Begin typing your search above and press return to search.
ചൈനയിലേക്ക് നേരിട്ടുള്ള വിമാനം ഇനി എന്ന്? റൂട്ട് മാറ്റിപ്പിടിച്ച് കേരളത്തിലെ വ്യാപാരികള്‍
ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള വ്യാപാരികള്‍ ബിസിനസിന്റെ റൂട്ട് മാറ്റുന്നു. ദുബായ്,ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ബിസിനസ് പറിച്ചു നട്ടുള്ള പരീക്ഷണങ്ങള്‍ വിജയിക്കുന്നതായാണ് വിപണിയില്‍ നിന്നുള്ള പ്രതികരണങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വ്യാപാര സാധ്യത മുന്നില്‍ കണ്ട് ചൈനയിലേക്ക് കേരളത്തില്‍ നിന്ന് വിമാനം കയറിയിരുന്നവര്‍ ഇന്ന് കുറവാണ്. പകരം ദുബായ് പോലുള്ള നഗരങ്ങളിലൂടെയാണ് ചൈനീസ് വ്യാപാരം നടക്കുന്നത്. കേരളത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബിസിനസും ഗണ്യമായി കുറഞ്ഞു.
വിമാനം നിലച്ചിട്ട് നാലു വര്‍ഷം
ഇന്ത്യ-ചൈന സെക്ടറില്‍ വിമാന സര്‍വ്വീസ് നിലച്ചിട്ട് നാലു വര്‍ഷം കഴിഞ്ഞു. കോവിഡ് കാലത്ത് നിശ്ചലമായ വിമാന ഗതാഗതം കോവിഡാനന്തരം പുനരാരംഭിക്കുമെന്ന് കരുതിയെങ്കില്‍ ഇന്ത്യാ-ചൈന അതിര്‍ത്തി പ്രശ്‌നത്തിന്റെ പേരില്‍ വീണ്ടും മുടങ്ങി. ഇപ്പോഴും ഇരു രാജ്യങ്ങളും തമ്മില്‍ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും അതിര്‍ത്തിയില്‍ അയവു വരാത്തതിനാല്‍ പെട്ടെന്നൊരു തീരുമാനമുണ്ടാകാനുള്ള സാധ്യത കാണുന്നില്ല.
നേരത്തെ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കും തിരിച്ചും വ്യോമഗതാഗതം സജീവമായിരുന്നു. നേരിട്ടുള്ള 539 വിമാന സര്‍വീസുകളാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഒന്നും തന്നെയില്ല.
പുതിയ വഴി തേടി മലയാളികള്‍
വില കുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വിപണിയായി കേരളം വര്‍ഷങ്ങള്‍ക്ക് മുമ്പ് വളര്‍ന്നിരുന്നു. കളിപ്പാട്ടങ്ങള്‍ മുതല്‍ ടൈല്‍സ് ഉള്‍പ്പടെയുള്ള നിര്‍മ്മാണ വസ്തുക്കള്‍ വരെ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടു. പുത്തന്‍ വ്യവസായികള്‍ ചൈനയില്‍ നേരിട്ട് പോയി ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലക്ക് വാങ്ങി ഇറക്കുമതി ചെയ്ത് ലാഭമുണ്ടാക്കിയിരുന്നു. ചിലര്‍ സ്വന്തം ബ്രാന്റുകളാക്കി മാറ്റിയും വില്‍പ്പന നടത്തി. ചൈനയില്‍ നടക്കുന്ന വിവിധ എക്സിബിഷനുകളില്‍ മലയാളികളുടെ സാന്നിധ്യം ഏറെയുണ്ടായിരുന്നു. എന്നാല്‍ നേരിട്ടുള്ള വിമാനം നിലച്ചതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ഇപ്പോള്‍ ദുബായ് പോലുള്ള ഗള്‍ഫ് നഗരങ്ങളിലൂടെയാണ് മലയാളി ബിസിനസുകാരുടെ ചൈനീസ് യാത്രകള്‍ ഏറെയും. ഇന്ത്യയില്‍ നിന്ന് മലേഷ്യയിലെത്തി ചൈനയിലേക്ക് യാത്ര ചെയ്യുന്നവരുമുണ്ട്.
നഷ്ടം ചൈനക്കും
വിമാന സര്‍വ്വീസ് നിലച്ചതോടെ അതുവഴിയുള്ള ഇറക്കുമതി കുറഞ്ഞതായാണ് വ്യാപാരികള്‍ പറയുന്നത്. ഇന്ത്യാ സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ കാമ്പയിന് അത് ഗുണമാവുകയും ചെയ്തു. ചൈനീസ് ഉല്‍പ്പന്നങ്ങളേക്കാള്‍ വില കൂടുതലാണെങ്കിലും ഇന്ത്യയില്‍ സമാന സ്വഭാവമുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും വില്‍പ്പനയും വര്‍ധിച്ചിട്ടുണ്ട്. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാര കുറവ് ഉപയോക്താക്കളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയതോടെ അവയുടെ ഡിമാന്റിലും പിന്നീട് കുറവുണ്ടായി.
Next Story
Videos