സമ്പത്ത് വര്‍ധിച്ചത് 153 ശതമാനം, ഓരോ ആഴ്ചയും നേടിയത് 6,000 കോടി; കുതിച്ച് കുതിച്ച് അദാനി

ഒരുവര്‍ഷത്തിനിടെ സമ്പത്തില്‍ അതിവേഗ വളര്‍ച്ചയുമായി ഗൗതം അദാനി (Gautam Adani). 2022-ലെ എം3എം ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് അനുസരിച്ച്, അഹമ്മദാബാദ് ആസ്ഥാനമായുള്ള വ്യവസായിയായ ഗൗതം അദാനി, 2021-ല്‍ ആഴ്ചതോറും 6,000 കോടി രൂപയാണ് നേടിയത്. കൂടാതെ, സമ്പത്തില്‍ 153 ശതമാനം വര്‍ധനവുമായി രാജ്യത്തെ അതിസമ്പന്നരില്‍ രണ്ടാമനുമായി. 49 ബില്യണ്‍ ഡോളറാണ് അദാനി ഒരു വര്‍ഷത്തിനിടെ നേടിയത്.

നിലവില്‍ 81 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ 12-ാമത്തെ സമ്പന്നനാണ്. ഒരു ദശകത്തിനിടെ അദാനിയുടെ ആസ്തി 1,830 ശതമാനമാണ് വളര്‍ന്നത്. ഇതിന്റെ ഫലമായി എം3എം ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റിലെ അദ്ദേഹത്തിന്റെ റാങ്ക് 313 ല്‍ നിന്ന് 12 ആയി ഉയര്‍ന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 86 റാങ്കുകള്‍ മെച്ചപ്പെടുത്തിയ ഗൗതം അദാനി 2022ലെ എം3എം ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റിലെ ഏറ്റവും സമ്പന്നനായ ഊര്‍ജ്ജ സംരംഭകനായും മാറി.
ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് പ്രകാരം, ആഗോളതലത്തില്‍ ഒരുവര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സമ്പത്ത് നേടുന്നവരില്‍ ഒന്നാമനുമായി ഇദ്ദേഹം. എലോണ്‍ മസ്‌ക്, ജെഫ് ബെസോസ്, ബെര്‍ണാഡ് അര്‍നോള്‍ട്ട് തുടങ്ങിയ ആഗോള ശതകോടീശ്വരന്‍മാരേക്കാള്‍ സമ്പത്താണ് ഒരുവര്‍ഷത്തിനിടെ അദാനി നേടിയത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it