സെന്‍സസ് ഉടന്‍; ചോദ്യങ്ങള്‍ 31

മൂന്നു വര്‍ഷം വൈകിയ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു സംബന്ധിച്ച തീരുമാനം വൈകാതെ പ്രഖ്യാപിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പദ്ധതി മോദി സര്‍ക്കാറിന്റെ മൂന്നാമൂഴത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം മോദി മന്ത്രിസഭ ആദ്യ 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതു പ്രമാണിച്ച് നടത്തിയ വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്തുമോ എന്ന ചോദ്യത്തിന്, വിശദാംശങ്ങള്‍ സെന്‍സസ് നടത്തിപ്പ് പ്രഖ്യാപിക്കുന്നതിനൊപ്പം പൊതുജനങ്ങളെ അറിയിക്കുമെന്ന് അമിത്ഷാ പറഞ്ഞു. 10 വര്‍ഷത്തിലൊരിക്കലാണ് സെന്‍സസ് നടത്തുന്നത്. കോവിഡ് മൂലം 2020ല്‍ നടത്താന്‍ കഴിയാതെ പോയ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ പല കാരണങ്ങളാല്‍ പിന്നെയും നീണ്ടു. പുതിയ കണക്കുകള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ 2011ലെ സെന്‍സസ് വിവരങ്ങളിലെ അടിസ്ഥാനത്തിലാണ് വിവിധ നയങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ രൂപപ്പെടുത്തുന്നത്. സബ്‌സിഡികള്‍ നല്‍കുന്നതും പഴയ കണക്കു വെച്ചാണ്.
വീടുകളുടെ കണക്കെടുപ്പ്, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍.പി.ആര്‍) എന്നിവയാണ് സെന്‍സസിന്റെ ആദ്യ ഘട്ട നടപടികള്‍. ഇതിന് 12,000ല്‍പരം കോടി രൂപ ചെലവ് കണക്കാക്കുന്നു. ഇത്തവണ സ്വയം കണക്കുകള്‍ നല്‍കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുന്ന പ്രഥമ ഡിജിറ്റല്‍ സെന്‍സസ് നടപ്പാക്കും. സ്വയം എന്യൂമറേഷന്‍ നടത്താന്‍ പോര്‍ട്ടല്‍ സജ്ജീകരിക്കും. ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ സെല്‍ഫ് എന്യൂമറേഷന്റെ ഭാഗമായി നല്‍കണം.

ഫോണ്‍, ഗ്യാസ്, ബൈക്ക്, ടോയ്‌ലറ്റ് വിവരങ്ങള്‍ നല്‍കണം

സെന്‍സസിന് 31 ചോദ്യങ്ങളുടെ പട്ടിക രജിസ്ട്രാര്‍ ജനറല്‍-സെന്‍സസ് കമീഷണര്‍ ഓഫീസ് തയാറാക്കിയിട്ടുണ്ട്. വീട്ടില്‍ ടെലിഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷനുണ്ടോ, മൊബൈല്‍, സ്മാര്‍ട് ഫോണ്‍, സൈക്കിളോ മോട്ടോര്‍ സൈക്കിളോ മോപ്പെഡോ ഉണ്ടോ തുടങ്ങിയ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. കാര്‍, ജീപ്പ്, വാന്‍ എന്നിവയുണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കണം. വീട്ടില്‍ ഉപയോഗിക്കുന്ന ധാന്യങ്ങള്‍, കുടിവെള്ളം എവിടെ നിന്നു കിട്ടുന്നു, വൈദ്യുതി ഉണ്ടോ, ടോയ്‌ലറ്റ് സൗകര്യം, അഴുക്കുവെള്ളം കളയാനുള്ള സൗകര്യം, കുളിക്കാനുള്ള സൗകര്യം, ഗ്യാസ് കണക്ഷന്‍ ഉണ്ടോ, പാചകം ചെയ്യുന്നതിനുള്ള പ്രധാന ഇന്ധനം ഏത്, റേഡിയോ, ടി.വി തുടങ്ങിയവ ഉണ്ടോ എന്നീ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കണം.
വീടിന്റെ തറയിടാന്‍ ഉപയോഗിച്ചിരിക്കുന്ന സാമഗ്രി, മേല്‍ക്കൂര എന്തുകൊണ്ട് നിര്‍മിച്ചിരിക്കുന്നു, വീട്ടില്‍ എത്ര പേര്‍ താമസിക്കുന്നു. വീടിന്റെ പൊതുവായ അവസ്ഥ, കുടുംബത്തെ നയിക്കുന്നത് സ്ത്രീയോ പുരുഷനോ, വിവാഹിതര്‍ എത്ര തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. പട്ടികജാതി, പട്ടിക വര്‍ഗക്കാരാണോ എന്ന കാര്യവും പ്രത്യേകമായി രേഖപ്പെടുത്തും.
Related Articles
Next Story
Videos
Share it