ഹിസ്ബുള്ള തലവനെ വധിച്ചെന്ന് ഇസ്രയേല്‍, ഇറാന്റെ പരമോന്നത നേതാവ് ഒളിയിടത്തിലേക്ക് മാറി, ആരാണ് ഹസന്‍ നസറുള്ള ?

ലെബനനിലെ ഷിയ സായുധസംഘമായ ഹിസ്ബുള്ളയുടെ തലവന്‍ ഹസന്‍ നസറുള്ളയെ വ്യോമാക്രമണത്തില്‍ വധിച്ചതായി ഇസ്രയേല്‍ സൈന്യം. ഗാസയില്‍ ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയത് മുതല്‍ ഇസ്രയേലിന് തലവേദനയായിരുന്ന ഹിസ്ബുള്ളയ്ക്ക് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണിത്. ഇക്കാര്യത്തില്‍ ഹിസ്ബുള്ളയുടെ പ്രതികരണം ഇതുവരെയും പുറത്തുവന്നിട്ടില്ല. ലെബനനിലെ ആക്രമണത്തിന് പിന്നാലെ ഇറാനിലെ പരമോന്നത നേതാവായ ആയത്തുള്ള ഖുമൈനിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.

ഭൂഗര്‍ഭ അറയില്‍ ആക്രമണം

തെക്കന്‍ ലെബനനിലെ ദഹിയയിലുള്ള ഹിസ്ബുള്ളയുടെ ഭൂഗര്‍ഭ ആസ്ഥാനത്തില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് നസറുള്ള കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വാദം. ആളുകള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ അടിയിലാണ് ഭൂഗര്‍ഭ ആസ്ഥാനമുണ്ടായിരുന്നതെന്നും സൈന്യം പറയുന്നു. ഹിസ്ബുള്ളയുടെ മറ്റൊരു കമാന്‍ഡറായ അലി കറാക്കി ഉള്‍പ്പെടെയുള്ളവരും കൊല്ലപ്പെട്ടതായും സൈന്യം അവകാശപ്പെട്ടു. അതേസമയം, വെള്ളിയാഴ്ച രാത്രിയില്‍ നടന്ന ആക്രമണത്തില്‍ കുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടതായി ഖത്തര്‍ ആസ്ഥാനമായ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആരാണ് ഹസന്‍ നസറുള്ള

1982ലെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ രൂപം കൊണ്ട ഷിയ രാഷ്ട്രീയ-സായുധ സംഘമായ ഹിസ്ബുള്ളയെ ലെബനീസ് സൈന്യത്തേക്കാള്‍ ശക്തമായി കെട്ടിപ്പടുത്തയാളാണ് ഹസന്‍ നസറുള്ള. 1992ല്‍ അന്നത്തെ ഹിസ്ബുള്ള തലവന്‍ അബ്ബാസ് അല്‍ മുസാവി ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മുതല്‍ സംഘടനയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്ത് നസറുള്ളയുണ്ട്. മുസാവിയുടെ മരണത്തിന് പ്രതികാരമായി ലോകത്തിന്റെ വിവിധയിടങ്ങളില്‍ ഇസ്രയേലിനെ ലക്ഷ്യംവച്ച് ഹിസ്ബുള്ള നടത്തിയ ആക്രമണത്തില്‍ 30ലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് ബി.ബി.സിയിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2000ല്‍ നസറുള്ളയുടെ നേതൃത്വത്തില്‍ ഹിസ്ബുള്ള നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേല്‍ സൈന്യത്തിന് തെക്കന്‍ ലെബനനില്‍ നിന്ന് പിന്മാറേണ്ടിയും വന്നിരുന്നു. ഇസ്രയേലിന് നിരന്തരം തലവേദനയായിരുന്ന നസറുള്ളയെ കൊലപ്പെടുത്താന്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല.
മിഡില്‍ ഈസ്റ്റില്‍ ശക്തമായ സ്വാധീനമുള്ള നസറുള്ള ഏറെക്കാലമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. അവസാനം നടത്തിയ ടെലിവിഷന്‍ പ്രസംഗങ്ങളിലൊന്നില്‍ ലെബനനിലെ പേജര്‍ സ്‌ഫോടന പരമ്പരയിലൂടെ ഇസ്രയേല്‍ എല്ലാ പരിധികളും ലംഘിച്ചതായും ഹിസ്ബുള്ള ശക്തമായ മറുപടി നല്‍കുമെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ തന്നെ ചില മാധ്യമങ്ങള്‍ നസറുള്ളയെക്കുറിച്ചുള്ള കാര്യങ്ങളില്‍ അവ്യക്തതയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്നാണ് ഇസ്രയേല്‍ സൈന്യം ഔദ്യോഗിക പ്രതികരണം നടത്തുന്നത്. ഇക്കാര്യത്തില്‍ ലെബനീസ് ഭാഗത്ത് നിന്നും പ്രതികരണമുണ്ടായിട്ടില്ല.

