Begin typing your search above and press return to search.
താരങ്ങള്‍ക്ക് പ്രതിഫലം കോടികള്‍, ടീമുകളും ലാഭത്തില്‍; ഐ.പി.എല്ലില്‍ ഒഴുകുന്ന കോടികള്‍ വരുന്നതെവിടെ നിന്ന്?
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് (ഐ.പി.എല്‍) താരലേലത്തില്‍ കോടികളാണ് കളിക്കാര്‍ക്കായി ഫ്രാഞ്ചൈസികള്‍ വാരിയെറിയുന്നത്. ഞായറാഴ്ച ആദ്യ ദിനത്തിലെ ലേലത്തില്‍ താരമായത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് പന്തിനെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് (എല്‍.എസ്.ജി) സ്വന്തമാക്കിയത്.
27 കോടി രൂപയാണ് പന്തിനായി ഇന്ത്യന്‍ ബിസിനസ് ലോകത്തെ വമ്പന്മായ സഞ്ജീവ് ഗോയങ്കെ മുടക്കിയിരിക്കുന്നത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ലേലത്തുകയാണിത്. സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കുന്ന താരലേലത്തില്‍ ടീമുകളെല്ലാം വാരിക്കോരിയാണ് ചെലവഴിച്ചത്. പഞ്ചാബ് കിംഗ്‌സ് ശ്രേയസ് അയ്യരെ 26.75 കോടി രൂപയ്ക്കും സ്വന്തമാക്കി. അര്‍ഷദീപ് സിംഗ് (18 കോടി), ജോസ് ബട്‌ലര്‍ (15.75 കോടി), മിച്ചല്‍ സ്റ്റാര്‍ക്ക് (11.75 കോടി), കഗിസോ റബാഡ (10.75 കോടി) എന്നിങ്ങനെയാണ് ഇന്നലത്തെ റെക്കോഡ് ലേലംവിളികള്‍.
ടീമുകള്‍ക്ക് വരുമാനം എവിടെ നിന്ന്
ഐ.പി.എല്ലില്‍ കളിക്കുന്ന ഫ്രാഞ്ചൈസികളെല്ലാം ലാഭത്തിലാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് ലോകമെങ്ങുമുള്ള ജനപ്രീതിയാണ് ഇതിനു കാരണം. ടീമുകള്‍ക്ക് പ്രധാനമായും വരുമാനം ലഭിക്കുന്നത് സ്‌പോണ്‍സര്‍ഷിപ്പ്, ഗേറ്റ് കളക്ഷന്‍, ബി.സി.സി.ഐ സെന്‍ട്രല്‍ റവന്യു എന്നിങ്ങനെയാണ്. ഇതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന വരുമാനമാണ് ഏറ്റവും വലുത്. ടി.വി, ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം വില്‍ക്കുന്നതില്‍ നിന്ന് ലഭിക്കുന്ന വിഹിതത്തിന്റെ ഒരുപങ്ക് ടീമുകള്‍ക്കും അവകാശപ്പെട്ടതാണ്.
ടിക്കറ്റ് വില്പനയില്‍ നിന്നു ലഭിക്കുന്ന വിഹിതം പൂര്‍ണമായും അതാത് ഹോം ടീമുകള്‍ക്ക് അവകാശപ്പെട്ടതാണ്. ഇതില്‍ നിന്നുള്ള വരുമാനം സംഘാടകരുമായി പങ്കുവയ്‌ക്കേണ്ടതില്ല. ഐ.പി.എല്ലിലെ ഒട്ടുമിക്ക മല്‍സരങ്ങളുടെയും ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റഴിഞ്ഞു പോകാറുണ്ട്. മൊത്തം വരുമാനത്തിന്റെ 10 ശതമാനത്തോളമാണ് ടീമുകള്‍ക്ക് ടിക്കറ്റ് വില്പനയിലൂടെ ലഭിക്കുന്നത്. ഇത് ഓരോ ടീമുകള്‍ക്കും വ്യത്യസ്തമാണ്. കൂടുതല്‍ കപ്പാസിറ്റിയുള്ള കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് ഹോംഗ്രൗണ്ടാക്കിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ആണ് ഇക്കാര്യത്തില്‍ മുന്നില്‍.
സ്‌പോണ്‍സര്‍ഷിപ്പ് വരുമാനം
രണ്ടുമാസം കൊണ്ട് ബ്രാന്‍ഡുകള്‍ക്ക് വലിയ സ്വീകാര്യത കിട്ടുമെന്നതിനാല്‍ ഐ.പി.എല്‍ ടീമുകളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ വന്‍കിട കമ്പനികള്‍ മല്‍സരിക്കുകയാണ്. കോടികളാണ് സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ ടീമുകള്‍ക്ക് കിട്ടുന്നത്. പാന്‍ ഇന്ത്യ തലത്തില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും ഐ.പി.എല്‍ സൂപ്പര്‍ഹിറ്റാണ്. ഒരു ബ്രാന്‍ഡിനെ ആഗോളതലത്തില്‍ എത്തിക്കാന്‍ കമ്പനികള്‍ക്ക് ഐ.പി.എല്‍ സഹകരണം വഴി സാധിക്കുന്നു. ടീമുകളുടെ പ്രധാന സാമ്പത്തികസ്രോതസ് സ്‌പോണ്‍സര്‍ഷിപ്പ് തന്നെയാണ്. ഒട്ടുമിക്ക മുന്‍നിര ഇന്ത്യന്‍ ബ്രാന്‍ഡുകളും ഐ.പി.എല്‍ സമയത്ത് കോടികള്‍ പരസ്യത്തിനായി മുടക്കാറുണ്ട്.
Next Story
Videos