ഇന്ന് നിങ്ങളറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂലൈ 24

1. ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറയും: ഐഎംഎഫ്

2020 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് മുൻപ് പ്രതീക്ഷിച്ചതിനേക്കാൾ കുറയുമെന്ന് ഐഎംഎഫ്. ഏപ്രിലിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ജിഡിപി 7.3 ശതമാനം വളർച്ച നേടുമെന്നാണ് ഐഎംഎഫ് പ്രവചിച്ചത്. എന്നാൽ ഇത് 7 ശതമാനത്തിലേക്ക് കുറയ്ക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. സ്വകാര്യ ഉപഭോഗത്തിലുണ്ടായ കുറവാണ് ഇതിന് കാരണമായി ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നത്.

2. 25% കോർപറേറ്റ് ടാക്സ് എല്ലാ കമ്പനികൾക്കും ബാധകമാക്കിയേക്കും

കോർപറേറ്റ് നികുതി സ്ലാബിൽ ഏറ്റവും കുറഞ്ഞ നിരക്കായ 25 ശതമാനം എല്ലാ കമ്പനികൾക്കും ഏർപ്പെടുത്തിയേക്കും. ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിൽ സംസാരിക്കവേയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ബജറ്റിൽ 99.3 ശതമാനം കമ്പനികൾക്കും 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

3. മൈൻഡ്ട്രീയ്ക്ക് പുതിയ സിഇഒയെ പ്രഖ്യാപിക്കും

മൈൻഡ്ട്രീയ്ക്ക് പുതിയ സിഇഒയെ എൽ&ടി പ്രഖ്യാപിക്കും. ഓഗസ്റ്റ് 2 നാണ് പ്രഖ്യാപിക്കുക. കമ്പനിയെ എൽ&ടി ഏറ്റെടുത്തതിന് പിന്നാലെ മുൻ സിഇഒ രാജിവെച്ചിരുന്നു. 60.59 ശതമാനം ഓഹരികൾ ഏറ്റെടുത്താണ് മൈൻഡ്ട്രീയെ എൽ&ടി സ്വന്തമാക്കിയത്.

4. ന്യൂസ് പ്രിന്റ് തീരുവ ഇന്ത്യൻ കമ്പനികളെ സഹായിക്കുമെന്ന് ധനമന്ത്രി

ഇറക്കുമതി ചെയ്യുന്ന ന്യൂസ് പ്രിന്റിന് 10 ശതമാനം കസ്റ്റംസ് ഡ്യൂട്ടി ചുമത്തിയത് രാജ്യത്തെ ന്യൂസ് പ്രിന്റ് ഫാക്ടറികളെ സഹായിക്കാനാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. അധിക ഡ്യൂട്ടി പിൻവലിക്കണമെന്ന് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി നേരത്തേ ആവശ്യപ്പെട്ടിരുന്നു.

5. നാഷണൽ പെർമിറ്റ് ലോറികൾക്ക് സംസ്ഥാനത്ത് നിയന്ത്രണം

നാഷണൽ പെർമിറ്റ് ലോറികൾക്ക് സംസ്ഥാനത്ത് പ്രവർത്തന നിയന്ത്രണം. മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത നാഷണൽ പെർമിറ്റ് ലോറികൾ കേരളത്തിനുള്ളിൽ തന്നെ ലോഡ് എടുത്ത് ഇവിടെത്തന്നെ ഇറക്കുന്നതിന് വിലക്കേർപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it