ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാനവാര്‍ത്തകള്‍; ഒക്ടോബര്‍ 18

കേരളത്തിലും മാന്ദ്യം പിടിമുറുക്കുന്നുവെന്ന സൂചനയുമായി മദ്യം, പെട്രോള്‍, ഡീസല്‍ നികുതിവരുമാനം കുറഞ്ഞു; കൂടുതല്‍ വാര്‍ത്തകള്‍ ചുരുക്കത്തില്‍

repo rate slashed to 4.4%
1. കേരളത്തിലും മാന്ദ്യം പിടിമുറുക്കുന്നു; മദ്യം, പെട്രോള്‍, ഡീസല്‍ നികുതിവരുമാനം കുറഞ്ഞു

മാന്ദ്യം പിടിമുറുക്കുന്നുവെന്ന സൂചനയോടെ കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ചരക്ക്-സേവന നികുതിയുടെ (ജി.എസ്.ടി.) പരിധിയില്‍ വരാത്ത മദ്യം, പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്നുള്ള നികുതിവരുമാനം കുറഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുവരെ 740 കോടി രൂപയുടെ കുറവാണ് ഈയിനത്തിലുള്ളത്. മാന്ദ്യം സംസ്ഥാനത്ത് പിടിമുറുക്കുന്നതിന്റെ സൂചനയായി ധനവകുപ്പ് ഇതിനെ വിലയിരുത്തുന്നു.

2. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 20% വര്‍ധന

സൗത്ത് ഇന്ത്യന്‍ ബാങ്കിനു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 84.48 കോടി രൂപയുടെ അറ്റാദായം. കഴിഞ്ഞ തവണ ഇത് 70.13 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭം 309.78 കോടി രൂപയില്‍ നിന്ന് 411.45 കോടി രൂപയായി ഉയര്‍ന്നു. ട്രഷറി, വായ്പാ മേഖലകളിലെ പ്രവര്‍ത്തന പുരോഗതിയാണ് വളര്‍ച്ചയ്ക്കു കാരണം. മൊത്തം ബിസിനസ് 14,543 കോടി വര്‍ധിച്ച് 1,46,867 കോടി രൂപയായി. ട്രഷറി, വായ്പാ മേഖലകളിലെ പ്രവര്‍ത്തന പുരോഗതിയാണ് വളര്‍ച്ചയ്ക്കു കാരണമെന്നു മാനേജിംഗ് ഡയറക്ടര്‍ വി.ജി മാത്യു പറഞ്ഞു.

3. അദാനിയുമായി സംയുക്ത സംരംഭത്തിന് അഡ്നോക്ക്

അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്നോക്ക്) പെട്രോ കെമിക്കല്‍ ബിസിനസ്സിലേക്ക് പ്രവേശിക്കുന്നതിനായി അദാനി ഗ്രൂപ്പുമായി ചേരുന്നു. മുന്ദ്രയില്‍ (ഗുജറാത്ത്) ഒരു പ്ലാന്റ് സ്ഥാപിക്കുന്നതിനു സംയുക്ത സാധ്യതാ പഠനം നടത്താന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. പ്രമുഖ ജര്‍മ്മന്‍ കമ്പനിയായ ബിഎഎസ്എഫ് എസ്ഇയുമായി ജനുവരിയില്‍ അദാനി  ഈ മേഖലയില്‍ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു.

4. 1000 രൂപാ നോട്ട് ഉടനെന്ന പ്രചാരണം തെറ്റെന്ന് ആര്‍.ബി.ഐ.

ആയിരം രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍ വിപണിയിലെത്തുമെന്ന് സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതുവരെ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലന്ന് ആര്‍.ബി.ഐ. വക്താവ് യോഗേഷ് ദയാല്‍ വ്യക്തമാക്കി. പുതിയ ഡിസൈനിലുള്ള ആയിരം രൂപയുടെ നോട്ടിന്റെ ചിത്രംസഹിതമാണ് സന്ദേശം പ്രചരിക്കുന്നത്.

5. മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം; കെ ബാലകൃഷ്ണൻ കമ്മിറ്റി യോഗം ഇന്നും തുടരും

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി, ഫ്ലാറ്റുടമകളുടെ നഷ്ടപരിഹാരം നിർണയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ യോഗം ഇന്നും തുടരും. ഇന്നലെ 35 ഫ്ലാറ്റുടമകൾക്ക് കൂടി നഷ്ടപരിഹാരം നൽകാനുള്ള ശുപാർശ സമിതി സർക്കാരിന് കൈമാറിയിരുന്നു. ഇതിൽ മൂന്ന് പേർക്ക് മാത്രമാണ് 25 ലക്ഷം രൂപ ശുപാർശ ചെയ്തിട്ടുള്ളത്. ആകെ  49 പേർക്ക് നഷ്ടപരിഹാരം നൽകാനുള്ള നിർദ്ദേശമാണ് സമിതി സർക്കാരിന് നൽകിയത്. സമിതിക്ക് മുമ്പാകെയുള്ള ബാക്കി അപേക്ഷകളാണ് ഇന്ന് പരിശോധിക്കുക. 

LEAVE A REPLY

Please enter your comment!
Please enter your name here