എം.എസ്.എം.ഇ എമര്‍ജന്‍സി ക്രെഡിറ്റ് പദ്ധതി: സഹകരണ ബാങ്കുകളും പരിഗണനയില്‍

ധനമന്ത്രിയില്‍ നിന്ന് അനുകൂല നിലപാടു പ്രതീക്ഷിക്കുന്നതായി ഗഡ്കരി

Govt may allow co-op banks to lend under scheme for MSMEs
-Ad-

കോവിഡ് 19 മഹാമാരി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം കാരണം സമ്മര്‍ദ്ദത്തിലായ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് പ്രഖ്യാപിച്ച എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം (ഇസിഎല്‍ജിഎസ്) പ്രകാരം  വായ്പ നല്‍കുന്നതിന് സഹകരണ ബാങ്കുകളെയും ചുമതലപ്പെടുത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് എംഎസ്എംഇ മന്ത്രി നിതിന്‍ ഗഡ്കരി. ധനമന്ത്രി ഉടന്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാടു പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഫിക്കിയുടെ കര്‍ണാടക സ്റ്റേറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച എംഎസ്എംഇ കോണ്‍ക്ലേവില്‍ അദ്ദേഹം പറഞ്ഞു.

ഇസിഎല്‍ജിഎസ് നടപ്പാക്കുന്നതിന് സംസ്ഥാന സഹകരണ ബാങ്കുകളില്‍ നിന്നും അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ നിന്നും അവയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച റിസര്‍വ് ബാങ്കുമായി കൂടിയാലോചിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു.
നിലവില്‍ പൊതുമേഖലാ, സ്വകാര്യമേഖല ബാങ്കുകളും നോണ്‍ ബാങ്കിംഗ് ധനകാര്യ കമ്പനികളും (എന്‍ബിഎഫ്സി) ഇസിഎല്‍ജിഎസിന് കീഴില്‍ വായ്പ നല്‍കിവരുന്നുണ്ട്.ഗ്രാമീണ, നഗര ഇന്ത്യയുടെ സാമ്പത്തിക സംവിധാനത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്് അനുസരിച്ച്, 1,551 നഗര സഹകരണ ബാങ്കുകളും 96,612 ഗ്രാമീണ സഹകരണ ബാങ്കുകളുമാണ് രാജ്യത്തുള്ളത്.സഹകരണ മേഖലയിലെ മൊത്തം ആസ്തിയുടെ 65.8% വരും ഗ്രാമീണ സഹകരണ ബാങ്കുകളുടേത്.

ബില്ലുകളുടെ പേയ്‌മെന്റ് വൈകുന്നതു സംബന്ധിച്ച എംഎസ്എംഇകളുടെ നിരന്തര  പരാതി കൈകാര്യം ചെയ്യാന്‍ ഫലപ്രദമായ സംവിധാനമാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.എല്ലാ ചെറുകിട ബിസിനസുകളുടെയും  ബില്ലുകള്‍ 45 ദിവസത്തിനകം തീര്‍പ്പാക്കണമെന്ന് മന്ത്രാലയങ്ങളോടും വകുപ്പുകളോടും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എംഎസ്എംഇ മന്ത്രാലയം ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഗഡ്കരി  പറഞ്ഞു.

-Ad-

മൂന്ന് ലക്ഷം കോടി രൂപയുടെ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീം പ്രകാരം 1,30,491 കോടി രൂപ ഇതുവരെ  അനുവദിച്ചു.  ഇതില്‍ 82,065 കോടി രൂപയാണ് വിതരണം ചെയ്തിരിക്കുന്നത്. മെയ് മാസത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജിന്റെ ഏറ്റവും വലിയ ഘടകമാണ് ഈ പദ്ധതി. 12 പൊതുമേഖലാ ബാങ്കുകളും , 22 സ്വകാര്യ മേഖലാ ബാങ്കുകളും 23 ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളും ഈ വായ്പ വിതരണം ചെയ്യുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here