Begin typing your search above and press return to search.
എന്‍എസ്ഇ നാടകത്തിലെ യോഗി ആനന്ദ് തന്നെ; എല്ലാം ചിത്രയുടെ അറിവോടു കൂടിത്തന്നെ
ചിത്ര രാമകൃഷ്ണയിലൂടെ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെ(NSE) നിയന്ത്രിച്ച ആ യോഗി ആനന്ദ് സുബ്രഹ്‌മണ്യന്‍ തന്നെയെന്ന് സിബിഐ ഒടുവില്‍ ഉറപ്പിച്ചു. എന്‍എസ്ഇയില്‍ ചിത്രയുടെ വലംകൈയ്യായിരുന്നു ഗ്രൂപ് ഓപറേറ്റിംഗ് ഓഫീസറും ഉപദേശകനുമായിരുന്ന ആനന്ദ് സുബ്രഹ്‌മണ്യന്‍. ഋഗ്, യജൂര്‍, സാമ എന്നീ മൂന്ന് വേദങ്ങളുടെ പേരുകള്‍ ചേര്‍ന്ന rigyajursama@outlook എന്ന ഇ-മെയില്‍ വിലാസത്തിലാണ് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ)മേധാവിയായിരുന്ന ചിത്ര രാമ കൃഷ്ണയ്ക്ക് അഞ്ജാത യോഗിയില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചിരുന്നത്. ഗംഗാ നദിക്കരയില്‍ താന്‍ 20 വര്‍ഷം മുമ്പ് പരിതയപ്പെട്ട ഒരു യോഗിയുമായാണ് ഇ-മെയില്‍ ഇടപാടുകള്‍ എന്നായിരുന്നു ചിത്ര രാമകൃഷ്ണയുടെ വാദം.
മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെയാണ് സിബിഐ ആനന്ദ് സുബ്രഹ്‌മണ്യനെ അറസ്റ്റ് ചെയ്തത്. സംഭവിത്തലെ ആദ്യ അറസ്റ്റാണിത്. നേരത്തെ ഏണസ്റ്റ് ആന്‍ യങ് (ഇവൈ) ഫൊറന്‍സിക് പരിശോധനയിലും rigyajursama@outlook എന്ന ഇ മെയില്‍ ഐഡി ആനന്ദ് സുബ്രഹ്‌മണ്യന്റെ ഫോണ്‍നമ്പരുമായി ബന്ധിപ്പിച്ചിട്ടുള്ളതായി കണ്ടെത്തിയിരുന്നു.
യോഗി എന്ന പേരില്‍ ചിത്ര നടത്തിയ മെയില്‍ ഇടപാടുകള്‍ മറ്റൊരു ഇ-മെയില്‍ വിലാസത്തിലേക്ക് ഇയാള്‍ അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ടുകളും സിബിഐ കണ്ടെത്തി.ഇ- മെയിലുകളിലൂടെ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ആനന്ദ് സുബ്രഹ്‌മണ്യന്, ചിത്ര രാമകൃഷ്ണ എന്‍എസ്ഇയില്‍ നിയമനം നല്‍കിയത്.
എന്‍എസ്ഇയിലെ പദവി
2013 ഏപ്രില്‍ ഒന്നിനാണ് ആനന്ദ് സുബ്രഹ്‌മണ്യന്‍ എന്‍എസ്ഇയില്‍ എത്തുന്നത്. ചീഫ് സ്ട്രാറ്റജിസ്റ്റ് അഡൈ്വസറായി ആയിരുന്നു നിയമനം. ചെന്നൈ ആസ്ഥാനമായ ട്രാന്‍സേഫ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ വെറും 15 ലക്ഷം രൂപ വാര്‍ഷിക വരുമാനത്തില്‍ ജോലി ചെയ്യവെ ആയിരുന്നു എന്‍എസ്ഇയില്‍ 1.68 കോടി ശമ്പളത്തില്‍ ജോലി ലഭിച്ചത്. പിന്നീട് ഗ്രൂപ്പ് ഓപറേറ്റിങ് ഓഫീസറായും ഉപദേശകനായും സ്ഥാനക്കയറ്റം ലഭിച്ചു. 2016ല്‍ വര്‍ഷിക വരുമാനം 4.21 കോടി രൂപവരെ എത്തി.