പ്രതിരോധത്തിന്റെ അച്ചുതണ്ടിന് തിരിച്ചടി

ഇസ്രയേലിനെതിരെ ഇറാന്റെ നേതൃത്വത്തില്‍ വളര്‍ന്ന പ്രതിരോധത്തിന്റെ അച്ചുതണ്ടിന് (Axis of Resistance) ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണ് നസറുള്ളയുടെ മരണമെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. 32 വര്‍ഷമായി ഹിസ്ബുള്ളയെ നയിച്ച നസറുള്ളയുടെ അഭാവം സായുധസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കാനിടയുണ്ട്. 2020ല്‍ ഇറാനിയന്‍ ജനറല്‍ ഖാസിം സൊലൈമാനി കൊല്ലപ്പെട്ടതോടെ പ്രതിരോധത്തിന്റെ അച്ചുതണ്ടിന്റെ നേതാവായി മാറാന്‍ നസറുള്ളയ്ക്ക് കഴിഞ്ഞിരുന്നു. ഇറാന്‍, യെമനിലെ ഹൂതി വിഭാഗം, പലസ്തീനിലെ ഹമാസ്, ഇസ്ലാമിക് ജിഹാദ്, ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റന്‍സ്, ലെബനനിലെ ഹിസ്ബുള്ള എന്നിവരാണ് പ്രതിരോധത്തിന്റെ അച്ചുതണ്ടെന്ന് അറിയപ്പെടുന്നത്. സിറിയയിലെ ബഷാറുല്‍ അസാദ് സര്‍ക്കാരും സമാന നിലപാടുകാരനാണെങ്കിലും നിലവിലെ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെട്ടിട്ടില്ല. ഇവരെ കൂട്ടിയോജിപ്പിക്കുന്നതിലെ പ്രധാന കണ്ണിയായ നസറുള്ളയുടെ മരണം ഇസ്രയേല്‍ അടുത്തിടെ നേടിയ വലിയ വിജയങ്ങളിലൊന്നായാണ് വിലയിരുത്തല്‍.

ഇസ്രയേല്‍ അതീവ ജാഗ്രതയില്‍

അതേസമയം, നസറുള്ളയുടെ മരണത്തിന് പിന്നാലെ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ഇസ്രയേലില്‍ ജാഗ്രത ശക്തമാക്കി. നസറുള്ളയുടെ മരണത്തോടെ ഹിസ്ബുള്ള പിന്മാറുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ ഇസ്രയേല്‍ സൈനിക വക്താവ് രാജ്യം അതീവ ജാഗ്രതയിലാണെന്നും വ്യക്തമാക്കി. എന്നാല്‍ ഇസ്രയേല്‍ പൗരന്മാര്‍ക്ക് വേണ്ടി പ്രത്യേകമായി ജാഗ്രതാ നിര്‍ദ്ദേശമൊന്നും കൊടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇസ്രയേല്‍ സൈന്യം ലെബനനില്‍ നടത്തുന്ന വ്യോമാക്രമണം തുടരുകയാണ്.

ഖുമൈനി സുരക്ഷിത കേന്ദ്രത്തില്‍

അതേസമയം, നസറുള്ളയുടെ മരണവാര്‍ത്തയ്ക്ക് പിന്നാലെ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖുമൈനിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത നീക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി ഖുമൈനി ചര്‍ച്ച നടത്തിയിരുന്നു. അതേസമയം, ആയത്തുള്ള ഖുമൈനിയുടെ ആദ്യപ്രതികരണവും പുറത്തുവന്നിട്ടിട്ടുണ്ട്. മേഖലയിലെ എല്ലാ സായുധസംഘങ്ങളും ഹിസ്ബുള്ളയ്‌ക്കൊപ്പം നില്‍ക്കുമെന്നും ഇസ്രയേലിനെതിരെ യുദ്ധം തുടരുമെന്നും ഔദ്യോഗിക വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രതികരണത്തില്‍ പറയുന്നു. എല്ലാ മുസ്ലിങ്ങളും ലെബനനിലെ ജനങ്ങള്‍ക്കൊപ്പവും ഹിസ്ബുള്ളയ്‌ക്കൊപ്പവും നില്‍ക്കണമന്നും ഇതില്‍ പറയുന്നു.
Related Articles
Next Story
Videos
Share it