Begin typing your search above and press return to search.
സ്വര്‍ണത്തില്‍ വീണ്ടും നേരിയ കയറ്റം, കിട്ടിയ അവസരം മുതലാക്കി മലയാളികള്‍; ജുവലറികളില്‍ തിരക്ക്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും നേരിയ വര്‍ധന. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 6,995 രൂപയിലെത്തി. പവന്‍ വിലയില്‍ ഇന്നലത്തെ അപേക്ഷിച്ച് 480 രൂപയുടെ വര്‍ധനയുണ്ട്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 5,770 രൂപയിലെത്തി. വെള്ളി വിലയില്‍ വ്യത്യാസമില്ല, 97 രൂപ.
യു.എസില്‍ ഡൊണാള്‍ഡ് ട്രംപ് ഉണ്ടാക്കിയ ഇംപാക്ട് ആണ് സ്വര്‍ണത്തില്‍ ഇപ്പോഴും പ്രതിഫലിക്കുന്നത്. ട്രംപിന്റെ വരവില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ഉള്‍പ്പെടെ വലിയ നേട്ടമാണുണ്ടായത്. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയിരുന്ന പലരും ക്രിപ്‌റ്റോ കറന്‍സികളിലേക്ക് മാറിയിട്ടുണ്ട്. കൂടുതല്‍ നേട്ടം നല്‍കുന്ന നിക്ഷേപമെന്ന നിലയിലാണിത്.
ട്രഷറി നിക്ഷേപങ്ങള്‍ക്ക് പലിശ കുറയുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കായിരുന്നു ആദ്യ നോട്ടം എറിഞ്ഞിരുന്നത്. ട്രംപിന്റെ കാലത്ത് കൂടുതല്‍ കൈയയച്ച സാമ്പത്തിക നയങ്ങള്‍ സ്വീകരിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണത്തില്‍ ഈ തീരുമാനങ്ങള്‍ വരും മാസങ്ങളില്‍ പ്രതിഫലിച്ചേക്കും
രാജ്യാന്തര വിപണിയിലും സ്വര്‍ണവിലയില്‍ വലിയ വ്യത്യാസമുണ്ട്. ഇന്ന് ഔണ്‍സിന് 2590 ഡോളറാണ് നിലവിലെ വില. ഡിസംബറില്‍ യു.എസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്കില്‍ എന്തു തീരുമാനമെടുക്കും എന്നതും സ്വര്‍ണത്തില്‍ നിര്‍ണായകമാകും.
ഉത്സവമാക്കി മലയാളികള്‍
സ്വര്‍ണവില കുറഞ്ഞു തുടങ്ങിയത് വില്പനയെയും സ്വാധീനിച്ചിട്ടുണ്ട്. മുന്‍ ആഴ്ചകളേക്കാള്‍ വില്പന കുതിച്ചുയര്‍ന്നതായി വ്യാപാരികള്‍ പറയുന്നു. അടുത്ത വര്‍ഷത്തേക്ക് വിവാഹം നടക്കുന്ന കുടുംബങ്ങള്‍ പോലും മുന്‍കൂറായി സ്വര്‍ണം വാങ്ങിവയ്ക്കാന്‍ ജുവലറികളിലേക്ക് എത്തുന്നുണ്ട്. ഡിസംബറില്‍ സ്വര്‍ണവില കുതിച്ചുയരുമെന്ന നിഗമനങ്ങളും ഇതിന് കാരണമായിട്ടുണ്ട്. മുന്‍കൂര്‍ ബുക്കിംഗ് സൗകര്യമുണ്ടെങ്കിലും പലരും നേരത്തെ തന്നെ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നതിനാണ് താല്പര്യം കാണിക്കുന്നത്.
നികുതിയും പണിക്കൂലിയും ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഉപയോക്താക്കള്‍ കുറഞ്ഞത് 60,500 രൂപയിലധികം നല്‍കണം. ഓരോ ജുവലറിയിലും വ്യത്യസ്ത പണിക്കൂലിയാണ് ഈടാക്കുക എന്നതിനാല്‍ ആഭരണ വിലയിലും വ്യത്യാസം വന്നേക്കാം.
Next Story
Videos