ബന്ധപ്പെട്ട വിഭാഗങ്ങളുടെയൊന്നും അറിവോ അനുമതിയോ ഇല്ലാതെ ചിത്ര രാമകൃഷ്ണ നേരിട്ടാണ് ആനന്ദ് സുബ്രഹ്‌മണ്യന്റെ നിയമനവും ശമ്പള വര്‍ധനവും കൈകാര്യം ചെയ്തത്. യോഗിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ചിത്ര രാമകൃഷ്ണന്റെ നീക്കങ്ങളെല്ലാം. അതായത് യോഗിയുടെ ഇ-മെയില്‍ വിലാസത്തില്‍ ആനന്ദ് സുബ്രഹ്‌മണ്യന്‍ സ്വയം തന്റെ നിയമനവും ശമ്പള വര്‍ധനവുമെല്ലാം സ്വയം നിശ്ചയിക്കുകയായിരുന്നു.
നാലുവര്‍ഷം പഴക്കമുള്ള എഫ്‌ഐആര്‍
2015ല്‍ ആണ് ഒരു വിസില്‍ ബ്ലോവറില്‍ നിന്ന് ആനന്ദ് സുബ്രഹ്‌മണ്യന്റെ നിയമനത്തെ സംബന്ധിച്ച പരാതി സെബിക്ക് ലഭിക്കുന്നത്. സെബിയുടെ ചോദ്യങ്ങള്‍ക്ക് എന്‍എസ്ഇ കൃത്യമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് 2016ല്‍ ആനന്ദ് സുബ്രഹ്‌മണ്യന്‍ എന്‍എസ്ഇയില്‍ നിന്ന് പുറത്തായി.
അതേ വര്‍ഷം ഡിസംബറില്‍ ചിത്ര രാമകൃഷ്ണന്‍ എന്‍എസ്ഇയിലെ സിഇഒ, എംഡി സ്ഥാനങ്ങള്‍ ഒഴിഞ്ഞു. ഇക്കാലയളവില്‍ കോ- ലൊക്കേഷന്‍ സമ്പ്രദായം നല്‍കുന്നതിലും സെബി, എന്‍എസ്ഇയില്‍ ക്രമക്കേട് കണ്ടെത്തി. എക്സ്ചേഞ്ചിന്റെ പരിസരത്തുതന്നെ ബ്രോക്കര്‍മാര്‍ക്ക് അവരുടെ സിസ്റ്റം/സെര്‍വര്‍ സ്ഥാപിക്കാന്‍ സൗകര്യം നല്‍കുന്നതാണു കോലൊക്കേഷന്‍ സമ്പ്രദായം.
വിഷയത്തില്‍ എന്‍എസ്ഇക്ക് ഐപിഒയില്‍ നിന്ന് ആറു മാസത്തെ വിലക്കും 624.89 കോടി രൂപ പിഴയും സെബി ചുമത്തിയിരുന്നു. എന്‍എസ്ഇ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍മാരായിരുന്ന രവി നാരായണ്‍, ചിത്ര രാമകൃഷ്ണ എന്നിവര്‍ കൈപ്പറ്റിയ വേതനത്തിന്റെ 25% തിരിച്ചടയ്ക്കണമെന്നും സെബി ആവശ്യപ്പെട്ടു. ഇതിനെതിരെ ഇവര്‍ നല്‍കിയ അപ്പീല്‍ സെക്യൂരിറ്റീസ് അപ്ലറ്റ് ട്രൈബ്യൂണലിന്റെ (എസ്എടി) പരിഗണനയിലാണ്.
കോ-ലൊക്കേഷന്‍ അനുവദിച്ചതിലെ തിരിമറിയുമായി ബന്ധപ്പെട്ട് 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആനന്ദ് സുബ്രഹ്‌മണ്യനെ ചോദ്യം ചെയ്തതും തുടര്‍ന്ന് ഉണ്ടായ അറസ്റ്റും. ഈ വര്‍ഷം ഫെബ്രുവരി 11ന് ആണ് ചിത്ര രാമകൃഷ്ണക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് സെബി പുറത്തുവിട്ടത്. ആ റിപ്പോര്‍ട്ടിലാണ് എന്‍എസ്ഇ നേതൃസ്ഥാനത്തിരിക്കെ ചിത്ര രാമകൃഷ്ണ പ്രവര്‍ത്തിച്ചത് അഞ്ജാത യോഗിയുടെ നിര്‍ദ്ദേശപ്രകാരം ആണെന്ന കണ്ടെത്തലുള്ളത്.
എന്‍എസ്ഇ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവൈ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ 2018ല്‍ തന്നെ ആ യോഗി, ആനന്ദ് സുബ്രഹ്‌മണ്യന്‍ ആണെന്ന് കണ്ടെത്തിയതാണ്. 2014-2016 കാലയളവിലെ എന്‍എസ്ഇയെ സംബന്ധിച്ച വിവരങ്ങളാണ് ചിത്ര രാമകൃഷണ യോഗിക്ക് കൈമാറിയത്.
Next Story
Videos