Begin typing your search above and press return to search.
സൗജന്യങ്ങള്‍ വാരിക്കോരി, സബ്‌സിഡി ₹ 10,995 കോടിയില്‍; ഡല്‍ഹി 30 വര്‍ഷത്തിനിടയില്‍ ആദ്യമായി വരുമാന കമ്മിയിലേക്ക്
ഇളവുകള്‍ കൊണ്ട് ജനങ്ങളെ കൈയിലെടുത്ത് ആപ്; പിന്തുടരാന്‍ ബി.ജെ.പി, കോണ്‍ഗ്രസ്
ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സൗജന്യങ്ങള്‍ വാരിക്കോരി പ്രഖ്യാപിക്കുകയാണ് പാര്‍ട്ടികള്‍. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ആം ആദ്മി പാര്‍ട്ടി മാത്രമല്ല, ബി.ജെ.പിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ പിന്നിലല്ല. അരവിന്ദ് കെജ്‌രിവാള്‍ നടപ്പാക്കി വരുന്ന വൈദ്യുതി, കുടിവെള്ള സബ്‌സിഡി തങ്ങള്‍ക്ക് അധികാരം കിട്ടിയാലും അതേപടി തുടരുമെന്ന് ബി.ജെ.പിയും കോണ്‍ഗ്രസും ഒരുപോലെ ആണയിട്ടിട്ടുണ്ട്. വനിതകള്‍ക്കും ക്ഷേത്ര, ഗുരുദ്വാര പുരോഹിതര്‍ക്കും 2,100 രൂപ വീതം പ്രതിമാസ പെന്‍ഷന്‍ നല്‍കുമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ പുതിയ വാഗ്ദാനം. യുവജനങ്ങള്‍ക്ക് മാസം തോറും 8,500 രൂപ അപ്രന്റിസ്ഷിപ് സ്‌റ്റൈപ്പന്റായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.
ആം ആദ്മി പാര്‍ട്ടി നല്‍കിപ്പോരുന്ന സൗജന്യങ്ങളുടെ എണ്ണം കൂടിയതിനൊത്ത് ഡല്‍ഹി അടുത്ത സാമ്പത്തിക വര്‍ഷം വരുമാനക്കമ്മിയിലേക്ക് നീങ്ങാന്‍ പോകുന്നുവെന്ന കണക്കും ഇതിനൊപ്പം പുറത്തു വരുന്നുണ്ട്. അരവിന്ദ് കെജ്‌രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ പിറവി അഴിമതി വിരുദ്ധ പോരാട്ടത്തോടെയാണെങ്കില്‍, നിലനില്‍പ് സബ്‌സിഡി-സൗജന്യങ്ങളുടെ ബലത്തിലാണ്. ഡല്‍ഹിയെന്ന മഹാനഗരത്തില്‍ സാധാരണക്കാരുടെ ജീവിത കഷ്ടപ്പാടുകള്‍ കാണാതെ പോയ മുന്‍സര്‍ക്കാറുകളോടുള്ള അമര്‍ഷം ഉള്ളിലൊതുക്കി നിന്ന ജനങ്ങള്‍, ആപിന്റെ നിരനിരയായി വന്ന സൗജന്യങ്ങളില്‍ ആകൃഷ്ടരായി. അതിലേറെ അത് അവര്‍ക്ക് താങ്ങായി. നാലു പേരുള്ള ഒരു കുടുംബത്തിന് പ്രതിമാസം ശരാശരി 5,000 രൂപയില്‍ കുറയാത്ത സമാശ്വാസമാണ് സബ്‌സിഡി ഇളവുകളായി ഇപ്പോള്‍ ലഭിക്കുന്നത്. എന്നാല്‍ അതിന്റെ പെരുപ്പം ശ്രദ്ധേയമാണ്.
സബ്‌സിഡി വര്‍ധന 607 ശതമാനം
ഡല്‍ഹിയിലെ സബ്‌സിഡി ബില്‍ 10 വര്‍ഷം കൊണ്ട് 607 ശതമാനം വര്‍ധിച്ചുവെന്നാണ് കണക്കുകള്‍. 2015ലാണ് ആപ് അധികാരം പിടിച്ചത്. രാഷ്ട്രപതി ഭരണത്തിലിരുന്ന 2014-15ല്‍ 1,555 കോടി രൂപയായിരുന്ന സബ്‌സിഡി ബില്‍ നടപ്പു സാമ്പത്തിക വര്‍ഷം 10,995 കോടിയാണ്. വൈദ്യുതി, വെള്ളം എന്നിവ നിശ്ചിത യൂണിറ്റു വരെ ഫ്രീയാണ്. ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര. വിദ്യാഭ്യാസ, ചികിത്‌സാ രംഗങ്ങളിലും ആപ് സര്‍ക്കാര്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചു. ഈ മേഖലകളിലെ പൊതുസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു. 27 പദ്ധതികളിലൂടെ ഇപ്പോള്‍ ഇളവുകള്‍ ലഭ്യമാക്കുന്നുണ്ട്. വൈദ്യുതിക്ക് 2015ല്‍ 292 കോടി രൂപയുടെ സബ്‌സിഡിയാണ് അനുവദിച്ചതെങ്കില്‍ ഇപ്പോള്‍ സബ്‌സിഡി ബില്‍ 3,600 കോടിയാണ്. വെള്ളം സബ്‌സിഡി 21 കോടിയില്‍ നിന്ന് 500 കോടിയിലേക്ക് വളര്‍ന്നു. ബസ് യാത്രാ സബ്‌സിഡി ഇല്ലായിരുന്ന സ്ഥിതിയില്‍ നിന്ന് 440 കോടിയായി മാറി.
Next Story
Videos