥ് ആണ് 2015 ജനുവരി 2 മുതല്‍ എച്ച് ഡിഎഫ്‌സി ബാങ്കിന്റെ ചെയര്‍മാന്‍ സ്ഥാനത്തു തുടരുന്നത്. ശ്യാമള ഗോപിനാഥിന്റെ കാലാവധി 2021 ജനുവരി ഒന്നിന് അവസാനിക്കും. ആര്‍ബിഐ അനുമതിയോടെ അടുത്ത ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള നിയമനം ബാങ്കിന് നടത്താവുന്നതാണ്. ഇതിനായി നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ സമിതിക്ക് ശുപാര്‍ശ സമര്‍പ്പിച്ചതായി ബാങ്ക് എക്്‌സ്‌ചേഞ്ചുകളെ അറിയിച്ചു.
1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിന്റെ സെക്ഷന്‍ 35 ബി പ്രകാരം അംഗീകാരത്തിനായി റിസര്‍വ് ബാങ്കിലേക്ക് അയച്ചിട്ടുണ്ടെന്നും റിസര്‍വ് ബാങ്കില്‍ നിന്ന് മറുപടി ലഭിച്ച ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് ബാങ്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഗുജറാത്ത് കേഡറിലെ 1985 ബാച്ച് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസസ് ഉദ്യോഗസ്ഥനാണ് ചക്രബര്‍ത്തി. ബിസിനസ് ഫിനാന്‍സില്‍ ബിരുദാനന്തര ഡിപ്ലോമയും യുകെയില്‍ നിന്ന് എംബിഎയും നേടി. ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായും എക്‌സിക്യൂട്ടീവ് ഡയറക്ടറായും 2014 നവംബര്‍ 6 മുതല്‍ 2016 ഏപ്രില്‍ 11 വരെ സേവനമനുഷ്ഠിച്ചു. വഡോദര, സബര്‍കന്ത ജില്ലകളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം അമ്രേലി കളക്ടറായിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it