മുന്‍ സാമ്പത്തിക സേവന സെക്രട്ടറി ദേബാശിഷ് പാണ്ഡെ ഐആര്‍ഡിഎഐ ചെയര്‍മാനായി

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ബോര്‍ഡ് ഐആര്‍ഡിഎഐയുടെ ചെയര്‍മാനായി മുന്‍ ധനകാര്യ സേവന സെക്രട്ടറി ദേബാശിഷ് പാണ്ഡെയെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. സുഭാഷ് സി. ഖുണ്ടിയ പോയതിനുശേഷം 11 മാസത്തോളമായി ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു.

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിപണിയിലെ തകര്‍ച്ച കാരണം ഇന്‍ഷുറന്‍സ് മേഖലയും അനിശ്ചിതത്വത്തിലാണ്, കൂടാതെ എല്‍ഐസി ഐപിഒ നടക്കാനിരിക്കുന്ന അവസരത്തിലാണ് പാണ്ഡെയുടെ നിയമനം.
ഉത്തര്‍പ്രദേശ് കേഡറിലെ 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പാണ്ഡെ ജനുവരി 31 ന് ധനകാര്യ സേവന വകുപ്പ് സെക്രട്ടറിയായി വിരമിച്ചു. മുമ്പ്, ധനമന്ത്രാലയത്തിന്റെ അതേ വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായി അദ്ദേഹം ഇന്‍ഷുറന്‍സ് കൈകാര്യം ചെയ്തിട്ടുണ്ട്.
24 ലൈഫ് ഇന്‍ഷുറര്‍മാരും 34 നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും ഉള്‍പ്പെടെ 57 കമ്പനികളാണ് ഇന്ത്യന്‍ ഇന്‍ഷുറന്‍സ് വ്യവസായത്തിലുള്ളത്. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍, എല്‍ഐസി മാത്രമാണ് പൊതുമേഖലാ കമ്പനി. ലൈഫ് ഇതര ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ ആറ് പൊതുമേഖലാ ഇന്‍ഷുറര്‍മാരുണ്ട്. കണക്കുകള്‍ പ്രകാരം, ഇന്‍ഷുറന്‍സ് മേഖലയുടെ മൊത്തത്തിലുള്ള വിപണി വലുപ്പം 2020 ല്‍ ഏകദേശം 280 ബില്യണ്‍ ഡോളറായിരുന്നു.


Dhanam News Desk
Dhanam News Desk  
Next Story
Share it