നിരന്തര വീഴ്ചയ്‌ക്കൊടുവില്‍ സ്വര്‍ണവിലയില്‍ ഉയിര്‍ത്തെണീല്‍പ്പ്; ട്രെന്‍ഡ് മാറുന്നോ?

തുടര്‍ച്ചയായി വില കുറയുന്ന പ്രവണതകള്‍ക്കൊടുവില്‍ സ്വര്‍ണ നിരക്കില്‍ ഇന്ന് വര്‍ധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 6,945 രൂപയാണ്. ഒരു പവന് 55,560 രൂപയും. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ചു രൂപയാണ് കൂടിയത്. വെള്ളി വിലയില്‍ മാറ്റമൊന്നുമില്ലാതെ ഗ്രാമിന് 97 രൂപയില്‍ തുടരുന്നു.

ആഗോള തലത്തില്‍ സ്വര്‍ണത്തിനുണ്ടായ ഡിമാന്‍ഡില്‍ കുറവു വന്നതാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വില കുറയാന്‍ കാരണം. നിലവില്‍ ആഗോള വിപണിയില്‍ ഔണ്‍സിന് 2,568 ഡോളറാണ് സ്വര്‍ണത്തിന്റെ വില. ഡിസംബറില്‍ 3,000 ഡോളറിലേക്ക് എത്തുമെന്ന് നിഗമനങ്ങളുണ്ടായിരുന്നെങ്കിലും പുതിയ ലോക സാഹചര്യങ്ങള്‍ ഇത്തരമൊരു അവസ്ഥയിലേക്ക് സ്വര്‍ണത്തെ എത്തിക്കില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

സംഘര്‍ഷം മാറി സ്വര്‍ണവിലയും

ഒക്ടോബര്‍ അവസാനം ഉണ്ടായിരുന്ന സാഹചര്യമല്ല ആഗോളതലത്തില്‍ ഇപ്പോഴുള്ളത്. പശ്ചിമേഷ്യന്‍ സംഘര്‍ഷവും റഷ്യ-ഉക്രെയ്ന്‍ യുദ്ധവും സ്ഥിതി വഷളാക്കിയിരുന്നെങ്കില്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പിന് ശേഷം കളംമാറിയിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ ഒഴിവാക്കി സമാധാനമുള്ള ലോകക്രമം സൃഷ്ടിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് വ്യക്തമാക്കിയിരുന്നു.

ബിസിനസ് താല്പര്യങ്ങളുള്ള ട്രംപിന്റെ വരവ് തന്നെയാണ് സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ചലനാത്മകമാക്കാന്‍ സര്‍ക്കാര്‍ ചെലവിടല്‍ വര്‍ധിപ്പിക്കുമെന്ന സൂചനകള്‍ ട്രംപ് നല്‍കുന്നുണ്ട്. ഇത് ട്രഷറി നിക്ഷേപങ്ങളുടെ പലിശനിരക്ക് കൂടാന്‍ ഇടയാക്കും. സ്വഭാവികമായും സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റിയവര്‍ ട്രഷറി നിക്ഷേപങ്ങളിലേക്ക് മടങ്ങും. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയ വന്‍കിട കമ്പനികള്‍ തങ്ങളുടെ കൈയിലുള്ള സ്വര്‍ണം വിറ്റഴിച്ച് ലാഭം കൊയ്യുന്ന പ്രക്രിയയും നടക്കുന്നുണ്ട്. ഇതും സ്വര്‍ണവിലയില്‍ പ്രകടമാകുന്നുണ്ട്.


Lijo MG
Lijo MG  

Sub-Editor

Related Articles
Next Story
Videos
Share it