ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയം തൽക്കാലം കുറയില്ല; മൂന്നു മാസത്തിനു ശേഷം തീരുമാനം

കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിൽ യോഗം കഴിഞ്ഞപ്പോൾ കാറിന് പുതിയ സീറ്റ് വെക്കണമെങ്കിൽ കൂടുതൽ വില കൊടുക്കേണ്ട സ്ഥിതിയായി. കാർ സീറ്റുകളുടെ നികുതി 18 ശതമാനമായിരുന്നത് 28 ശതമാനമാക്കി. ബൈക്കിന്റെ സീറ്റ് കവറിനുള്ള ജി.എസ്.ടിയുമായി ഏകീകരിക്കുന്നതിന്റെ ഭാഗമാണിത്.
കാൻസർ ചികിത്സക്കുളള മൂന്നു മരുന്നുകളുടെ വില കുറക്കാൻ തീരുമാനിച്ചത് രോഗികൾക്ക് ആശ്വാസകരം. ഓസി മെർറ്റിനിബ്, ഡുർവലുമാബ്, ട്രസ്റ്റുസുമാബ് ഡറുക്സിറ്റികാൻ എന്നീ മരുന്നുകളുടെ ജി.എസ്.ടി 12ൽ നിന്ന് അഞ്ചു ശതമാനമായി കുറക്കാനാണ് കൗൺസിലിന്റെ ശിപാർശ. ഈ മരുന്നുകളുടെ 10 ശതമാനം ഇറക്കുമതി തീരുവ ബജറ്റിലൂടെ ഒഴിവാക്കിയിരുന്നു.
മിക്ചർ, കേക്ക്, ബിസ്ക്കറ്റ്, ബ്രഡ് പേസ്ട്രി പോലുള്ള ലഘുഭക്ഷണ​ങ്ങൾക്ക് വില കുറയും. ഇവയുടെ 18 ശതമാനം നികുതി 12 ശതമാനമായി കുറച്ചു.

ഇൻഷുറൻസ് കാര്യം പഠിക്കാൻ സമിതി

ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിനുള്ള 18 ശതമാനം ജി.എസ്.ടി കുറക്കണമെന്ന ആവശ്യത്തിൽ തിരക്കിട്ടു തീരുമാനമില്ല. ഈ വിഷയം നവംബറിൽ ചേരുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യാൻ മാറ്റിവെച്ചിരിക്കുകയാണ്. വിഷയം പഠിക്കാൻ ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അധ്യക്ഷനായി സമിതിയെ നിയോഗിച്ചു. കേരള ധനമന്ത്രി കെ.എൻ ബാലഗോപാലും സമിതിയിൽ അംഗമാണ്. ഈ സമിതി ഒക്ടോബറിൽ റിപ്പോർട്ട് സമർപ്പിക്കും. ചില കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് സമിതിയെ നിയോഗിച്ചതെന്ന് ധനമന്ത്രി നിർമല സീതാരാമൻ യോഗത്തിനു ശേഷം വിശദീകരിച്ചു. ജി.എസ്.ടി നഷ്ടപരിഹാര സെസിന്റെ ഭാവി പഠിക്കാനും മന്ത്രിതല സമിതി രൂപവൽക്കരിച്ചു.
വ്യാപാരികളുടെ ബിസിനസ്-ടു-ബിസിനസ് (ബി-ടു-ബി) ഇടപാടുകൾക്കു പുറമെ ബിസിനസ്-ടു-കസ്റ്റമർ (ബി-ടു-സി) ഇടപാടുകൾക്കും ഇ-ഇൻവോയ്സ് രീതി ആരംഭിക്കാൻ ധാരണയായി. ഇപ്പോൾ ഇത് പൈലറ്റ് പദ്ധതി മാത്രമാണ്. കേരളം ഇതിനോട് യോഗത്തിൽ താൽപര്യം​ പ്രകടിപ്പിച്ചു. നിലവിൽ അഞ്ചു കോടിയിലേറെ രൂപ വാർഷിക വിറ്റുവരവുള്ള ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യാപാരികളുടെ ബി-ടു-ബി ഇടപാടുകൾക്കാണ് ഇ-ഇൻവോയ്സ് നിർബന്ധം. അവർ ഇ-ഇൻവോയ്സ് തയാറാക്കിയില്ലെങ്കിൽ സ്വീകരിക്കുന്നയാൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കില്ല. വ്യാജബില്ലുകൾ വഴിയുള്ള നികുതി വെട്ടിപ്പ് തടയാൻ ലക്ഷ്യമിടുന്ന പുതിയ നീക്കത്തി​ന്റെ ഭാഗമായി പ്രത്യേക പോർട്ടൽ തുടങ്ങും.
2,000 രൂപയിൽ താഴെയുള്ള ഇടപാടുകൾക്ക് ഓൺലൈൻ പേമെന്റ് അഗ്രിഗേറ്ററുകൾ ചുമത്തുന്ന ചാർജുകൾക്ക് ബാധകമാവുന്ന നികുതി സംബന്ധിച്ച തീരുമാനം ജി.എസ്.ടി ഫിറ്റ്മെന്റ് കമ്മിറ്റിയുടെ തീരുമാനത്തിനു വിട്ടിരിക്കുകയാണ്.
Related Articles
Next Story
Videos
Share it