പണമയച്ചപ്പോള്‍ യു.പി.ഐ അഡ്രസ് തെറ്റിപോയോ? പേടിക്കേണ്ട തിരിച്ചുകിട്ടാന്‍ വഴിയുണ്ട്

സുഹൃത്തിനോ കുടുംബാംഗങ്ങള്‍ക്കോ അബദ്ധവശാല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പ് വഴി പണം അയച്ചാല്‍ തിരിച്ചു കിട്ടാന്‍ എളുപ്പമാണ്. എന്നാല്‍ യാതൊരു പരിചയവുമില്ലാത്ത ആളുകള്‍ക്കാണ് പണം അയച്ചിരുന്നതെങ്കിലോ? യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) വിലാസം തെറ്റായി നടത്തിയ ഇടപാടുകളില്‍ പണം തിരികെ ലഭിക്കാനുള്ള സമഗ്രമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
സ്വീകര്‍ത്താവിനെ നേരിട്ട് സമീപിച്ച് കാര്യം ബോധ്യപ്പെടുത്തുകയെന്നതാണ് പണം തിരികെ ലഭിക്കാനുള്ള എളുപ്പമായ മാര്‍ഗം. എന്നാല്‍ ഇതത്ര എളുപ്പമല്ല. മറ്റ് വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം
യു.പി.ഐ ആപ്പ് വഴി
സ്വീകര്‍ത്താവിന്റെ സഹകരണം ഇല്ലങ്കില്‍ യു.പി.ഐ ആപ്പിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ട് ടീമിനെ അറിയിക്കുക. കൃത്യമായ തെളിവുകള്‍ ഉണ്ടെങ്കില്‍ റീഫണ്ട് പ്രക്രിയ ഉടന്‍ തന്നെ അവര്‍ ആരംഭിക്കും.
എന്‍.പി.സി.ഐയില്‍ പരാതിപ്പെടുക
ആപ്പിന്റെ ഉപഭോക്തൃ പിന്തുണയിലൂടെ പരിഹാരം ലഭിച്ചില്ലെങ്കില്‍, നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (NPCI) ഒരു പരാതി ഫയല്‍ ചെയ്യുക. കൂടുതല്‍ അന്വേഷണത്തിനായി ഇടപാട് വിശദാംശങ്ങളും അനുബന്ധ തെളിവുകളും നല്‍കുക.
നിങ്ങളുടെ ബാങ്കില്‍ നിന്ന് സഹായം തേടുക
തെറ്റായ ഇടപാടിനെക്കുറിച്ച് നിങ്ങളുടെ ബാങ്കിനെ അറിയിക്കുക. കൈമാറ്റം ചെയ്യപ്പെട്ട ഫണ്ടുകള്‍ വീണ്ടെടുക്കുന്നതിനുള്ള ഒരു ചാര്‍ജ്ബാക്ക് പ്രക്രിയ ആരംഭിക്കുന്നതിലൂടെ പണം തിരികെ എത്തിക്കാന്‍ സാധിക്കും
ടോള്‍ ഫ്രീ നമ്പറുകളിലേക്ക് വിളിക്കുക
തെറ്റായ യു.പി.ഐ വിലാസ ഇടപാട് നടന്നാല്‍ 1800-120-1740 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചു സഹായം നേടാം.
തെറ്റായ സ്‌കാനറില്‍ ആണ് പണം നിക്ഷേപിച്ചതെങ്കില്‍ നിങ്ങളുടെ യു.പി.ഐ ആപ്ലിക്കേഷന്റെ കസ്റ്റമര്‍ സപ്പോര്‍ട്ട് ടീമിന് ആവശ്യമായ വിശദാംശങ്ങള്‍ നല്‍കി റിപ്പോര്‍ട്ട് ചെയ്യുക. റീഫണ്ട് പ്രക്രിയയില്‍ അവര്‍ നിങ്ങളെ സഹായിക്കുകയും അടുത്ത നടപടികളെക്കുറിച്ചുള്ള നിര്‍ദ്ദേശം നല്‍കുകയും ചെയ്യും.

Related Articles

Next Story

Videos

Share it