എന്റെ പൊന്നേ, എന്തൊരു പോക്ക്! സ്വര്‍ണത്തില്‍ റെക്കോഡ്; വരുന്നത് വന്‍ കുതിപ്പ്?

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില റെക്കോഡില്‍. ഒക്ടോബര്‍ 23ലെ റെക്കോഡ് വിലയും മറികടന്നാണ് ശനിയാഴ്ചത്തെ കുതിപ്പ്. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 7,360 രൂപയും പവന് 58,880 രൂപയുമാണ് നിലവില്‍ സ്വര്‍ണത്തിന്റെ വില. ഇറാനെതിരേ ഇസ്രയേല്‍ തിരിച്ചടി തുടങ്ങിയത് വരും ദിവസങ്ങളില്‍ സ്വര്‍ണത്തില്‍ വലിയ കുതിപ്പിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 45 രൂപ വര്‍ധിച്ച് 6,060 രൂപയായി. കേന്ദ്ര ബജറ്റില്‍ സ്വര്‍ണ ഇറക്കുമതി തീരുവ കുറച്ചില്ലായിരുന്നെങ്കില്‍ പവന് ഇപ്പോള്‍ 60,000 രൂപ കടന്നു പോയെനെ. വരും ദിവസങ്ങളില്‍ സ്വര്‍ണവില വലിയ തോതില്‍ കൂടാനുള്ള സാധ്യതകളേറെയാണെന്നാണ് വിലയിരുത്തല്‍.

അന്താരാഷ്ട്ര തലത്തിലും സ്വര്‍ണവില കുതിപ്പിന്റെ പാതയിലാണ്. ഇന്നലെ കുറഞ്ഞ വില ഇന്ന് വീണ്ടും ട്രാക്കിലാകുകയായിരുന്നു. ഔണ്‍സിന് 2,746 ഡോളറിലാണ് അന്താരാഷ്ട്ര വില. രാജ്യാന്തര വിലയുടെ ചുവടു പിടിച്ചാണ് ഇന്ത്യയിലടക്കം സ്വര്‍ണവില നിശ്ചയിക്കുന്നത്.

മിഡില്‍ ഈസ്റ്റ് ഇംപാക്ടും

പശ്ചിമേഷ്യന്‍ സംഘര്‍ഷം കൈവിട്ടു പോയാല്‍ സ്വര്‍ണവില പിടിച്ചാല്‍ കിട്ടാത്ത ഉയരങ്ങളിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം നീണ്ടുനിന്നാല്‍ അത് സ്വര്‍ണത്തില്‍ വലിയ ഉയരങ്ങള്‍ക്ക് കാരണമാകും. നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും വില ഉയരുന്നതിലേക്ക് നയിക്കുകയും ചെയ്യും.

സ്വര്‍ണവില അടിക്കടി വര്‍ധിക്കുന്നത് കേരളത്തിലെ വിവാഹ പാര്‍ട്ടികളെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. പല കുടുംബങ്ങളുടെയും ബജറ്റ് താളംതെറ്റിക്കാന്‍ ഇത് ഇടയാക്കുന്നുണ്ട്. മുന്‍കൂര്‍ ബുക്കിംഗ് സംവിധാനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

സ്വര്‍ണ വില ഇങ്ങനെ ഉയരുന്നത് കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ഓരോ ദിവസവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണമെടുക്കേണ്ടി വരുന്നു. പണിക്കൂലിയില്‍ വലിയ മത്സരം നടക്കുന്നതിനാല്‍ അത് കൂട്ടി വിപണി പിടിക്കാനുമാകില്ല. ഉത്സവ-കല്യാണ സീസണായിട്ടും വില ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ കച്ചവടത്തിലും കുറവുണ്ടാകുന്നുണ്ട്. വില താഴാന്‍ കാത്തിരിക്കുകയാണ് പലരും.

ഒരു പവന്‍ സ്വര്‍ണാഭരണം സ്വന്തമാക്കണമെങ്കില്‍ ഇന്നത്തെ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും മറ്റ് നികുതികളുമടക്കം 64,000 രൂപയ്ക്കു മുകളില്‍ നല്‍കണം. ഓരോ ജുവലറികളിലും പണിക്കൂലി വ്യത്യസ്തമായതിനാല്‍ നിരക്കിലും വ്യത്യാസം വരും.
Lijo MG
Lijo MG  

Sub-Editor

Related Articles
Next Story
Videos
Share it