Begin typing your search above and press return to search.
ഐ.ടിക്കാരെ കൊത്തിയെടുക്കാന്‍ 'ജിസിസി'കള്‍
രാജ്യത്തെ ഐടി കമ്പനികള്‍ നിയമനം കുറച്ചതുകൊണ്ട് വിഷമിച്ചിരിക്കുന്ന ടെക് ബിരുദധാരികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ബഹുരാഷ്ട്ര കമ്പനികളുടെ ഗ്ലോബല്‍ കപ്പാസിറ്റി സെന്ററുകള്‍ (ജി.സി.സി) ആഭ്യന്തര ഐടി കമ്പനികളേക്കാള്‍ കൂടുതല്‍ നിയമനം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ആഭ്യന്തര ഐടി കമ്പനിയില്‍ വളരെയധികം മുതിര്‍ന്ന ജീവനക്കാരെ ജിസിസി കൊത്തിക്കൊണ്ടുപോകുന്നു.
മാതൃ കമ്പനിക്ക് വേണ്ട സേവനങ്ങള്‍ നല്‍കുന്നതിനായി രൂപീകരിക്കപ്പെട്ടവയാണ് ജിസിസികള്‍. ഇത്തരം ജിസിസികള്‍ ആഗോളതലത്തിലെ മികച്ച പ്രതിഭകളെയും മറ്റ് വിഭവങ്ങളെയും വൈദഗ്ധ്യത്തെയുമെല്ലാം നല്ല രീതിയില്‍ വിനിയോഗിക്കും. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്, ഐടി സേവനങ്ങള്‍, എന്‍ജിനീയറിംഗ് സേവനങ്ങള്‍, ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് തുടങ്ങിയ വിവിധ സേവനങ്ങളാണ് ഇവ നല്‍കുന്നത്. ഏറ്റവും മികച്ച വൈദഗ്ധ്യത്തെ ഉപയോഗിക്കാനും ചെലവ് കുറച്ച് ക്ഷമത കൂട്ടാനും ഉദ്ദേശിച്ചുള്ളതാണ് ജിസിസികള്‍.
ഇന്ത്യയില്‍ ഇത്തരത്തില്‍ ആദ്യത്തെ സെന്റര്‍ തുറന്നത് ടെക്‌സാസ് ഇന്‍സ്ട്രുമെന്റ്‌സാണ്. പിന്നീട് മൈക്രോസോഫ്റ്റ്, അഡോബി, ഗൂഗ്ള്‍, ഒറാക്ക്ള്‍, ഐബിഎം എന്നിവയുടെയെല്ലാം ജിസിസികള്‍ വന്നു. നിലവില്‍ ഇന്ത്യയിലെ ജിസിസി മേഖല അതിവേഗ വളര്‍ച്ചയിലാണ്. ആഗോളതലത്തിലെ ജിസിസികളുടെ 50 ശതമാനത്തിലധികം ഇന്ത്യയിലാണുള്ളത്. 2030 ഓടെ 2400 ജിസിസികള്‍ രാജ്യത്തുണ്ടാകുമെന്നും ഇതുവഴി 4.5 ദശലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നുമാണ് നിഗമനം. നിലവില്‍ ഇന്ത്യയില്‍ 1580 ജിസിസികളുണ്ട്.
അതിലെമ്പാടുമായി 1.6 ദശലക്ഷം പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതല്‍ ജിസിസികളുള്ളത് ബംഗളൂരുവിലാണ്. ഹൈദരാബാദ്, ചെന്നൈ, മുംബൈ, പൂനെ എന്നീ നഗരങ്ങളാണ് അതിന് പിന്നാലെയായുള്ളത്. അധികം വൈകാതെ രാജ്യത്തെ രണ്ടാംനിര, മൂന്നാംനിര പട്ടണങ്ങളിലേക്കും ഇവ വ്യാപിപ്പിച്ചേക്കാം.
പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാനും മാതൃ കമ്പനിക്ക് വേണ്ട സപ്പോര്‍ട്ട് നല്‍കുന്നതിനും ശരിയായ വിധത്തില്‍ വൈദഗ്ധ്യവും ചെലവും കാര്യക്ഷമതയും വിനിയോഗിക്കാന്‍ വേണ്ടിയുമാണ് വലിയ കമ്പനികള്‍ ജിസിസികളെ ഉപയോഗിക്കുന്നത്. ജിസിസി മേഖല കുതിക്കുന്നത് ഇന്ത്യയുടെ ടെക്‌നോളജി മേഖലയ്ക്ക് എന്തുകൊണ്ടും ഗുണകരമാണ്. ഇന്നൊവേഷനെ ഇത് ത്വരിതപ്പെടുത്തും.
മാത്രമല്ല വിവിധ മേഖലകളിലായി വലിയ തോതില്‍ സാങ്കേതിക മികവുള്ള മനുഷ്യവിഭവശേഷിയുണ്ടാവുകയും ചെയ്യും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) രംഗത്തെ ഇന്നൊവേഷന്‍ കേന്ദ്രീകരിച്ച് വലിയ പദ്ധതികള്‍ വിഭാവനം ചെയ്യുന്ന ഇന്ത്യയ്ക്ക് ഇത് ഏറെ സഹായകരമാവും.
Next Story
Videos